തൃശൂർ: അഖിലേന്ത്യ പൊലീസ് ഷൂട്ടിങ് മത്സരത്തിൽ കേരള പൊലീസിന് അഭിമാനമായി തൃശൂർ സിറ്റി പൊലീസിലെ ഷൂട്ടിങ് താരം എൻ.ടി. ശരത്തിന് വെങ്കല നേട്ടം. ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന 26ാമത് ചാമ്പ്യൻഷിപ്പിൽ പിസ്റ്റൾ-റിവോൾവർ വിഭാഗത്തിലാണ് ശരത്ത് വെങ്കലമെഡൽ കരസ്ഥമാക്കിയത്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഈ വിഭാഗത്തിൽ കേരള പൊലീസിന് ഒരു മെഡൽ സ്വന്തമാകുന്നത്. മാർച്ച് 22 മുതൽ 30 വരെ ഗുരുഗ്രാമിലെ സി.ആർ.പി.എഫ് ഗ്രൂപ് സെന്ററിലായിരുന്നു മത്സരം. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര സായുധ പൊലീസ് സേനകളിൽ നിന്നുമായി 103 താരങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. ഇതിൽ കേരള പൊലീസിനെ പ്രതിനിധീകരിച്ച് 21 പേർ പങ്കെടുത്തു. കടുത്ത പോരാട്ടത്തിനൊടുവിലാണ് തൃശൂർ സിറ്റി ആംഡ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസറായ ശരത്ത് തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്. ചേർപ്പ് എച്ച്.ബി കനാൽ സ്വദേശിയാണ്. ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടം കരസ്ഥമാക്കിയ താരത്തെ തൃശൂർ സിറ്റി പൊലീസ് കമീഷണർ നകുൽ ആർ. ദേശ്മുഖ് അഭിനന്ദിച്ചു.

ഓൾ ഇന്ത്യ പൊലീസ് ഷൂട്ടിങ്; കേരള പൊലീസിന് അഭിമാനമായി തൃശൂർ സിറ്റിയുടെ ശരത്ത്
M
MadhyamamSource Link
23 days ago