തലയോലപ്പറമ്പ്: മറവൻതുരുത്ത് പഞ്ചായത്ത് ഇടവട്ടം വെസ്റ്റ് കായിക്കേരി പാടശേഖരത്തിൽ വൻ തീപിടിത്തം. 100 ഏക്കറോളം വരുന്ന തരിശ് പാടശേഖരത്തിലാണ് തീപിടിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. പാടശേഖരത്തിൽനിന്ന് ശക്തമായ പുകയും തീയും ഉയരുന്നത് കണ്ട് സമീപവാസികൾ ഗ്രാമ പഞ്ചായത്ത് അംഗം ആർ. അനീഷിനെ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫിസർ പി.എം. പവിത്രന്റെ നേതൃത്വത്തിൽ വൈക്കത്തുനിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും ഫയർഫോഴ്സ് വാഹനത്തിനു കടന്നുവരാൻ സൗകര്യം കുറവായതിനാൽ രക്ഷാപ്രവർത്തനത്തിന് ഏറെ തടസ്സം നേരിട്ടു. തുടർന്ന് സമീപ തോട്ടിൽനിന്ന് ഫ്ലോട്ടിങ് പമ്പ് ഉപയോഗിച്ചാണ് വെള്ളം എത്തിച്ചത്. 20 ഏക്കറോളം ഭാഗത്ത് തീപടർന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചായത്ത് അംഗവും കർഷകരും പ്രദേശവാസികളും ചേർന്ന് ഏറെ ശ്രമിച്ച് നാലു മണിക്കൂറോളം എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. പശു ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങളെ മേയ്ക്കാൻ വിടുന്ന പാടശേഖരത്തിൽനിന്ന് ഇവയെ ഉടൻ മാറ്റിയതിനാലും സമീപ വീടുകളിലേക്ക് തീ പടരാതെ നിയന്ത്രിച്ചതിനാലുമാണ് വൻദുരന്തം ഒഴിവായത്. നൂറേക്കറോളം വരുന്ന തരിശ് പാടശേഖരത്ത് കുട്ടനാടൻ പാക്കേജിൽ ഉൾപ്പെടുത്തി കൃഷി ഇറക്കാൻ ശ്രമം നടന്നു വരികയായിരുന്നു. സമീപത്ത് ആരോ കരിയിലക്കിട്ട തീ ആളിപ്പടർന്നതാണെന്നാണ് സംശയം.

കായിക്കേരി പാടശേഖരത്തിൽ വൻ തീപിടിത്തം
M
MadhyamamSource Link
20 days ago