കൊൽക്കത്ത: അഞ്ചിടങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ ബി.ജെ.പിയെ കാര്യമായി തുണക്കാതെ നിലയുറപ്പിച്ചപ്പോൾ കാവിയെ പുണർന്ന് കിഴക്കേ ഇന്ത്യ. പശ്ചിമ ബംഗാളിൽ വിജയം പ്രവചിച്ച എക്സിറ്റ് പോളുകളെ പോലും നിഷ്പ്രഭമാക്കി ബി.ജെ.പി വൻ കുതിപ്പാണ് നടത്തിയത്. തുടർച്ചയായ നാലാം തവണയും അധികാരം പ്രതീക്ഷിച്ച മമത ബാനർജിയുടെ തൃണമൂലാകട്ടെ വൻ തിരിച്ചടി ഏറ്റുവാങ്ങി. ഉച്ചയോടെയുള്ള ലീഡ് നില പ്രകാരം പശ്ചിമ ബംഗാളിൽ 200നടുത്താണ് ബി.ജെ.പി സീറ്റ് നില. തൃണമൂലിനാകട്ടെ, 100ന് താഴെയും. പ്രാദേശിക കക്ഷികൾക്ക് മുന്നിൽ ബി.ജെ.പി അങ്കം മുറുക്കിയിറങ്ങിയ രണ്ട് സംസ്ഥാനങ്ങളായിരുന്നു ഇത്തവണ. അതിൽ തമിഴ്നാട്ടിൽ പഴയ എം.ജി.ആർ പ്രഭാവം ഓർമിപ്പിച്ച് വിജയ് സൂപ്പർ ഹീറോ ആയപ്പോൾ പശ്ചിമ ബംഗാൾ മമതയെ കൈവിട്ട് ബി.ജെ.പിയെ പുണരുകയായിരുന്നു. കിഴക്കൻ മേഖലകളിൽ തെരഞ്ഞെടുപ്പ് നടന്ന അസമിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഹാട്രിക് വിജയത്തിനരികെയാണ്. കോൺഗ്രസിന് ഇത്തവണയും കാര്യമായ നേട്ടമുണ്ടാക്കാനാകാതെ പോയ സംസ്ഥാനത്ത് ബി.ജെ.പി അഞ്ചിൽ നാല് സീറ്റും നേടി അധികാരത്തിലേക്ക് കുതിക്കുകയാണ്. ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പി മികച്ച വിജയമാണ് കുറിച്ചത്.

