കുവൈത്ത്- യു.കെ ​ മന്ത്രിമാർ ചർച്ച നടത്തി; അന്താരാഷ്ട്ര കപ്പൽ പാതകൾ സംരക്ഷിക്കണം

കുവൈത്ത്- യു.കെ ​ മന്ത്രിമാർ ചർച്ച നടത്തി; അന്താരാഷ്ട്ര കപ്പൽ പാതകൾ സംരക്ഷിക്കണം

കുവൈത്ത് സിറ്റി: ഹുർമുസ് കടലിടുക്കിലും മറ്റ് സുപ്രധാന സമുദ്ര ജലപാതകളിലും നാവിഗേഷൻ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി കുവൈത്തും ബ്രിട്ടനും. ബ്രിട്ടീഷ് നീതിന്യായ സെക്രട്ടറിയും ഉപപ്രധാനമന്ത്രിയുമായ ലോർഡ് ചാൻസലർ ഡേവിഡ് ലാമി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹുമായി നടത്തിയ ചർച്ചയിലാണ് ഇരുവരും ഇത് വ്യക്തമാക്കിയത്. അന്താരാഷ്ട്ര കപ്പൽ പാതകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും അടിവരയിട്ടു. നിലവിലെ പ്രാദേശിക സംഭവവികാസങ്ങളും അവ പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളും, പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു. മേഖലാ, അന്തർദേശീയ തലങ്ങളിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് ഇരുവരും പിന്തുണ ആവർത്തിച്ചു. കുവൈത്തും ബ്രിട്ടനും തമ്മിൽ ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങൾ യോഗം അവലോകനം ചെയ്തു. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്ത് സന്ദർശനത്തിന് എത്തിയ ഡേവിഡ് ലാമി, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹുമായും കൂടികാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി കെയർ സ്റ്റാർമറിൽ നിന്നുള്ള അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനുള്ള കത്ത് ലാമി പ്രധാനമന്ത്രിക്ക് കൈമാറി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുവൈത്ത്- യു.കെ ​ മന്ത്രിമാർ ചർച്ച നടത്തി; അന്താരാഷ്ട്ര കപ്… | Boolokam