ഓവുചാൽ നവീകരണം വൈകുന്നു; ശ്രീകണ്ഠപുരത്ത് പൊടി തിന്ന് വ്യാപാരികളും യാത്രക്കാരും

ഓവുചാൽ നവീകരണം വൈകുന്നു; ശ്രീകണ്ഠപുരത്ത് പൊടി തിന്ന് വ്യാപാരികളും യാത്രക്കാരും

M
MadhyamamSource Link
ശ്രീകണ്ഠപുരം: നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിലെ ഓവുചാൽ നവീകരണം പൂർത്തിയാകാത്തതിൽ പ്രതിഷേധത്തിൽ വ്യാപാരികൾ. നിർമാണം തുടങ്ങിയിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. സബ് ട്രഷറി ഉൾപ്പെടെയുള്ള ഓഫിസുകളും നിരവധി വ്യാപാര സ്ഥാപനങ്ങളുമുള്ള ഇവിടെ പണി വൈകുന്നതിനാൽ ദുരിതം തുടരുകയാണ്. 29 ലക്ഷം ചെലവിട്ടാണ് നവീകരിക്കുന്നത്. ബസ് സ്റ്റാൻഡിനും സാമാ ബസാറിനും ഇടയിൽ നേരത്തെ വെള്ളം ഒഴുകി പോകാൻ സ്ഥാപിച്ച ചെറിയ പൈപ്പുകൾ മാറ്റിയാണ് ആഴവും വീതിയും കൂട്ടി ഓട നിർമിക്കുന്നത്. ചെറിയ പൈപ്പുകളായിരുന്നതിനാൽ വെള്ളമൊഴുകാൻ തടസ്സമുണ്ടായിരുന്നു. കനത്ത മഴയിൽ ശ്രീകണ്ഠപുരം നഗരത്തിലെ പല സ്ഥലങ്ങളിലും വെള്ളം കയറുന്നതിനും ഇത് കാരണമാകാറുണ്ട്. വ്യാപാരികളെ ഉൾപ്പെടെ ദുരിതത്തിലാക്കുന്ന ഈ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഭരണസമിതി ഓവുചാൽ പണിയാൻ തുക അനുവദിച്ചത്. പണി തുടങ്ങിയപ്പോൾതന്നെ താഴെ ചളി കൂടുതലായതിനാൽ പ്രതീക്ഷിച്ചതിലും അധികം സമയം വേണ്ടിവന്നെന്നാണ് അധികൃതർ പറയുന്നത്. 75 ശതമാനം പണി പൂർത്തിയായി. അവശേഷിക്കുന്ന പണി ചെയ്യാൻ ഒരു വൈദ്യുതി തൂൺകൂടി മാറ്റേണ്ടതുണ്ടായിരുന്നു. തൂൺ മാറ്റിസ്ഥാപിച്ചിട്ടും പണി പുനരാരംഭിച്ചില്ല. ഓവുചാൽ നിർമാണം കഴിഞ്ഞാൽ ബസ് സ്റ്റാൻഡിൽ റീ ടാറിങ് നടത്തേണ്ടതുണ്ട്. ബസ് സ്റ്റാൻഡിനും നഗരസഭ കെട്ടിടങ്ങൾക്കും ഇടയിലെ റോഡ് ഇതിനോടകം ഇന്റർലോക്ക് വിരിച്ച് ബലപ്പെടുത്തുകയുംചെയ്തിട്ടുണ്ട്. സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റിനടുത്ത ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പും മാറ്റിവേണം റീ ടാറിങ് നടത്താൻ. ഇതിനായി ജലസേചന വകുപ്പിനോട് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. കാലവർഷം തുടങ്ങാൻ രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോൾ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ. കോൺക്രീറ്റ് സാമഗ്രികളും മറ്റും നിലവിൽ ബസ് സ്റ്റാൻഡിൽ കൂട്ടിയിട്ടതിനാൽ ബസുകൾക്ക് പോകാൻ വലിയ പ്രയാസമാണുള്ളത്. ഒപ്പം പൊടി കാരണം വ്യാപാരികളും യാത്രക്കാരും അനുഭവിക്കുന്ന പ്രയാസം വേറെയുമുണ്ട്. എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായിട്ടും അധികൃതർ സംഭവം ഗൗരവത്തിലെടുത്തിട്ടില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓവുചാൽ നവീകരണം വൈകുന്നു; ശ്രീകണ്ഠപുരത്ത് പൊടി തിന്ന് വ്യാപാ… | Boolokam