ലോസ് ഏഞ്ചല്‍സ്: ഓസ്‌കർ വേദിയിൽ സിന്നേഴ്സ് എന്ന ചിത്രത്തിലൂടെ ചരിത്രം കുറിച്ച് ഔട്ടം ഡുറാൾഡ് അർക്കപാ. മികച്ച സിനിമാറ്റോഗ്രഫിക്കുള്ള പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ വനിതയാണ് ഔട്ടം. 98 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പുരസ്‌കാരം നേടുന്നത്. വലിയ ഐമാക്സ് 65mm (Imax 65mm), അൾട്രാ പനാവിഷൻ (Ultra Panavision) ഫോർമാറ്റുകളിൽ ചിത്രം ഷൂട്ട് ചെയ്യുന്ന ആദ്യ വനിത കൂടിയാണ് 46കാരിയായ ഔട്ടം. 2018ലെ 'ബ്ലാക്ക് പാന്തർ: വക്കാൻഡ ഫോറെവർ' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ റയാൻ കൂഗ്ലറുമായി ഔട്ടം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'സിന്നേഴ്സ്'. 1930കളിലെ മിസിസിപ്പി പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം വാമ്പയർമാരുടെയും ബ്ലൂസ് സംഗീതത്തിന്റെയും പശ്ചാത്തലത്തിൽ കറുത്തവർഗ്ഗക്കാരുടെ കലയെയും സംസ്കാരത്തെയും അടയാളപ്പെടുത്തുന്നു. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ രംഗം ഒരു ഗ്രാമീണ ജുക്ക് ജോയിന്റിൽ (സംഗീത ശാല) കറുത്തവർഗ്ഗക്കാരായ സംഗീതജ്ഞർ നൃത്തം ചെയ്യുന്നതാണ്. ഈ രംഗത്ത് കാമറ കത്തുന്ന മേൽക്കൂരയിലൂടെ മുകളിലേക്ക് ഉയരുന്ന ദൃശ്യം ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റി. ഓസ്‌കർ പുരസ്കാരത്തിന് മുന്നോടിയായി നിരവധി ക്രിട്ടിക്സ് അവാർഡുകൾ ഔട്ടം സ്വന്തമാക്കിയിരുന്നു. കൂടാതെ ബാഫ്റ്റ, ക്രിട്ടിക്സ് ചോയ്സ്, അമേരിക്കൻ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേഴ്സ് അവാർഡുകളിലും ഔട്ടം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. പുരസ്കാരം സ്വീകരിച്ചുകൊണ്ട് ഔട്ടം നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. സദസ്സിലുണ്ടായിരുന്ന എല്ലാ സ്ത്രീകളോടും എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അവർ പറഞ്ഞു. ‘നിങ്ങളുടെ ഈ സാന്നിധ്യവും പിന്തുണയുമില്ലാതെ എനിക്ക് ഇവിടെ എത്താൻ കഴിയില്ലായിരുന്നു’. ഔട്ടം ഡുറാൾഡ് അർക്കപാ സിനിമാറ്റോഗ്രഫി വിഭാഗത്തിൽ ഓസ്‌കർ നാമനിർദേശം ലഭിക്കുന്ന നാലാമത്തെ വനിതയാണ് ഔട്ടം ഡുറാൾഡ് അർക്കപാ. റേച്ചൽ മോറിസൺ (മഡ്‌ബൗണ്ട്), അരി വെഗ്നർ (ദ പവർ ഓഫ് ദ ഡോഗ്), മാൻഡി വാക്കർ (എൽവിസ്) എന്നിവരാണ് ഈ വിഭാഗത്തിൽ മുമ്പ് നാമനിർദേശം ലഭിച്ച മറ്റ് മൂന്നുപേർ. 98-ാമത് അക്കാദമി അവാർഡുകൾ ഹോളിവുഡിലെ ഡോൾബി തിയറ്ററിലാണ് നടന്നത്. പ്രശസ്ത കൊമേഡിയന്‍ കോനന്‍ ഒബ്രയന്‍ ആണ് ചടങ്ങിന്റെ അവതാരകന്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഒബ്രയന്‍ ചടങ്ങില്‍ അവതാരകനായി എത്തുന്നത്. ഇന്ത്യന്‍ നടി പ്രിയങ്ക ചോപ്രയും ഇത്തവണ പുരസ്‌കാരങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയിലുണ്ട്. ഹോളിവുഡ് താരങ്ങളായ റോബര്‍ട്ട് ഡൗണി ജൂനിയര്‍, ആനി ഹാത്ത്വേ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക അവതാരകയാകുന്നത്.

ഓസ്‌കർ ചരിത്രത്തിൽ വിസ്മയം തീർത്ത് ഔട്ടം ഡുറാൾഡ് അർക്കപാ; സിനിമാറ്റോഗ്രഫിയിൽ പുരസ്കാരം നേടുന്ന ആദ്യ വനിത
M
MadhyamamSource Link
about 2 months ago