സുൽത്താൻ ബത്തേരി: ഞായറാഴ്ച വൈകീട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും പൂതാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. വീടുകൾക്ക് മുകളിലും റോഡിലും നിരവധിമരങ്ങൾ കടപുഴകി. വിവിധയിടങ്ങളിൽ വൈദ്യുതി ലൈനുകൾ തകർന്നു. ആർക്കും പരിക്കില്ല. വൈകീട്ട് നാലോടെയാണ് കാറ്റും മഴയും തുടങ്ങിയത്. പാപ്ലശ്ശേരി-മൂന്നാനക്കുഴി റോഡിന് കുറുകെ മരം വീണു. പത്തോളം വീടുകളാണ് പാപ്ലശേരി ഭാഗത്ത് മാത്രം തകർന്നത്. തെങ്ങ് ഉൾപ്പെടെയുള്ള മരങ്ങളാണ് വീടുകൾക്ക് മുകളിലേക്ക് വീണത്. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിലും കനത്തമഴയായിരുന്നു. കല്ലുവയലിൽ ചിങ്കിളി മുസ്തഫയുടെ പറമ്പിലെ തെങ്ങ് മിന്നലിൽ കത്തി. അഗ്നിരക്ഷസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ദേശീയപാതയിൽ ദൊട്ടപ്പൻകുളത്ത് ട്രാൻസ്ഫോർമറിന് മിന്നലിൽ തീപിടിച്ചു. മീനങ്ങാടി: ഞായറാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വേനൽമഴയിൽ നാശനഷ്ടം. പാപ്ലശേരിയിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നു. വൈദ്യുതി ലൈനുകൾൾക്ക് മുകളിൽ മരങ്ങൾ വീണു. മൂന്നാനക്കുഴിയിൽ റേഡിലേക്ക് മരം വീണു. മീനങ്ങാടിയിലും നടവയിലും ശക്തമായ മഴയാണ് കിട്ടിയത്. വെള്ളമുണ്ടയിലും കാറ്റിലും മഴയിലും നാശം വെള്ളമുണ്ട: വെള്ളമുണ്ടയിൽ കനത്ത കാറ്റിലും മഴയിലും വൻനാശം. വൻമരങ്ങൾ കടപുഴകി. വൈദ്യുതി ബന്ധം താറുമാറായി. വെള്ളമുണ്ട എട്ടേനാൽ, ഏഴേനാൽ ഭാഗങ്ങളിലാണ് മരങ്ങൾ കടപുഴകി വീണത്. വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളും കാറ്റിൽ പറന്നുപോയി.
