തിരുവനന്തപുരം: രാജ്യത്ത് അവശേഷിച്ച ഏക കമ്യൂണിസ്റ്റ് തുരുത്തായ കേരളവും കൈവിട്ടതോടെ രാജ്യത്ത് ഒരു സംസ്ഥാനത്തും അധികാരമില്ലാതെ ഇടതുപക്ഷം. പിണറായി വിജയന്‍റെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടു തവണ കേരളം ഭരിച്ചശേഷമാണ് സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് വൻതോൽവി ഏറ്റുവാങ്ങിയത്. ഇടതുതരംഗം ആഞ്ഞുവീശിയ 2021 തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയാണ് പിണറായി വിജയൻ സർക്കാർ ഭരണത്തുടർച്ച നേടിയത്. മൂന്നാമതും ഭരണത്തിൽ എത്താമെന്ന ആത്മവിശ്വാസത്തിൽ പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫ് നിലവിലെ കണക്കുകൾ പ്രകാരം 37 സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. യു.ഡി.എഫ് നൂറിലധികം സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. പിണറായി സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. പതിറ്റാണ്ടുകളോളം പശ്ചിമ ബംഗാൾ ഭരിച്ചശേഷമാണ് സി.പി.എം സംസ്ഥാനത്ത് അമ്പേ തകർന്നടിഞ്ഞത്. 1977ല്‍ 178 സീറ്റ് നേടിയാണ് സി.പി.എം ബംഗാളില്‍ അധികാരത്തിലെത്തിയത്. തുടര്‍ന്നുള്ള നാല് നിയമസഭകളിലും വന്‍ വിജയം നേടി ജ്യോതി ബസു മുഖ്യമന്ത്രിയായി. 2001 മുതല്‍ 2011 വരെ ബുദ്ധദേവ് ഭട്ടാചാര്യയാണ് മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നത്. 2011 തെരഞ്ഞെടുപ്പിലാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ അധികാരം പിടിച്ചത്. അന്ന് 40 സീറ്റിലാണ് സി.പി.എം വിജയിച്ചത്. പിന്നീട് ബംഗാളില്‍ സി.പി.എമ്മിന് ഒരു തിരിച്ചുവരവുണ്ടായില്ല. 2016ല്‍ 26 സീറ്റിലേക്ക് ഒതുങ്ങിയ സി.പി.എമ്മിന്, കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിച്ച 2021ല്‍ ഒറ്റ സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ കോണ്‍ഗ്രസ് സഖ്യമില്ലാതെ ഒറ്റക്ക് മത്സരിച്ച പാർട്ടി മൂന്നു സീറ്റിൽ മാത്രമാണ് മുന്നേറുന്നത്. കാൽനൂറ്റാണ്ടായി ഭരിച്ച ത്രിപുര 2018ൽ സി.പി.എമ്മിനെ കൈവിട്ടു, ബി.ജെ.പി അധികാരത്തിലെത്തി. പിന്നാലെ സംസ്ഥാനത്ത് പാർട്ടി തകർന്നടിയുന്നതാണ് കണ്ടത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയാണ് ഇന്ന് രാജ്യത്ത് ഒരു സംസ്ഥാനത്തും അധികാരത്തിലില്ലാതെ പുറത്തിരിക്കുന്നത്. 2011ൽ നന്ദിഗ്രാമിലെയും സിംഗൂരിലെയും ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭങ്ങളാണ് ബംഗാളിൽ സി.പി.എമ്മിനെ തകർച്ചയിലേക്ക് നയിച്ചത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ബംഗാൾ പിടിച്ചെടുത്തു. 2006ൽ 235 സീറ്റുകൾ ഉണ്ടായിരുന്ന ഇടതുമുന്നണി വെറും 62 സീറ്റുകളിലേക്ക് ചുരുങ്ങി.

കേരളവും പോയി, രാജ്യത്ത് ഒരു സംസ്ഥാനത്തും അധികാരമില്ലാതെ ഇടതുപക്ഷം, 56 വർഷത്തിനിടെ ആദ്യം
M
MadhyamamSource Link
about 2 hours ago
