മുണ്ടക്കയം: ശനിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം പുലിക്കുന്ന് മേഖലയിൽ വ്യാപക നാശം. മരം വീണ് രണ്ട് വീടുകൾ തകർന്നു. പുലിക്കുന്ന് ടോപ്പ് വെട്ടുത്തറയിൽ ദിനേശന്റെ വീട് പൂർണമായി തകർന്നു. പുരയിടത്തിൽ നിന്നിരുന്ന പുളിമരം കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടസമയത്ത് ദിനേശന്റെ മകൾ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ മേൽക്കൂര ഉൾപ്പെടെ പൂർണമായി തകർന്ന നിലയിലാണ്. പുലിക്കുന്ന് ടോപ്പ് ഓലിക്കൽ പ്രഭാകരന്റെ വീടിന് മുകളിലേക്കും മരം വീണ് ഭാഗികമായി തകർന്നിട്ടുണ്ട്. മേഖലയിൽ വ്യാപക കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുണ്ടക്കയം പഞ്ചായത്തിലെ ചെളിക്കുഴി, വണ്ടൻപതാൽ മേഖലകളിൽ റബർ ഉൾപ്പെടെ വൻമരങ്ങൾ കടപുഴകി. ഗ്രാമീണ റോഡുകളിൽ മരങ്ങൾ വീണതിനെത്തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് റവന്യൂ വകുപ്പ് ശേഖരിച്ചു വരുകയാണ്.

കാറ്റിൽ വ്യാപക നാശം; രണ്ട് വീടുകൾ തകർന്നു
M
MadhyamamSource Link
about 3 hours ago
