തലേന്ന് രാത്രി കണ്ട സ്വപ്നങ്ങളുടെ ആധിക്യംമൂലം വളരെ നേരത്തേയാണ് കാർത്തിക് ഉണർന്നത്. ഉണർന്നിട്ടും കിടക്കയിൽതന്നെ കുറച്ചധികം നേരം അയാൾ ചെലവഴിച്ചു. പല വർണത്തിലും നിറത്തിലും കണ്ട സ്വപ്നങ്ങളിലൂടെ ഒന്നുകൂടി യാത്രചെയ്യാൻ അവൻ ഏറെ ആഗ്രഹിച്ചു. കഥകൾ ഏറെ ഇഷ്ടമുള്ള ആളാണ് കാർത്തികിന്റെ അച്ഛൻ, ഹരികൃഷ്ണൻ. അച്ഛന്റെ അടുത്തുപോയി കെട്ടിപ്പിടിച്ചു കിടന്ന് സ്വപ്നം വിവരിക്കാനായി തൊട്ടടുത്ത മുറിയിലേക്ക് അയാൾ മന്ദം മന്ദം നടന്നു. പവർ കൂടിയ കണ്ണട മെല്ലെ മുഖത്ത് വെച്ചായിരുന്നു ആ നടപ്പ്. ‘‘ഗുഡ് മോർണിങ് അച്ഛാ’’ എന്ന് കാർത്തിക് ഉരുവിട്ടപ്പോൾ, ‘‘ഗുഡ് മോർണിങ് മൈ ഡിയർ സൺ’’ എന്നുപറഞ്ഞ് അവന്റ കയ്യിൽ ഒന്ന്... തലേന്ന് രാത്രി കണ്ട സ്വപ്നങ്ങളുടെ ആധിക്യംമൂലം വളരെ നേരത്തേയാണ് കാർത്തിക് ഉണർന്നത്. ഉണർന്നിട്ടും കിടക്കയിൽതന്നെ കുറച്ചധികം നേരം അയാൾ ചെലവഴിച്ചു. പല വർണത്തിലും നിറത്തിലും കണ്ട സ്വപ്നങ്ങളിലൂടെ ഒന്നുകൂടി യാത്രചെയ്യാൻ അവൻ ഏറെ ആഗ്രഹിച്ചു. കഥകൾ ഏറെ ഇഷ്ടമുള്ള ആളാണ് കാർത്തികിന്റെ അച്ഛൻ, ഹരികൃഷ്ണൻ. അച്ഛന്റെ അടുത്തുപോയി കെട്ടിപ്പിടിച്ചു കിടന്ന് സ്വപ്നം വിവരിക്കാനായി തൊട്ടടുത്ത മുറിയിലേക്ക് അയാൾ മന്ദം മന്ദം നടന്നു. പവർ കൂടിയ കണ്ണട മെല്ലെ മുഖത്ത് വെച്ചായിരുന്നു ആ നടപ്പ്. ‘‘ഗുഡ് മോർണിങ് അച്ഛാ’’ എന്ന് കാർത്തിക് ഉരുവിട്ടപ്പോൾ, ‘‘ഗുഡ് മോർണിങ് മൈ ഡിയർ സൺ’’ എന്നുപറഞ്ഞ് അവന്റ കയ്യിൽ ഒന്ന് തലോടി. ‘‘ഇന്നലെ രാത്രി സ്വപ്നങ്ങളുടെ വിസ്ഫോടനമായിരുന്നു.’’ ‘‘നീതന്നെ ആയിരുന്നോ അതിലെ രാജാവ്?’’ ‘‘അതെ, പറക്കുന്ന രാജാവ്.’’ ‘‘ഹോ! ഒരുനാൾ നീ ഈ ലോകം കീഴടക്കും.’’ ‘‘അമ്മ ഇത് വല്ലതും കേൾക്കുന്നുണ്ടോ?’’ എന്നായി കാർത്തിക്. ‘‘ഉണ്ട് എന്റെ ചെറുക്കാ,’’ എന്ന് പതിഞ്ഞസ്വരത്തിൽ കാർത്തികിന്റെ അമ്മ സിനി പറഞ്ഞു. ‘‘തുടക്കത്തിൽ ഞാൻ ഒരു കറുത്ത ഹെലികോപ്ടർ ഓടിച്ച് ഉയരങ്ങൾ തേടി പറന്നുയർന്നു. അപ്പോൾ എനിക്ക് സൂപ്പർഹീറോയുടെ തലയെടുപ്പോടെയുള്ള വേഷമായിരുന്നു. നീല പുതപ്പ് പുതച്ചുകിടക്കുന്ന കോഴിക്കോട് ബീച്ചിന്റെയും പല ശബ്ദങ്ങൾ നിറഞ്ഞ തിരക്കേറിയ നഗരത്തിന്റെയും മുകളിലൂടെ ഉയർന്നും താഴ്ന്നും ഞാൻ പറന്ന് നടന്നു.’’ ‘‘ഹോ! ഗംഭീരം കാർത്തി’’ എന്നായി ഹരി. ‘‘എന്നിട്ട്, ആ ഹെലികോപ്ടർ എവിടെ?’’ എന്ന് സിനി ചോദിച്ചപ്പോൾ, അവൻ കിടക്കയിൽനിന്ന് എഴുന്നേറ്റ് കർട്ടൻ നീക്കിയിട്ട് വീടിന്റെ മുൻവശത്തേക്കുള്ള ജനൽ തുറന്ന് കിണർ ഇരിക്കുന്ന മൂലയിലേക്ക് വിരൽചൂണ്ടിയിട്ട് പറഞ്ഞു, ‘‘ഞാൻ ആ കിണറിന്റെ മുകളിലായാണ് എന്റെ കറുത്ത കുട്ടനെ തളച്ചത്.’’ ‘‘ഇന്ന് നമുക്ക് നിന്റെ കറുത്ത ഹെലികോപ്ടറിൽ ബീച്ചിലേക്ക് പോകാം’’ എന്ന് അഭിമാനപൂർവം ഹരി പറഞ്ഞു. ‘‘തീർച്ചയായും അച്ഛാ.’’ ഹരി റെഡിയായി വന്നപ്പോഴേക്കും, ഇപ്പോഴും കൊടുമുടിയിൽതന്നെ നിൽക്കുന്ന കാർത്തിക് നല്ല കടുപ്പത്തിൽ മൂന്നു പേർക്കും കൂടി ചായ ഉണ്ടാക്കി. എന്നിട്ട് പറഞ്ഞു, ‘‘എല്ലാവർക്കും ഇതാ നല്ല ചായ റെഡി.’’ കാർത്തിക് ഉണ്ടാക്കിയ ചായയുടെ വ്യത്യസ്തമായ രുചി എല്ലാവരുടെയും മുഖത്തു തെളിഞ്ഞു. ‘‘ഹെലികോപ്ടറിൽ ഇന്ധനം കുറവായതുകൊണ്ട് നമുക്ക് എന്റെ ചുവപ്പ് ബുള്ളറ്റിലാകാം ബീച്ചിലേക്കുള്ള യാത്ര,’’ കാർത്തിക് പറഞ്ഞു. അച്ഛൻ ഒരു കുട്ടിയെപ്പോലെ തലയാട്ടിക്കൊണ്ട് സമ്മതം മൂളി. സിനി രാവിലത്തേക്കുള്ള ആഹാരം പാചകം ചെയ്യുന്നതിനുള്ള തിരക്കിലേക്ക് വിഹരിച്ചുകൊണ്ട് അടുക്കളയിലേക്ക് പ്രവേശിച്ചു. വീടിന്റെ ഉമ്മറത്തുകൂടി ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നപ്പോൾ രണ്ടുപേരുടെയും നോട്ടം ആ കിണറിന്റെ വശത്തേക്കൊന്നു പാളി. ഹെലികോപ്ടർ അവിടെയിരിക്കുന്ന പ്രതീതി അവർക്ക് അനുഭവപ്പെട്ടു. ഒരു പച്ചത്തവള അവരുടെ മുന്നിലൂടെ ഉയർന്നു ചാടി. കാർത്തിക് ബുള്ളറ്റ് ചവിട്ടി സ്റ്റാർട്ടാക്കിയപ്പോൾ ഉയർന്നു വന്ന ‘‘കുട് കുട് ’’ ശബ്ദത്തിന്റെ അകമ്പടിയോടെ അവർ മുന്നോട്ടുനീങ്ങി. ഹരി തന്റെ മകന്റെ തോളിൽ തലവെച്ചിരുന്നുകൊണ്ട് അവന്റെ ചെവിയിൽ പലതും മന്ത്രിച്ചുകൊണ്ടിരുന്നു. കാർത്തിയാവട്ടെ അയാളുടെ മുഖത്തേക്ക് വീശിയടിക്കുന്ന കാറ്റും ചെവിയിൽ അലയടിക്കുന്ന സരസ്വതിയും ഒന്നുപോലെ ആസ്വദിച്ചുകൊണ്ട് ബീച്ച് റോഡിലൂടെ കുതിച്ചുപാഞ്ഞു. ബീച്ചിൽ ശിൽപങ്ങൾ ഉള്ള ഭാഗത്ത് വാഹനം പാർക്ക് ചെയ്ത് ടൈൽസ് പതിപ്പിച്ചിടത്ത് അവർ കയറിനിന്നു. പലതരം വ്യായാമം ചെയ്തുകൊണ്ടിരിക്കുന്ന ആളുകളുടെ ഊർജ്വസ്വലത ആ അന്തരീക്ഷം പിന്നെയും മിഴിവുറ്റതാക്കി. 98 കിലോയോളം വരുന്ന പൊക്കം കുറഞ്ഞ ഒരാൾ കൈ കറക്കികൊണ്ട് ഓടിവരുന്നതിനിടയിൽ ഇടത്തോട്ട് ചരിഞ്ഞുവീഴാൻ പോയി. അത് കണ്ടുനിന്ന ഒരു ചെറിയ കുട്ടി അറിയാതെ ചിരിച്ചുപോയി. അപ്പോഴാണ് മറ്റേതോ ലോകത്തേക്ക് പോകുന്ന മട്ടിൽ കയ്യും വീശി എവിടന്നോ പൊട്ടിവിരിഞ്ഞപോലെ ഒരു പെൺകുട്ടി വന്നത്. അവൾ കറുത്ത പർദയും ഗുച്ചിയുടെ ചുവപ്പ് ഷൂവും ചെവിയിൽ വില കൂടിയ ഹെഡ്സെറ്റും, അരയിൽ ഫ്ലൂറസെന്റ് പച്ചനിറത്തിലുള്ള ഒരു ബാഗും ധരിച്ചിരുന്നു. അച്ഛനും മകനും വേറിട്ട കാഴ്ചകൾ കൗതുകപൂർവം കണ്ടുകൊണ്ട് തിടുക്കത്തിൽ നടന്നു. ‘‘ഇത്രയും മനോഹരമായ ഒരു ലോകത്താണല്ലേ നമ്മൾ ഉള്ളത്,’’ ഉല്ലാസവാനായി ചിരി വിടർത്തിക്കൊണ്ട് കാർത്തിക് പറഞ്ഞു. നടപ്പൊക്കെ കഴിഞ്ഞ് ‘സുപ്രഭാതം’ ഹോട്ടലിലെ ചൂടുള്ള ഫിൽറ്റർ കോഫിയുടെ ലഹരിയിൽ കാർത്തിക് ഒരു കിങ്‌സ് സിഗരറ്റ് കൊതിയോടെ വലിച്ചു. തിരിച്ചുപോരുമ്പോൾ കടലിന്റെ മണം ഉള്ളിലിറ്റി. ബുള്ളറ്റിന്റെ ശബ്ദംകേട്ട് സിനി അവർ വരുന്നത് അടുക്കളവശത്തുള്ള ജനലിലൂടെ നോക്കിനിന്നു. അപ്പോൾ സിനി എന്തോ പിറുപിറുത്തുകൊണ്ട് പുട്ടുകുറ്റിക്കിട്ട് ഒരു കുത്തുകൊടുത്തു. ‘‘ദേ കിടക്കുന്നു, പവിത്രമായ പുട്ട്.’’ അവർ രണ്ടുപേരും നടന്നുവന്നപ്പോൾ കണ്ട കാഴ്ച അവരെ പരിഭ്രമത്തിലാഴ്ത്തി. കറുത്ത ഹെലികോപ്ടർ അതാ കിണറിന്റെ മുകളിൽ വെട്ടിത്തിളങ്ങി ഇരിക്കുന്നു! കാർത്തിക് ഞെട്ടിത്തരിച്ചുപോയി. അപ്പോഴാണ് ഹരി അത് ശ്രദ്ധിച്ചത്, ഇടത്തരം വെയിൽ ഉണ്ടായിട്ടുപോലും ആ ഹെലികോപ്ടറിന് നിഴൽ ഉണ്ടായിരുന്നില്ല. ഞെട്ടലിൽനിന്ന് കരകയറാനാവാതെ നിന്ന ഹരിയുടെ കാലിലേക്ക് ആച്ചത്തവള ചാടിയതും അയാൾ ‘‘അയ്യോ’’ എന്ന് ഉച്ചത്തിൽ അലറി വിളിച്ചുപോയി. ‘‘എന്താ അച്ഛാ?’’ ‘‘ഹോ തവള ആയിരുന്നോ? " എന്ന് ഹരി ആശ്വസിച്ചു. ‘‘ആ തവള ഇവിടെ തന്നെയാണ് താമസമെന്നാ തോന്നുന്നേ.’’ ‘‘പാവം മനുഷ്യൻ’’ എന്ന് കാർത്തിക് തന്റെ ദേഹിയോട് മന്ത്രിച്ചു.
