കാമ്പയിൻ ഫണ്ട് തിരിമറി: ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് കുറ്റക്കാരനെന്ന് കോടതി

കാമ്പയിൻ ഫണ്ട് തിരിമറി: ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് കുറ്റക്കാരനെന്ന് കോടതി

M
MadhyamamSource Link
ഹൂസ്റ്റൺ: ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ആദ്യ ഇന്ത്യൻ വംശജനായ ജഡ്ജി കെ.പി. ജോർജ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സമാഹരിച്ച തുക സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തു എന്ന കേസിലാണ് നടപടി. അമേരിക്കൻ നിയമപ്രകാരം രണ്ട് മുതൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്നാം നിരയിലുള്ള ഗുരുതരമായ കുറ്റകൃത്യമാണ് ഇദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്. ഇത് പ്രകാരം 2 മുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. ശിക്ഷാവിധി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ ഇദ്ദേഹത്തിന് ഔദ്യോഗിക സ്ഥാനത്ത് നിന്നും പുറത്തുപോകേണ്ടി വരും. തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിൽ നിന്നും 46,000 ഡോളറിലധികം (ഏകദേശം 38 ലക്ഷത്തിലധികം രൂപ) സ്വന്തം വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റി എന്നതാണ് കെ.പി. ജോർജിനെതിരെയുള്ള പ്രധാന ആരോപണം. ഈ തുക കാർ പേയ്‌മെന്റുകൾക്കും മറ്റ് വ്യക്തിഗത ചിലവുകൾക്കുമായി ഉപയോഗിച്ചതായി പ്രോസിക്യൂഷൻ കണ്ടെത്തി. കാമ്പയിൻ ഫണ്ട് റിപ്പോർട്ടുകളിൽ അദ്ദേഹം കള്ളം രേഖപ്പെടുത്തുകയും അർഹതപ്പെട്ടതിനേക്കാൾ കൂടുതൽ തുക കൈവശപ്പെടുത്തുകയും ചെയ്തതായി അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി കാതറിൻ പീറ്റേഴ്സൺ കോടതിയിൽ വാദിച്ചു. എന്നാൽ നൽകിയ വായ്പകൾ തിരിച്ചടക്കുക മാത്രമാണ് ചെയ്തതെന്ന് കെ.പി. ജോർജിന്റെ അഭിഭാഷകർ വാദിച്ചെങ്കിലും ജൂറി ഇത് തള്ളി. അപൂർണ്ണമായ രേഖകളും തെറ്റായ അനുമാനങ്ങളുമാണ് കേസിന് പിന്നിലെന്നും, ഫണ്ട് കൈമാറ്റത്തിൽ വഞ്ചനാപരമായ ഉദ്ദേശ്യമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. മലയാളി സമൂഹത്തിൽ വലിയ സ്വാധീനമുണ്ടായിരുന്ന കെ.പി. ജോർജിന്റെ ഈ ശിക്ഷാവിധി പ്രവാസി സമൂഹത്തിനിടയിൽ വലിയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്. കോടതിയിൽ ഹാജരായ ജോർജിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് 20,000 ഡോളർ ബോണ്ടിൽ ജാമ്യം അനുവദിച്ചു. നിബന്ധനകളുടെ ഭാഗമായി ഇദ്ദേഹം പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാമ്പയിൻ ഫണ്ട് തിരിമറി: ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജ… | Boolokam