കേരള നിയമസഭ തെരഞ്ഞെടുപ്പ്; അടൂർ ഹൈടെക് പ്രചാരണത്തിന്‍റെ ആവേശത്തിൽ

കേരള നിയമസഭ തെരഞ്ഞെടുപ്പ്; അടൂർ ഹൈടെക് പ്രചാരണത്തിന്‍റെ ആവേശത്തിൽ

M
MadhyamamSource Link
അടൂർ: അടൂരിൽ ഇക്കുറി പോരാട്ടം വോട്ടുപെട്ടിയിൽ മാത്രമല്ല, സ്മാർട്ട്ഫോൺ സ്ക്രീനുകളിലും കൂടിയാണ്. ചുവരെഴുത്തുകൾക്കും നോട്ടീസുകൾക്കും ഒപ്പം സ്ഥാനാർത്ഥികളുടെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാൻ പ്രൊഫഷണൽ പി.ആർ ഏജൻസികൾ കളം നിറഞ്ഞതോടെ അടൂർ നിയമസഭാ മണ്ഡലം ഹൈടെക് പ്രചാരണത്തിന്റെ ആവേശത്തിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അടൂരിൽ ഇക്കുറി രാഷ്ട്രീയ പാർട്ടികൾക്കൊപ്പം പ്രൊഫഷണൽ പി.ആർ ഏജൻസികൾ മുൻനിരയിലാണ്. മുൻകാലങ്ങളിൽ പാർട്ടികളുടെ സൈബർ വിങ്ങുകൾ കൈകാര്യം ചെയ്തിരുന്ന ഡിജിറ്റൽ പ്രചാരണം ഇത്തവണ പൂർണമായും പി.ആർ ഏജൻസികളുടെ കൈകളിലായിക്കഴിഞ്ഞു. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ ഒരുപോലെ പ്രൊഫഷണൽ ടീമുകളെ രംഗത്തിറക്കിയതോടെ അടൂരിലെ തിരഞ്ഞെടുപ്പ് ഗോദയിൽ പുത്തൻ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രിജി കണ്ണന്റെ പ്രചാരണത്തിലാണ് പി.ആർ ഏജൻസികളുടെ ഇടപെടൽ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. സ്ഥാനാർത്ഥിയുടെ പത്രിക സമർപ്പണം, റോഡ് ഷോ എന്നിവയുടെ ദൃശ്യങ്ങൾ സിനിമയെ വെല്ലുന്ന രീതിയിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ എത്തിക്കുന്നതിൽ ഈ സംഘം വിജയിച്ചു. തൊട്ടുപിന്നാലെ യു.ഡി.എഫും തങ്ങളുടെ കരുത്ത് തെളിയിച്ചു. അഡ്വ. സി.വി. ശാന്തകുമാറിന്റെ പ്രചാരണത്തിനായി പ്രത്യേക സംഘത്തെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. സ്ഥാനാർത്ഥിയുടെ സന്ദർശനങ്ങളും പ്രസംഗങ്ങളും മിനിറ്റുകൾക്കുള്ളിൽ സോഷ്യൽ മീഡിയ റീലുകളായി വോട്ടർമാരിലേക്ക് എത്തുന്നുണ്ട്. ഏറ്റവും ഒടുവിലായി കേരളത്തിലെ പ്രമുഖ പി.ആർ ഏജൻസിയെ രംഗത്തിറക്കി എൻ.ഡി.എയും പ്രചാരണം ഹൈടെക് ആക്കി മാറ്റിയിരിക്കുകയാണ്. എട്ടോളം പേർ അടങ്ങുന്ന വിദഗ്ധ സംഘമാണ് എൻ.ഡി.എ സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കുന്നത്. സ്ഥാനാർത്ഥിയുടെ ഓരോ ഭാവചലനങ്ങളും ഒപ്പിയെടുക്കാൻ അത്യാധുനിക ക്യാമറകൾക്ക് പുറമെ ഐഫോൺ ടീമുകളും സജീവമാണ്. ഓരോ ദിവസവും പരമാവധി റീലുകൾ നിർമ്മിച്ച് സ്ഥാനാർത്ഥിയുടെ പേജുകളിലും അണികളുടെ ഗ്രൂപ്പുകളിലും എത്തിക്കുക എന്നതാണ് ഏജൻസികൾക്ക് നൽകിയ പ്രധാന നിർദേശം. സ്ഥാനാർത്ഥി പങ്കെടുക്കുന്ന പരിപാടികൾ തത്സമയം തന്നെ എഡിറ്റ് ചെയ്ത് ആകർഷകമായ രീതിയിൽ പുറത്തിറക്കി വോട്ടർമാർക്കിടയിൽ സ്ഥാനാർത്ഥിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനത്തിനാണ് പി.ആർ ഏജൻസികൾ മുൻതൂക്കം കൊടുക്കുന്നത്.പാർട്ടി പ്രവർത്തകർ വോട്ടർമാരെ നേരിട്ട് കാണുമ്പോൾ, പി.ആർ ഏജൻസികൾ ഡിജിറ്റൽ ലോകത്ത് വോട്ടുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. പാരമ്പര്യ ശൈലിയും ആധുനിക സാങ്കേതിക വിദ്യയും സമ്മേളിക്കുന്ന ഒരു പോരാട്ടത്തിനാണ് അടൂർ ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. അടിയുഴുക്കുകൾ മണ്ഡലത്തിൽ നിർണയിക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരള നിയമസഭ തെരഞ്ഞെടുപ്പ്; അടൂർ ഹൈടെക് പ്രചാരണത്തിന്‍റെ ആവേ… | Boolokam