ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച നാമനിർദേശ പത്രികകളിൽ കേസുകളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നടനും ടി.വി.കെ നേതാവുമായ വിജയ് വിവാദത്തിൽ. പേരമ്പൂരിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിജയുടെ പേരിലുള്ള രണ്ട് ക്രിമിനൽ കേസുകൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് വിമർശനം. പേരമ്പൂർ മണ്ഡലത്തിൽ വിജയ് സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ കേസുകളുള്ളതിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല. എന്നാൽ, തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്കെതിരെ തീർപ്പാക്കാത്ത രണ്ടു കേസുകളുണ്ടെന്ന് വിജയ് പറയുന്നു. 2025ൽ പെരവല്ലൂർ പൊലീസ് സ്റ്റേഷനിൽ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പൊരുത്തക്കേട്. സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനാൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കുകയാണ് മാർഗമെന്ന് നിയമവിദഗ്ധർ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽനിന്നാണ് വിജയ് ജനവിധി തേടുന്നത്. അതിന്റെ ഭാഗമായി പേരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ വിജയ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. മാർച്ച് 30 നാണ് വിജയ് പേരമ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്.

കേസുകളുടെ വിവരങ്ങളിൽ പൊരുത്തക്കേട്; ടി.വി.കെ നേതാവ് വിജയ്‌യുടെ സത്യവാങ്മൂലത്തിൽ വിവാദം
M
MadhyamamSource Link
about 1 month ago