ദോഹ: ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ സിറിയൻ പ്രസിഡന്റ് അഹമദ് അൽ ഷറാ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് രാജ്യങ്ങളിലുള്ള പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം ദോഹയിലെത്തിയത്. അമീരി ദിവാനിൽ നടന്ന ചർച്ചയിൽ, പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ കൂടെയുള്ള പ്രതിനിധി സംഘത്തെയും ഖത്തർ അമീർ സ്വാഗതം ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സുപ്രധാന വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ കൂടിയാലോചിച്ചു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി, കൂടാതെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സിറിയൻ വിദേശകാര്യ, പ്രവാസി മന്ത്രി അസദ് അൽ ഷൈബാനി, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു. പരസ്പര താൽപര്യമുള്ള പ്രധാന വിഷയങ്ങൾ ഇരുപക്ഷവും പങ്കുവെച്ചു. തുടർന്ന് സിറിയൻ പ്രസിഡന്റിനും പ്രതിനിധി സംഘത്തിനും ഉച്ചഭക്ഷണ വിരുന്നും അമീർ ഒരുക്കിയിരുന്നു. സിറിയൻ നേതൃത്വവുമായി വളരെ അടുത്ത നയതന്ത്ര ബന്ധമാണ് ഖത്തറിനുള്ളത്. 13 വർഷത്തെ ഇടവേളക്ക് ശേഷം സിറിയയിൽ ഖത്തർ എംബസി തുറന്നത് അഹമദ് അൽ ഷറാ അധികാരത്തിൽ വന്നതോടെയാണ്. ഭരണമാറ്റത്തിന് ശേഷം സിറിയയിൽ ആദ്യ സന്ദർശനം നടത്തിയ ലോകനേതാവും ഖത്തർ അമീറായിരുന്നു. നിലവിൽ സിറിയയുടെ പുനർനിർമാണം, സാമ്പത്തിക സഹകരണം, നിക്ഷേപം എന്നിവയിൽ ഖത്തർ വലിയ പങ്കുവഹിക്കുന്നുണ്ട്.

ഔദ്യോഗിക സന്ദർശനം ഖത്തർ അമീർ -സിറിയൻ പ്രസിഡന്റ് കൂടിക്കാഴ്ച
M
MadhyamamSource Link
17 days ago