കരൂർ ദുരന്തം: നടൻ വിജയിയെ സി.ബി.ഐ ഏഴ് മണിക്കൂർ ചോദ്യം ചെയ്തു

കരൂർ ദുരന്തം: നടൻ വിജയിയെ സി.ബി.ഐ ഏഴ് മണിക്കൂർ ചോദ്യം ചെയ്തു

M
MadhyamamSource Link
ന്യൂഡൽഹി: തമിഴ്‌നാട്ടിലെ കരൂരിൽ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തു. ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് വെച്ച് ഞായറാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ ഏഴ് മണിക്കൂറോളം നീണ്ടുനിന്നു. രാവിലെ എത്തിയ വിജയിയെ വൈകുന്നേരം 6 മണി വരെയാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും സംഘാടനത്തിലെ വീഴ്ചകളെക്കുറിച്ചും വിശദമായ മൊഴി രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് ഹാജരാകാൻ 15 ദിവസത്തെ സമയം വിജയ് ആവശ്യപ്പെട്ടിരുന്നെങ്കിലും സി.ബി.ഐ ഇത് നിരസിച്ചു. കൂടാതെ, ചെന്നൈയിലോ തമിഴ്‌നാട്ടിലെ മറ്റ് ഓഫീസുകളിലോ വെച്ച് ചോദ്യം ചെയ്യണമെന്ന ആവശ്യവും ഏജൻസി തള്ളി. ആദ്യം എസ്.ഐ.ടി അന്വേഷിച്ച കേസ് പിന്നീട് സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് സി.ബി.ഐക്ക് കൈമാറിയത്. നിലവിൽ കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ വിജയ് സി.ബി.ഐ ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയ തന്റെ ആരാധകരെ അഭിവാദ്യം ചെയ്ത ശേഷമാണ് മടങ്ങിയത്. കേസില്‍ വിജയിയെ നേരത്തെ രണ്ടുതവണ ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ തവണത്തെ ചോദ്യംചെയ്യലിൽ ശേഖരിച്ച ചില വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് വീണ്ടും വിളിച്ചുവരുത്തിയതെന്നാണ് വിവരം. കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് വിജയിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടിക്കിടെയാണ് കരൂരിൽ ദുരന്തമുണ്ടായത്. റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനായിരം പേരെ ഉൾക്കൊള്ളുന്ന സ്ഥലത്ത് കൂടുതൽ പേർ തിങ്ങിനിറഞ്ഞതും വിജയ് പരിപാടിക്ക് ആറ് മണിക്കൂർ വൈകി എത്തിയതുമെല്ലാം ദുരന്തത്തിന് കാരണമായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കരൂർ ദുരന്തം: നടൻ വിജയിയെ സി.ബി.ഐ ഏഴ് മണിക്കൂർ ചോദ്യം ചെയ്ത… | Boolokam