ഒറ്റരാത്രികൊണ്ട് 34 ഏക്കറിലെ കൃഷി അപ്രത്യക്ഷമായി; പരാതിയുമായി കർഷകന്‍

ഒറ്റരാത്രികൊണ്ട് 34 ഏക്കറിലെ കൃഷി അപ്രത്യക്ഷമായി; പരാതിയുമായി കർഷകന്‍

ഭോപ്പാൽ: മധ്യപ്രദേശിൽ കർഷകൻ ഉന്നയിച്ച വിചിത്രമായ പരാതി കേട്ട് ഒരുപോലെ അമ്പരന്നിരിക്കുകയാണ് പ്രാദേശിക ഭരണകൂടവും ഉദ്യോഗസ്ഥരും . തന്റെ 34 ഏക്കറോളം വരുന്ന കൃഷിഭൂമിയിലെ വിളകൾ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായെന്നാണ് കർഷകന്റെ അവകാശവാദം. സാഗർ ജില്ലയിലെ കിതുവ ഗ്രാമവാസിയായ പുഷ്പേന്ദ്ര ലോധിയാണ് മാസങ്ങളോളം നീണ്ട തന്റെ അധ്വാനം ഒരു നിമിഷം കൊണ്ട് ഇല്ലാതായെന്ന് പരാതിപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. വിളവെടുപ്പിന് പാകമായി നിന്നിരുന്ന ഗോതമ്പ്, കടല തുടങ്ങിയവയാണ് ഒരടയാളം പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായത്. വയലിൽ വിളവുകളോ, കൊയ്തുകൂട്ടിയ കെട്ടുകളോ ഒന്നുമില്ല. ഒന്നും വിതച്ചിട്ടില്ലാത്ത ഒരു പാഴ്നിലം പോലെയാണ് തന്റെ കൃഷിഭൂമി ഇപ്പോൾ കാണപ്പെടുന്നതെന്ന് അദ്ദേഹം അറിയിച്ചു. `രാവിലെ വയലിൽ ചെന്നപ്പോൾ എല്ലാം പോയിരിക്കുന്നു. സ്ലേറ്റ് മായിച്ചുകളഞ്ഞതുപോലെ... ആരോ എന്റെ അധ്വാനം മുഴുവൻ ഒറ്റരാത്രികൊണ്ട് തുടച്ചുനീക്കി' ഞെട്ടൽ മാറാതെ പുഷ്പേന്ദ്ര അറിയിച്ചു. കൃഷിക്കായി വൻതുകയാണ് പുഷ്പേന്ദ്ര ചിലവഴിച്ചത്. കുടുംബം പുലർത്താൻ കൃഷിയിൽ നിന്ന് നല്ലൊരു വരുമാനം ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കും വലിയ സാമ്പത്തിക നഷ്ടത്തിനും മുന്നിലാണ് ഈ കർഷകന്‍. 34 ഏക്കറിലെ വിളകൾ ഒറ്റരാത്രികൊണ്ട് കൊയ്തെടുക്കുക എന്നത് അസാധ്യമാണ്. അതുകൊണ്ട് തന്നെ ഇരുട്ടിന്റെ മറവിൽ കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ച് ആരോ വിളവ് കടത്തിയതാകാമെന്ന് അദ്ദേഹം ആരോപിച്ചു. `ഇത് കൈകൊണ്ട് ചെയ്യാൻ പറ്റുന്നതല്ല. ആരോ യന്ത്രങ്ങൾ കൊണ്ടുവന്ന് എല്ലാം കൊയ്തെടുത്തു. ഇതൊരു കൃത്യമായ പ്ലാനിംഗിലൂടെ നടത്തിയതാണ്' അദ്ദേഹം ആരോപിച്ചു. സംഭവം നടന്നയുടൻ ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് പുഷ്പേന്ദ്ര അറിയിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയെത്തുടർന്ന് പുഷ്പേന്ദ്ര കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. തന്റെ ഉപജീവനമാർഗം നഷ്ടപ്പെട്ടുവെന്നും നീതി ലഭിച്ചില്ലെങ്കിൽ കുടുംബം പട്ടിണിയിലാകുമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകിയിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കർഷകന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒറ്റരാത്രികൊണ്ട് 34 ഏക്കറിലെ കൃഷി അപ്രത്യക്ഷമായി; പരാതിയുമാ… | Boolokam