ഒളിമ്പിക്സിൽ ട്രാൻസ്ജെൻഡർ താരങ്ങൾക്ക് വിലക്ക്; വനിത വിഭാഗത്തിൽ ഇനി 'ബയോളജിക്കൽ' സ്ത്രീകൾ മാത്രം, നീതി ഉറപ്പാക്കാനെന്ന് ഐ.ഒ.സി

ഒളിമ്പിക്സിൽ ട്രാൻസ്ജെൻഡർ താരങ്ങൾക്ക് വിലക്ക്; വനിത വിഭാഗത്തിൽ ഇനി 'ബയോളജിക്കൽ' സ്ത്രീകൾ മാത്രം, നീതി ഉറപ്പാക്കാനെന്ന് ഐ.ഒ.സി

M
MadhyamamSource Link
ന്യൂഡൽഹി: കായികലോകത്ത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) നിർണായക തീരുമാനം. ഇനി മുതൽ ഒളിമ്പിക്സിലെ വനിത വിഭാഗം മത്സരങ്ങളിൽ ട്രാൻസ്ജെൻഡർ താരങ്ങൾക്ക് പങ്കെടുക്കാനാവില്ല. വനിത കായിക താരങ്ങളുടെ സുരക്ഷയും തുല്യനീതിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ യോഗ്യതാ മാനദണ്ഡം ഐ.ഒ.സി പുറത്തിറക്കിയത്. പുതിയ നയമനുസരിച്ച്, ഒളിമ്പിക്സിലെ വ്യക്തിഗത ഇനങ്ങളിലും ടീം ഇനങ്ങളിലും വനിതാ വിഭാഗത്തിൽ മത്സരിക്കണമെങ്കിൽ ജന്മനാ സ്ത്രീയായിരിക്കണം . ഇത് ഉറപ്പാക്കാൻ 'എസ്.ആർ.വൈ ജീൻ സ്ക്രീനിങ്' എന്ന പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ് മുതൽ ഈ നിയമം കർശനമായി നടപ്പിലാക്കും. കായികരംഗത്തെ അന്തസ്സും നീതിയും സംരക്ഷിക്കാനാണ് ഈ നീക്കമെന്നാണ് ഐ.ഒ.സി അധികൃതരുടെ വിശദീകരണം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വനിത കായികരംഗത്തെക്കുറിച്ച് പുറപ്പെടുവിച്ച എക്സിക്യൂട്ടിവ് ഓർഡറിനോട് ചേർന്നുനിൽക്കുന്നതാണ് ഐ.ഒ.സിയുടെ പുതിയ നയം. ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന നിലയിൽ അമേരിക്കയുടെ നിലപാട് ഇതിൽ നിർണായകമായി. നേരത്തെ അത്‍ലറ്റിക്സ്, നീന്തൽ, സൈക്ലിങ് തുടങ്ങിയ പ്രമുഖ കായിക ഫെഡറേഷനുകൾ ട്രാൻസ്ജെൻഡർ താരങ്ങളെ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒളിമ്പിക് കമ്മിറ്റിയും ഔദ്യോഗികമായി ഈ തീരുമാനം എടുത്തത്. പുരുഷനായി ജനിച്ചവർക്ക് കായിക മത്സരങ്ങളിൽ സ്വാഭാവികമായും ലഭിക്കുന്ന ശാരീരികമായ മുൻതൂക്കം സ്ത്രീകളുമായി മത്സരിക്കുമ്പോൾ നീതികേടാണെന്ന് ഐ.ഒ.സി ചൂണ്ടിക്കാട്ടുന്നു. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കായികക്ഷമതയിൽ വലിയ വ്യത്യാസമുണ്ടാക്കുന്നുവെന്ന പഠന റിപ്പോർട്ടും ഐ.ഒ.സി പുറത്തുവിട്ടു. കരുത്തും വേഗതയും ആവശ്യമായ മത്സരങ്ങളിൽ ഇത് പ്രകടമാണെന്നും റിപ്പോർട്ട് പറയുന്നു. പുതിയ നിയമം ട്രാൻസ്ജെൻഡർ താരങ്ങളെ മാത്രമല്ല, ഹോർമോൺ വ്യതിയാനമുള്ള വനിതാ താരങ്ങളെയും ബാധിക്കും. രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനായ കാസ്റ്റർ സെമന്യ ഉൾപ്പെടെയുള്ള താരങ്ങൾക്ക് പുതിയ നിബന്ധനകൾ വെല്ലുവിളിയാകും. അതേസമയം, സാധാരണ ക്ലബ് തലത്തിലോ വിനോദത്തിനായുള്ള കായിക മത്സരങ്ങൾക്കോ ഈ നിയമം ബാധകമല്ല.കായിക ചരിത്രത്തിലെ ആദ്യ വനിത ഐ.ഒ.സി പ്രസിഡന്റായ കിർസ്റ്റി കോവെൻട്രി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ വലിയ തീരുമാനമാണിത്. മനുഷ്യാവകാശങ്ങളും കായിക നീതിയും തമ്മിലുള്ള പുതിയൊരു പോരാട്ടത്തിന് ഈ തീരുമാനം വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒളിമ്പിക്സിൽ ട്രാൻസ്ജെൻഡർ താരങ്ങൾക്ക് വിലക്ക്; വനിത വിഭാഗത്… | Boolokam