BoolokamBoolokam
കൂട്ടായ്മയുടെയും ഇന്ദിരാ ഗാരന്‍റിയുടെയും വിജയം; മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുമെന്നും കെ.സി. വേണുഗോപാല്‍ എം.പി

കൂട്ടായ്മയുടെയും ഇന്ദിരാ ഗാരന്‍റിയുടെയും വിജയം; മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുമെന്നും കെ.സി. വേണുഗോപാല്‍ എം.പി

M
MadhyamamSource Link
തിരുവനന്തപുരം: അഴിമതിയും ധിക്കാരവും സ്വജനപക്ഷപാതവും അക്രമരാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിപ്പിച്ച് കേരളം കൈയടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തെളിയിക്കുന്ന യഥാര്‍ഥ കേരള സ്റ്റോറിയാണ് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുഫലമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. യു.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തനവും രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പ്രകടനപത്രികയിലെ ഇന്ദിരാ ഗാരന്‍റിയും തെരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചു. യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ഉടന്‍ തീരുമാനിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു. പത്തു വര്‍ഷത്തെ എൽ.ഡി.എഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പുഫലം. യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, യഥാര്‍ഥ കമ്യൂണിസ്റ്റുകാരും ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഈ തെരഞ്ഞെടുപ്പിനു വേണ്ടി രണ്ടു വര്‍ഷമായി ഒറ്റക്കെട്ടായി കഠിനാധ്വാനം നടത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ദീപ ദാസ് മുന്‍ഷിയും അടക്കമുള്ള കേന്ദ്ര നേതൃത്വവും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും യു.ഡി.എഫിലെ മുഴുവന്‍ ഘടകകക്ഷി നേതാക്കളും ഈ വിജയത്തിനു വേണ്ടി ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്ന ജനവിധിയാണിത്. രാഹുല്‍ഗാന്ധി അവതരിപ്പിച്ച ഇന്ദിരാ ഗാരന്‍റി ഈ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കി. ഇന്ദിരാ ഗാരന്‍റിയിലെ വാഗ്ദാനങ്ങള്‍ താഴേത്തട്ടിലെ ജനങ്ങളിലെത്തിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. മികച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിലും പ്രചാരണത്തിലും കോണ്‍ഗ്രസ് പുലര്‍ത്തിയ മികവ് തന്നെയാണ് വിജയത്തെ ഏറ്റവുമധികം സഹായിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ വലിയ കൊടുങ്കാറ്റുണ്ടാകുമെന്നാണ് പലരും കരുതിയത്. പക്ഷേ, വിമതശല്യം ഏറ്റവും കുറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു ഇത്. സി.പി.എമ്മിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട നേതാക്കളെ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥികളാക്കാനുള്ള തീരുമാനവും ഈ വന്‍വിജയത്തിന് സഹായിച്ചു. ആ തീരുമാനത്തില്‍ പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. പക്ഷേ, കണ്ണൂരിലെ സി.പി.എം കോട്ടകളില്‍ പോലും യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ ആ തീരുമാനത്തിന് സാധിച്ചു. തന്റെ നാടായ പയ്യന്നൂരില്‍ സി.പി.എം സ്ഥാനാര്‍ഥി തോല്‍ക്കുമെന്ന് താന്‍ പോലും ഒരിക്കലും കരുതിയതല്ല. തളിപ്പറമ്പിലെ വിജയവും വലിയ നേട്ടമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം തട്ടകത്തില്‍ പോലും കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. കമ്യൂണിസത്തെ സ്‌നേഹിക്കുന്ന യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് താന്‍ പ്രചാരണത്തിനിടെ പതിവായി പറയാറുണ്ടായിരുന്നു. അത് അക്ഷരം പ്രതി ശരിയാണെന്ന് ഈ തെരഞ്ഞെടുപ്പുഫലം തെളിയിച്ചു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ വിറങ്ങലിച്ചു പോയ കേരള മനസ്സാക്ഷി, ടി.പിയുടെ രക്തസാക്ഷിദിനത്തില്‍ ഉയിര്‍ത്തെണീറ്റ് നടത്തിയ മധുരപ്രതികാരം കൂടിയാണ് ഈ ജനവിധി. വര്‍ഗീയത പ്രചരിപ്പിച്ച് മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാനുള്ള ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും സി.പി.എമ്മിന്റെയും അജണ്ട കേരളത്തില്‍ ചിലവാകില്ലെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. മലപ്പുറം തവനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്. ജോയ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മതത്തിന്റെ പേരില്‍ പ്രചാരണം നടത്തിയ സി.പി.എം നീക്കവും ജനം തള്ളിക്കളഞ്ഞെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!