കേരളത്തിന്‍റെ വികസനഭാവി നിര്‍ണയിക്കുന്ന ‘ആ നാല് കിലോമീറ്റര്‍’

കേരളത്തിന്‍റെ വികസനഭാവി നിര്‍ണയിക്കുന്ന ‘ആ നാല് കിലോമീറ്റര്‍’

M
MadhyamamSource Link
കളമശ്ശേരി: എച്ച്.എം.ടി ജങ്ഷന്‍ മുതല്‍ നാഷണൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വരെയുള്ള ദൂരം നാല് കിലോമീറ്റര്‍ ആണ്. ആ ദൂരം സഞ്ചരിച്ചാലറിയാം കേരളം വികസന നാള്‍വഴിയില്‍ എവിടെയെത്തി നില്‍ക്കുന്നുവെന്ന്. രാജ്യത്തിന് തന്നെ അഭിമാനമെന്ന് വിശേഷിപ്പിക്കാവുന്ന നിരവധി സ്ഥാപനങ്ങളാണ് ഈ കുറഞ്ഞ ദൂരപരിധിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നതും ഉയർന്നുവരാൻ പോകുന്നതും. ഈ പ്രദേശം കേരളത്തിന്‍റെ ഭാവി വികസനത്തിന്‍റെ കേന്ദ്രബിന്ദുവായി മാറാൻ ഒരുങ്ങുകയാണ്. കളമശ്ശേരിയിലെ എൽ.ഡിഎഫ് സ്ഥാനാർഥി പി. രാജീവ് അവതരിപ്പിച്ച ‘വിഷൻ 31’ വികസനരേഖയിലാണ് ഇത് സംബന്ധിച്ച സമഗ്രപദ്ധതി വിശദീകരിക്കുന്നത്. വ്യവസായ മന്ത്രിയും കളമശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ പി. രാജീവിന്‍റെ ഇടപെടലിലൂടെ സീപോർട്ട്-എയർപോർട്ട് റോഡിന്‍റെ നിർമാണം പുനരാരംഭിക്കാൻ വഴിയൊരുങ്ങിയതോടെ ഗതാഗത സൗകര്യങ്ങളിൽ വൻ കുതിച്ചുചാട്ടമാണ് സൃഷ്ടിക്കപ്പെടുക. കൊച്ചി മെഡിക്കല്‍ കോളജ്, കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍, കിന്‍ഫ്ര ഹൈടെക് വ്യവസായ പാര്‍ക്ക്, നിർദിഷ്ട ജുഡീഷ്യൽ സിറ്റി, സ്റ്റാർട്ടപ്പ് മിഷൻ ആസ്ഥാനം, അദാനി ലോജിസ്റ്റിക് പാർക്ക്, നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നത് ഈ ദൂരപരിധിയിലാണ്. സമീപം നിരവധി സ്വകാര്യ വ്യവസായ, സ്റ്റാര്‍ട്ടപ് സംരംഭങ്ങളും. എച്ച്.എം.ടിക്ക് സമീപം 70 ഏക്കറില്‍ കേരളത്തിന്‍റെ അടുത്ത തലമുറ വ്യവസായ കുതിപ്പിന് പ്രേരകമാകുന്ന അദാനി ലോജിസ്റ്റിക്സ് പാര്‍ക്ക് പദ്ധതിയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. 1.3 മില്യണ്‍ ചതുരശ്ര അടിയിലാണ് ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ കയറ്റുമതി ശേഷി വര്‍ധിപ്പിക്കുന്നതില്‍ വലിയ സംഭാവന നല്‍കുന്ന പദ്ധതിയാണിത്. കാന്‍സര്‍ പ്രതിരോധവും ഗവേഷണവും സൂക്ഷ്മതലത്തില്‍ നടക്കുന്ന കൊച്ചി കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഭാവിയില്‍ രാജ്യത്തെ തന്നെ പ്രധാന സ്ഥാപനമായി മാറും.കേരള ഹൈകോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി പദ്ധതിക്ക് സംസ്ഥാന സർക്കാറിന്‍റെ അനുമതി ലഭിച്ചു കഴിഞ്ഞു. എച്ച്.എം.ടിയിൽ നിന്ന് ഏറ്റെടുക്കുന്ന 27 ഏക്കര്‍ ഭൂമിയിലാണ് ജുഡീഷ്യല്‍ സിറ്റി നിര്‍മിക്കാന്‍ പോകുന്നത്. 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യം ഉള്‍പ്പടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ജുഡീഷ്യല്‍ സിറ്റിയിലുണ്ടാകും. ആയിരം കോടിയില്‍പരം രൂപ ചെലവ് വരുന്ന ബൃഹത് പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ വ്യവസായ തലസ്ഥാനമായ കളമശ്ശേരി, നീതിന്യായ ആസ്ഥാനം എന്ന് കൂടി അറിയപ്പെടും. നിയമ വിദ്യാഭ്യാസരംഗത്ത് പ്രശസ്തമായ നാഷണല്‍ യുനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ഇപ്പോള്‍ തന്നെ ഇവിടെയുണ്ട്. കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ഇൻഡ്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍ അടക്കം പുതിയ തലമുറ ഇലക്‌ട്രോണിക്‌സിന് സഹായകമായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം), മേക്കര്‍ വില്ലേജ്, ബയോ ടെക്‌നോളജി തുടങ്ങിയ പ്രധാന ഇന്നവേഷന്‍ ഹബുകളും കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്നു. റോഡ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ഈ മേഖലയിലുള്ളതാണ് സ്വകാര്യ സംരംഭകർ അടക്കമുള്ളവരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. മെഡിക്കല്‍ കോളജ്, നുവാല്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്ന എച്ച്.എം.ടി റോഡിന്‍റെ ഭാവി വികസനവും മെട്രോ കണക്ടിവിറ്റിയും സീപോർട്ട് എയർപോർട്ട് റോഡ് ജങ്ഷനിലെ ഫ്ലൈ ഓവർ ഉൾപ്പെടെയുള്ള ഗതാഗത സൗകര്യ വികസനവും ഈ പ്രദേശത്തിന്‍റെ മുഖച്ഛായ മാറ്റും. ദീര്‍ഘകാലമായി മുടങ്ങി കിടന്നിരുന്ന എച്ച്.എം.ടി-എന്‍.എ.ഡി റോഡ് നിർമാണം പുനരാരംഭിച്ചതോടേ കൂടുതൽ ഗതാഗത സൗകര്യങ്ങളും ഉണ്ടാകും. എച്ച്.എം.ടി ജങ്ഷനിലെ എയര്‍ കണ്ടീഷന്‍ഡ് ബസ് സ്‌റ്റേഷനും ഗതാഗത പരിഷ്‌കരണങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്. ഈ വികസന പദ്ധതികൾ യാഥാർഥ്യമാക്കുമെന്ന് പി. രാജീവിന്‍റെ ‘വിഷൻ-31’ വികസനരേഖ പ്രഖ്യാപിക്കുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തിന്‍റെ വികസനഭാവി നിര്‍ണയിക്കുന്ന ‘ആ നാല് കിലോമീറ്റര്… | Boolokam