കുട്ടികളുടെ സുരക്ഷയിൽ വീഴ്ച; മെറ്റക്ക് കോടികളുടെ പിഴ

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച; മെറ്റക്ക് കോടികളുടെ പിഴ

M
MadhyamamSource Link
സാന്താ ഫേ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട മെറ്റക്കെതിരെ ന്യൂ മെക്സിക്കോ കോടതിയുടെ നിർണ്ണായക വിധി. ലാഭത്തിന് വേണ്ടി കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും പണയപ്പെടുത്തിയെന്ന കേസിൽ കമ്പനി വൻതുക പിഴയായി നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചതിന് 75,000 ലംഘനങ്ങളാണ് ജൂറി കണ്ടെത്തിയത്. ഓരോ ലംഘനത്തിനും 5,000 ഡോളർ വീതം (ഏകദേശം 4 ലക്ഷം രൂപ) പിഴ ഈടാക്കാൻ കോടതി ഉത്തരവിട്ടു. ഏകദേശം 200 കോടി ഡോളറിലധികം (ഏകദേശം 16,000 കോടി രൂപ) നഷ്ടപരിഹാരമാണ് കോടതി ആവശ്യപ്പെട്ടത്. മെറ്റ ബോധപൂർവ്വം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും കുട്ടികൾക്ക് അപകടകരമായ ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമിൽ ഉണ്ടെന്ന വിവരം മറച്ചുവെച്ചതായും ജൂറി കണ്ടെത്തി. മെയ് മാസത്തിൽ നടക്കുന്ന രണ്ടാം ഘട്ട വിചാരണയിൽ, കുട്ടികളെ സംരക്ഷിക്കുന്നതിനായി പ്ലാറ്റ്‌ഫോമുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് കോടതി തീരുമാനമെടുക്കും. പ്രായപരിശോധന കർശനമാക്കുക, കുട്ടികളെ വേട്ടയാടുന്നവരെ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ മുന്നോട്ടുവെച്ചിട്ടുണ്ട്. 2023ൽ ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ റൗൾ ടോറസിന്റെ നേതൃത്വത്തിൽ നടന്ന രഹസ്യ അന്വേഷണമാണ് കേസിലേക്ക് നയിച്ചത്. 14 വയസ്സിൽ താഴെയുള്ള കുട്ടികളെന്ന വ്യാജേന അന്വേഷണ ഉദ്യോഗസ്ഥർ നിർമിച്ച അക്കൗണ്ടുകളിലേക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ദൃശ്യങ്ങളും എത്തിയതായി കണ്ടെത്തി. പ്ലാറ്റ്‌ഫോമിലെ അൽഗോരിതങ്ങൾ കുട്ടികളെ ഇത്തരം അപകടകരമായ ഉള്ളടക്കങ്ങളിലേക്ക് എത്തിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൻഫിനിറ്റ് സ്ക്രോൾ, ഓട്ടോ-പ്ലേ വിഡിയോകൾ തുടങ്ങിയ ഫീച്ചറുകൾ കുട്ടികളെ സോഷ്യൽ മീഡിയക്ക് അടിമകളാക്കുന്നു. ഇത് വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കുട്ടികളെ ലക്ഷ്യം വെക്കുന്ന ക്രിമിനലുകൾക്ക് പ്ലാറ്റ്‌ഫോമിൽ തടസ്സമില്ലാത്ത സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. വിധിയോട് വിയോജിക്കുന്നതായും മേൽകോടതിയിൽ അപ്പീൽ നൽകുമെന്നും മെറ്റാ വക്താവ് അറിയിച്ചു. തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ സുരക്ഷിതമാണെന്നും ദോഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നുമാണ് കമ്പനിയുടെ വാദം. ഭീമൻ ടെക് കമ്പനികൾക്ക് നിയമത്തിന് മുകളിലല്ല എന്ന ശക്തമായ സന്ദേശമാണ് ഈ വിധിയെന്ന് അറ്റോർണി ജനറൽ റൗൾ ടോറസ് പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച; മെറ്റക്ക് കോടികളുടെ പിഴ — Madh… | Boolokam