കടം വാങ്ങിയ സ്വർണവും പണവും തിരികെ ചോദിച്ചു; വീട്ടമ്മയെ മുൻ ജോലിക്കാരി കൊന്ന് ചാക്കിലാക്കി, സംഭവം ഗുജറാത്തിൽ

കടം വാങ്ങിയ സ്വർണവും പണവും തിരികെ ചോദിച്ചു; വീട്ടമ്മയെ മുൻ ജോലിക്കാരി കൊന്ന് ചാക്കിലാക്കി, സംഭവം ഗുജറാത്തിൽ

M
MadhyamamSource Link
പാലൻപൂർ (ഗുജറാത്ത്) : കടം വാങ്ങിയ പണവും സ്വർണവും തിരികെ ചോദിച്ചതിന് ഗുജറാത്തിലെ പാലൻപൂരിൽ വീട്ടമ്മയെ മുൻ വീട്ടുജോലിക്കാരി കൊലപ്പെടുത്തി. ശാന്തി ബെൻ അകെഡിവാലയെ മുൻ വീട്ടുജോലിക്കാരിയും സുഹൃത്തുമായ രേഖ റാത്തോഡ് ആസൂത്രിതമായി കൊന്നത്. മാർച്ച് 22 മുതൽ കാണാതായ ശാന്തി ബെന്നിന്റെ മൃതദേഹം ഒടുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ഷോറൂമിന്റെ ബേസ്‌മെന്റിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 15 വർഷത്തിലേറെയായി ശാന്തി ബെന്നിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു രേഖ. ആദ്യം വീട്ടുജോലിക്കാരിയായി എത്തിയ ഇവർ പിന്നീട് ശാന്തി ബെന്നിന്റെ അടുത്ത സുഹൃത്തായി മാറി. സ്വന്തമായി ഫർണിച്ചർ ബിസിനസ് തുടങ്ങാൻ ഒരു വർഷം മുമ്പ് ശാന്തി ബെന്നിൽനിന്ന് വലിയൊരു തുക പണമായും സ്വർണാഭരണങ്ങളായും രേഖ കടമായി വാങ്ങിയിരുന്നു. എന്നാൽ, ബിസിനസ് പച്ചപിടിച്ചില്ലെന്ന് മാത്രമല്ല, വാങ്ങിയ പണം തിരികെ നൽകാൻ രേഖ തയാറായതുമില്ല. വാങ്ങിയ സ്വർണവും പണവും ശാന്തി ബെൻ കർശനമായി തിരികെ ആവശ്യപ്പെട്ടതോടെയാണ് രേഖ കൊലപാതകം ആസൂത്രണം ചെയ്തത്. മാർച്ച് 22ന് പണം നൽകാമെന്ന് പറഞ്ഞ് ശാന്തി ബെന്നിനെ തന്റെ ഫർണിച്ചർ ഷോപ്പിലേക്ക് രേഖ വിളിച്ചുവരുത്തി. അവിടെ വെച്ച് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം നാല് സഹായികളുടെ സഹായത്തോടെ ശാന്തി ബെന്നിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം ചാക്കിലാക്കി കെട്ടി, പാലൻപൂരിലെ ആരുമില്ലാത്ത ഒരു പഴയ ഷോറൂമിന്റെ താഴത്തെ നിലയിൽ കൊണ്ടുപോയി തള്ളി. ശാന്തി ബെന്നിനെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഫോറൻസിക് തെളിവുകളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. രേഖയുടെ പങ്ക് വ്യക്തമായതോടെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. എന്നാൽ, പ്രതികളെ പരസ്യമായി പൊതുജനമധ്യത്തിലൂടെ നടത്തിക്കണമെന്നും മാതൃകാപരമായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ശാന്തി ബെന്നിന്റെ മകൾ നാൻസിയും സഹോദരി കൈലാഷ് ബെന്നും പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ആദ്യം മൃതദേഹം ഏറ്റുവാങ്ങാൻ പോലും ഇവർ തയാറായിരുന്നില്ല. മുഖ്യപ്രതി രേഖ റാത്തോഡും ഒരു സഹായിയും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഒളിവിൽ പോയ മറ്റു മൂന്നു പ്രതികൾക്കായി പൊലീസ് പ്രത്യേക സംഘം തിരച്ചിൽ ഊർജിതമാക്കി. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ശാന്തി ബെന്നിന് നൽകിയ മയക്കുമരുന്ന് ഏതാണെന്നും കവർന്ന സ്വർണം എവിടെയാണെന്നും കണ്ടെത്താൻ പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കടം വാങ്ങിയ സ്വർണവും പണവും തിരികെ ചോദിച്ചു; വീട്ടമ്മയെ മുൻ… | Boolokam