കോഴിക്കോട്: സി.പി.എം ഏറ്റെടുത്ത കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് അവകാശപ്പെട്ടതെന്ന് കേരള കോൺഗ്രസ് (എം) ചെർയമാൻ ജോസ് കെ. മാണി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാഹചര്യം മനസിലാക്കിയാണ് കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തത്. കോടിയേരി ബാലകൃഷ്ണൻ അത് ഒറ്റത്തവണ ക്രമീകരണമാണെന്ന് അന്ന് അറിയിച്ചിരുന്നു. ഇത്തവണ ഒരു സീറ്റ് കൂടി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. സീറ്റ് കുറഞ്ഞതിലെ വിഷമം ഇടത് മുന്നണി നേതൃത്വം അറിയിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു. എന്നാൽ, കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ സംതൃപ്തിയിലാണുള്ളത്. യു.ഡി.എഫിൽ നിന്നപ്പോൾ ലോക്സഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഏറ്റവും വലിയ തെളിവ് ഞാൻ തന്നെയാണ്. കൂടുതൽ അംഗീകാരം ലഭിച്ചത് ഇടത് മുന്നണിയിലെത്തിയപ്പോഴാണെന്നും ജോസ് കെ. മാണി പറഞ്ഞു. കഴിഞ്ഞ തവണ ജില്ല പഞ്ചായത്തുൾപ്പെടെ ജയിച്ചത് അങ്ങനെയാണ്. കഴിഞ്ഞ തവണ മധ്യതിരുവിതാംകൂറിലുണ്ടായ വലിയ മുന്നേറ്റം ഇത്തവണയും ഉണ്ടാകുമെന്നും ജോസ് കെ. മാണി അവകാശപ്പെട്ടു. പാലായിലെ വിജയം ഉറപ്പാണ്. 2019 ഏപ്രിൽ ഒൻപതിനാണ് പാലായുടെ മുഖമായിരുന്ന കെ.എം മാണിയുടെ വിയോഗം. ഏഴുവർഷത്തിനുശേഷം അതേ ദിനത്തിൽ തെരഞ്ഞെടുപ്പു വരികയാണ്. പാലായുടെ യശസ്സു തിരിച്ചുപിടിക്കാനുള്ള നിമിത്തമായി അതു മാറുമെന്നും ജോസ് കെ. മാണി അഭിപ്രായപ്പെട്ടു. അരനൂറ്റാണ്ടുകാലം കെ.എം. മാണി എന്ന നേതാവ് പാലായെ മാതൃകയാക്കി അടയാളപ്പെടുത്തി. പാലായിൽ കെ.എം. മാണിയുടെ പിൻഗാമി വരുമ്പോൾ എതിർപക്ഷം കാത്തുനിൽക്കുകയാണ്. എനിക്കെതെിരായ വ്യക്തിഹത്യ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 334 വ്യാജ ഐഡികൾ വഴി ഫേസ് ബുക്കിൽ എനിക്കെതിരെ പോസ്റ്റുകൾ ഇടുന്നതായി മനസിലാക്കിയിട്ടുണ്ടെന്നും ഇതുകൊണ്ടൊന്നും തകർക്കാൻ കഴിയില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് അവകാശപ്പെട്ടതെന്ന് ജോസ് കെ. മാണി; ‘കോടിയേരി ബാലകൃഷ്ണൻ ഒറ്റത്തവണ ക്രമീകരണമാണെന്നാണ് അന്ന് പറഞ്ഞത്’
M
MadhyamamSource Link
about 2 months ago