തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന് നടക്കും. മേയ് നാലിനാണ് ഫലപ്രഖ്യാപനം. പത്രികാ സമർപ്പണം മാർച്ച് 23 വരെയും സൂക്ഷ്മ പരിശോധന മാർച്ച് 24നും നടക്കും. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം. കേരളത്തിനൊപ്പം പശ്ചിമ ബംഗാൾ, അസ്സം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അസമിലും പുതുച്ചേരിയിലും ഏപ്രിൽ 9 നാണ് പോളിംഗ്. തമിഴ്നാട്ടിൽ ഏപ്രിൽ 23നും പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിൽ രണ്ടുഘട്ടമായും തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ എല്ലായിടത്തും മേയ് 4നായിരിക്കും. ഇന്നുമുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ അറിയിച്ചു. കേരളത്തിൽ 140 സീറ്റുകളിലേക്കും പശ്ചിമ ബംഗാളിൽ 294ഉം തമിഴ്നാട്ടിൽ 234ഉം അസമിൽ 126ഉം പുതുശ്ശേരിയിൽ 30ഉം സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക ഉടൻ പുറത്തുവിടും. സി.പി.എം, സി.പി.ഐ എന്നിവർക്കു പുറമെ മുന്നണിയിലെ ഘടക കക്ഷികളും ഇന്നുതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയും ഉടൻ പുറത്തുവന്നേക്കും. ബി.ജെ.പി എ ക്ലാസ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ആദ്യം പ്രഖ്യാപിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിലെ മത്സര ചിത്രം തെളിയും. തെരഞ്ഞെടുപ്പ് കമീഷന്‍റെ വാര്‍ത്തസമ്മേളനം കഴിയുന്നതിന് പിന്നാലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ചിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വാർത്തസമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. 2021ൽ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായും അസ്സമ്മിൽ മൂന്ന് ഘട്ടങ്ങളിലായും തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടവുമായാണ് വോട്ടെടുപ്പ് നടന്നത്. വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനവും പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി മേയ് ഏഴിന് അവസാനിക്കും. കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ സ്ഥാനാർഥി ചർച്ചകൾ വേഗം പൂർത്തിയാക്കി പ്രചാരണത്തിലേക്ക് കടക്കും. സംസ്ഥാനത്ത് എൽ.ഡി.എഫ് മൂന്നാം ഊഴം ലക്ഷ്യമിടുമ്പോൾ, ഇടവേളക്കുശേഷം ഭരണത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് യു.എഡി.എഫ്. അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായാണ് ബി.ജെ.പി തയാറെടുപ്പുകൾ നടത്തുന്നത്. പശ്ചിമ ബംഗാളിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുമ്പോൾ, തൃണമൂൽ കോൺഗ്രസ് വലിയ ആത്മവിശ്വാസത്തിലാണ്. കേരളത്തിൽ 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയാണ് എൽ.ഡി.എഫ് അധികാരം നിലനിർത്തിയത്. യു.ഡി.എഫിന് 41 സീറ്റ് ലഭിച്ചു. എൻ.ഡി.എയുടെ നേമത്തെ ഏകഅക്കൗണ്ട് പൂട്ടിക്കുകയും ചെയ്തിരുന്നു.

കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ്; മേയ് നാലിന് ഫലം
M
MadhyamamSource Link
about 2 months ago