കേളകം: ചൂട് കനത്തതോടെ രാജവെമ്പാലകൾ കൂട്ടത്തോടെ മലയിറങ്ങുന്നു. ഇരക്കൊപ്പം ഈർപ്പവും തേടിയാണ് പാമ്പുകൾ പുറത്തിറങ്ങുന്നത്. കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഒരാഴ്ചക്കിടെ നിരവധി രാജവെമ്പാലകളെയാണ് പിടികൂടിയത്. ആറളം പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കിലെ തങ്കയുടെ 327ാം നമ്പർ പ്ലോട്ടിൽനിന്ന് തിങ്കളാഴ്ച കൂറ്റൻ രാജവെമ്പാലയെ കണ്ണൂർ മാർക്ക് സംഘടനയുടെ പ്രവർത്തകനും വനംവകുപ്പിൽ താൽക്കാലിക വാച്ചറുമായ ഫൈസൽ വിളക്കോട് പിടികൂടി. 108ാമത്തെ രാജവെമ്പാലയെയാണ് ഫൈസൽ പിടികൂടിയത്. നാല് വർഷത്തിനിടെയാണ് ഇത്രയും രാജവെമ്പാലകളെ അദ്ദേഹം പിടികൂടിയത്. ഈ കാലയളവിൽ രാജവെമ്പാല ഉൾെപ്പടെ ഏകദേശം മൂവായിരത്തോളം പാമ്പുകളെ പിടികൂടിയിട്ടുണ്ട് ഇദ്ദേഹം. ചൂട് കനത്തതോടെ രാപ്പകൽ വ്യത്യാസമില്ലാതെയാണ് പാമ്പുകൾ പുറത്തിറങ്ങുന്നതെന്ന് ഫൈസൽ പറഞ്ഞു. കണ്ണൂർ ജില്ലയിൽ കൊട്ടിയൂർ, കേളകം, കണ്ണവം വനമേഖലകളിൽനിന്നാണ് രാജവെമ്പാലകൾ കൂട്ടത്തോടെ ഇറങ്ങുന്നത്. എലിമാളങ്ങൾ നശിപ്പിക്കുകയും ഭക്ഷണ അവശിഷ്ടങ്ങൾ തള്ളുന്നതു വഴി എലികൾ പെരുകാനുള്ള സാധ്യത ഒഴിവാക്കുകയുമാണ് പ്രതിവിധിയെന്ന് അദ്ദേഹം പറഞ്ഞു.
