തൃശൂർ: കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ച് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ലോറി ഡ്രൈവർ മലപ്പുറം മൊറയൂർ സ്വദേശി തിരുവാലിപ്പറമ്പ് വീട്ടിൽ ഷൗക്കത്തിനെ (53) യാണ് രക്ഷപ്പെടുത്തിയത്. കാബിനിൽ കാൽ കുടുങ്ങിയതു കാരണം ഇരുകാലുകൾക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. കുന്നംകുളം പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ വെച്ചാണ് അപകടം. തൃശൂരിൽനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസും കോഴിക്കോട് ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പാമോയിൽ കയറ്റാനായി പോയ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ മുൻവശം പൂർണമായും തകർന്നു. ബസിന്റെ മുൻഭാഗത്തിനും ഭാഗികമായി തകർന്നിട്ടുണ്ട്. വേഗതയിൽ വന്നിരുന്ന ബസ് മുന്നിലെ കാറിൽ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് എതിരെവന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ബസിന്റെ വരവ് കണ്ട് ടാങ്കർ ലോറി ബ്രേക്കിട്ടതോടെ ഡ്രൈവർ ഇടതുവശത്തെ സീറ്റിലേക്ക് വീണു. അതുകൊണ്ടാണ് ഡ്രൈവറുടെ കാബിൻ തകർന്നെങ്കിലും ഡ്രൈവർ രക്ഷപ്പെട്ടത്. ഷൗക്കത്ത് ഒരു മണിക്കൂറോളം തകർന്ന കാബിനുള്ളിൽ കുടുങ്ങി കിടന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം അഗ്നിരക്ഷ സേന യൂണിറ്റ് ഏറെ പരിശ്രമിച്ച് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ മുൻവശത്തെ സീറ്റും ഭാഗങ്ങളും മുറിച്ചുമാറ്റിയ ശേഷമാണ് ഡ്രൈവറെ പുറത്തെത്തിച്ചത്. ഷൗക്കത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി കാലിൽ തുന്നലിട്ടു. പുലർച്ചെ നടന്ന അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം
M
MadhyamamSource Link
about 1 month ago