തിരുവനന്തപുരം: പകുത്ത് നൽകിയ പ്രാണനെ കൺനിറയെ കാണാൻ പിടയ്ക്കുന്ന നെഞ്ചോടെയാണ് അവർ കാത്തിരുന്നത്. കിലുങ്ങുന്ന കൊലുസ്സും കൈനിറയെ കരിവളയുമണിഞ്ഞെത്തിയ കുഞ്ഞു ദ്രിയയെ നെഞ്ചോടു ചേർത്തപ്പോൾ ഇരുവരുടെയും ഉള്ളിലെ സങ്കടക്കടൽ സ്നേഹമായി പെയ്തിറങ്ങി. കണ്ണീർ നനഞ്ഞ് കുതിർന്നുവീഴാൻ പാകത്തിലായ വാക്കുകളിൽ അവർ ദ്രിയയെ കൊഞ്ചിച്ചു, ഒടുവിൽ പിടിച്ചുനിർത്താനാകാത്ത വൈകാരികതയിലേക്ക് വഴുതിവീണു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്തനംതിട്ട മല്ലപ്പള്ളിയിലെ ആലിന്റെ കരളുകൾ ഏറ്റുവാങ്ങിയ നെയ്യാറ്റിൻകരയിലെ ഒമ്പത് മാസം പ്രായമുള ദ്രിയയെ കാണാനെത്തിയതായിരുന്നു ആലിന്റെ മാതാപിതാക്കളായ അരുണും ഷെറിനും. കരൾമാറ്റ ശസ്ത്രക്രിയ നടന്ന തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു വൈകാരിക കൂടിക്കാഴ്ച. സ്വന്തം പൊന്നോമനയുടെ കരൾ മറ്റൊരു കുഞ്ഞിൽ തുടിക്കുന്നത് കണ്ടപ്പോൾ വെറുമൊരു കണ്ടുമുട്ടലിനപ്പുറം കാലം തിരികെനൽകിയ സ്നേഹത്തിന്റെ പുനർജന്മമായിരുന്നു ഇരുവർക്കും. ഉച്ച രണ്ടരക്കാണ് ചടങ്ങ് നിശ്ചയിച്ചതെങ്കിലും നേരത്തേതന്നെ അരുണും ഷെറിനും എത്തിയിരുന്നു. അമ്മ ദിവ്യക്കും അമ്മൂമ്മ സുനിതക്കുമൊപ്പമാണ് ഒമ്പത് മാസം പ്രായമുള്ള ദ്രിയയുടെ വരവ്. ആലിന്റെ മാതാപിതാക്കളുടെ അരികിലാൽ തന്നെയാണ് ഇവരും ഇരുന്നത്. പിന്നാലെ അരുൺ കുഞ്ഞിനെ വാങ്ങി ഷെറിന്റെ കൈകളിലേക്ക് നൽകി. കുഞ്ഞുദ്രിയയുടെ കണ്ണുകളിലേക്ക് ഏറെനേരം നോക്കിയിരുന്ന ഷെറിൻ, പിന്നാലെ കുഞ്ഞുകൈവിരലുകളിൽ തലോടി. ആലിന്റെ ശൂന്യതയിൽ, ദ്രിയയുടെ പുഞ്ചിരിയും വിടർന്ന കണ്ണുകളും അവർക്കൊരു സാന്ത്വനമായി. ഇതിനിടെയാണ് ഷെറിൻ വിതുമ്പിപ്പോയത്. കുഞ്ഞും ചെറുതായി ചിണുങ്ങി. ഇതോടെ ദ്രിയ, അമ്മൂമ്മയുടെ കരങ്ങളിലേക്ക്. സങ്കടം മാറിയ ശേഷം വീണ്ടും കുഞ്ഞിനെ നൽകി. ഷെറിൻ ഏറെനേരം ദ്രിയയെ മാറോട് ചേർത്തുവെച്ചു. പിന്നാലെ ഒന്നിച്ചുനിന്ന് ഫോട്ടോയുമെടുത്തു. യാത്രപറയാൻ നേരം ഫോൺ നമ്പർ വാങ്ങിയാണ് മടങ്ങിയത്. ആശുപത്രിയിലെ കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരലിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.

കരളാണ് പൊന്നേ; പകുത്തുനൽകിയ പ്രാണൻ പുഞ്ചിരിയായി കൺമുന്നിൽ
M
MadhyamamSource Link
17 days ago