പത്തനാപുരം: കൊട്ടിഘോഷിച്ച് തുടങ്ങിയ കെ.എസ്.ആർ.ടി.സിയുടെ പ്രീമിയം ബസുകൾ കട്ടപ്പുറത്തായി. പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മികച്ച കലക്‌ഷൻ ലഭിച്ച പുതിയ എ.സി പ്രീമിയം ബസുകളാണ് വീണ്ടും കട്ടപ്പുറത്തായത്. 10 ദിവസമായി കോയമ്പത്തൂരിലേക്ക് സർവിസില്ല. ഇതുമൂലം കോയമ്പത്തൂരിലേക്കുള്ള യാത്രക്കാർ ദുരിതത്തിലായിട്ടുണ്ട്. രാത്രി 7.50ന് പുറപ്പെട്ട് പുലർച്ചെ കോയമ്പത്തൂരിലെത്തുന്ന സർവിസാണ് നിലച്ചത്. പല ബസുകളുടെയും എൻജിൻ തകരാറാണ് കാരണമെന്നാണ് സൂചന. മാസത്തിൽ പല തവണ ബസ് തകരാറാവുന്നുണ്ട്. ശരിയാക്കി തിരിക്കെയെത്തിച്ചാൽ രണ്ട് ദിവസം ഓടുമ്പോഴേക്കും വീണ്ടും തകരാറിലാകും. രണ്ട് എ.സി ബസുകളാണ് പത്തനാപുരത്തുനിന്ന് കോയമ്പത്തൂരിലേക്ക് സർവിസ് നടത്തുന്നത്. രണ്ടിന്റെയും അവസ്ഥ ഒരുപോലെയാണ്. വേനൽ കടുത്തതോടെ എ.സി ബസുകൾക്കാണ് ദീർഘദൂര യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഇത്തരം സമയങ്ങളിൽ ബസ് തകരാറിലായത് ഡിപ്പോയുടെ വരുമാനത്തെയും ബാധിക്കും. ഇടവേളയില്ലാതെ സർവിസ് നടത്തുന്നതാണ് തുടർച്ചയായി ബസ് തകരാറിലാവാൻ കാരണമെന്ന് ബസ് കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. നിലവിൽ രാവിലെ ആറിന് പത്തനാപുരത്തുനിന്ന് എറണാകുളത്തേക്ക് സർവിസ് നടത്തുന്ന ബസ്, തിരികെ നാലിന് പത്തനാപുരത്തെത്തും. ശേഷം രാത്രി 7.50ന് കോയമ്പത്തൂരിലേക്ക് പുറപ്പെടും. പിറ്റേ ദിവസം ഉച്ചക്ക് തിരിച്ച്, രാത്രി 10ന് ശേഷം മടങ്ങിയെത്തും. ഓരോ സർവിസിന് ശേഷവും മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ഇടവേളയുള്ളത്. ഇത്രയും സമയം പോരെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാവിലെ എറണാകുളത്തേക്കുള്ള സർവിസ് ഒഴിവാക്കിയാൽ ബസിന്റെ തകരാറിൽ വലിയൊരു ശതമാനം പരിഹരിക്കാമെന്നും ഇവർ പറയുന്നു. എന്നാൽ, വലിയ കലക്‌ഷൻ ലഭിക്കുന്നതിനാൽ എറണാകുളം സർവിസ് ഒഴിവാക്കുന്ന കാര്യം നടപ്പുള്ളതല്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്.

കട്ടപ്പുറത്തായി കെ.എസ്.ആർ.ടി.സി പ്രീമിയം ബസുകൾ: കോയമ്പത്തൂരിലേക്ക് സർവിസില്ല, എൻജിൻ തകരാറെന്ന് സൂചന
M
MadhyamamSource Link
21 days ago