തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിനായി രൂപവത്കരിച്ച പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമീഷൻ പ്രവർത്തനം ആരംഭിച്ചു. നിയമസഭ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. മൂന്നുമാസമാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ള കാലാവധി. ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റാനുകൂല്യങ്ങൾ, സേവന വ്യവസ്ഥകൾ എന്നിവയാണ് കമീഷൻ പരിശോധിക്കുക. ഇതിൽ അവർക്ക് ലഭ്യമായ സ്ഥാനക്കയറ്റ സാധ്യതകളും മറ്റ് അധിക ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നത് സംബന്ധിച്ച ശിപാർശകളും സമർപ്പിക്കും. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അധ്യക്ഷനായ കമീഷനിൽ അഡ്വ. എം. രാജഗോപാലൻ നായർ, റിട്ട. ധനകാര്യ അഡീഷനൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളാണ്. ധനവകുപ്പ് അഡീഷനൽ സെക്രട്ടറി വി.ആർ. ശോഭ കമീഷൻ സെക്രട്ടറിയായി പ്രവർത്തിക്കും. ധനവകുപ്പിൽനിന്നുള്ള 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം കമീഷന്റെ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. സർക്കാർ വകുപ്പുകൾ, സർവിസ് സംഘടനകൾ, വ്യക്തികൾ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കും. ഇതിനായി പ്രത്യേക ഫോം തയാറാക്കിയിട്ടുണ്ട്. സർക്കാർ ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, കാഷ്വൽ സ്വീപ്പർമാർ, എയ്ഡഡ് സ്കൂൾ-കോളജ് അധ്യാപകർ, തദ്ദേശ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ജീവനക്കാർ തുടങ്ങിയവർ പരിഷ്കരണത്തിന്റെ പരിധിയിൽവരും. എന്നാൽ യു.ജി.സി/എ.ഐ.സി.ടി.ഇ സ്കെയിൽ ലഭിക്കുന്നവരെയും കേന്ദ്ര ശമ്പള സ്കെയിൽ നിലവിലുള്ള മെഡിക്കൽ കോളജ് അധ്യാപകർ, ജുഡീഷ്യൽ ഓഫിസർമാർ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. പുതിയ ശമ്പള പരിഷ്കരണത്തിന് 2024 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നാണ് നേരത്തെയുള്ള ഉത്തരവിൽ വ്യക്തമാക്കിയത്. നിലവിലെ ശമ്പള ഘടനയ്ക്ക് പുറമെ പ്രമോഷൻ സാധ്യതകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കമീഷൻ പരിശോധിക്കും. ദീർഘകാലമായി എൻട്രി കേഡറിൽ തന്നെ തുടരുന്ന ഗസറ്റഡ്, നോൺ-ഗസറ്റഡ് വിഭാഗങ്ങളിൽപ്പെട്ട വിവിധ തസ്തികകളിലെ ജീവനക്കാർക്കായി ‘നോൺ-കേഡർ പ്രൊമോഷൻ’ നടപ്പിലാക്കുന്നതിനെപ്പറ്റിയുള്ള സാധ്യതകൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും.

കാത്തിരിപ്പിനൊടുവിൽ ശമ്പള കമീഷൻ പ്രവർത്തനമാരംഭിച്ചു
M
MadhyamamSource Link
about 1 month ago