തൃശൂർ: വാടാനപ്പള്ളിയില്‍ ബി.ജെ.പിക്കെതിരായ കിറ്റ് വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കിറ്റ് ആരോപണത്തിൽ സത്യമില്ലെന്നും അതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. നിങ്ങൾ കുറേ പേരെ ലക്ഷ്യം വെക്കുന്നുവെന്നും എന്നെ കുറെനാൾ കേസിന്റെ പേരിൽ നടത്തിയതല്ലേയെന്നും ചോദിച്ചു. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് തൃശ്ശൂരിൽ കത്തിക്കയറി ബി.ജെ.പിക്കെതിരെ കിറ്റ് വിവാദം വന്നത്. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബി.ജെ.പി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയര്‍ത്തിയത്. ദേവനും ബി.ജെ.പിയുടെ മുൻ ബ്ലോക്ക് പഞ്ചായത്തംഗം ബഗീഷ് പൂരാടനുമാണ് കിറ്റുകൾ ഓർഡർ ചെയ്തതെന്നും ഇരുവരും സ്ഥാപനത്തിന് മുകളിലെ വീട്ടിൽ ഒളിച്ചിരിക്കുന്നുവെന്നും കോൺഗ്രസും സി.പി.എമ്മും ആരോപിച്ചു. സ്ഥലത്ത് ബി.ജെ.പി പ്രവർത്തകർ കൂടി തടിച്ചു കൂടിയതോടെ സംഘർഷം മണിക്കൂറോളം നീണ്ടു. സംഭവത്തിൽ വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനം ചാമ്പ്യൻസ് ട്രേഡേഴ്സ് ഉടമ പ്രവീണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രവീണിന്റെ മൊഴിയനുസരിച്ച് കിറ്റ് ഓർഡർ ചെയ്ത വാടാനപ്പള്ളി സ്വദേശിയായ സതീഷ് എന്ന ബി.ജെ.പി പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിഷുവിന് വിതരണം ചെയ്യാനായി തയാറാക്കിയ കിറ്റ് എന്നാണ് സതീഷ് പൊലീസിന് നൽകിയ മൊഴി. ഗോഡൗണിൽ പ്രവേശിക്കുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ ഇല്ലാത്തതുകൊണ്ട് ദേവനെ കസ്റ്റഡിയിലെടുക്കാൻ ആവില്ലെന്ന് പൊലീസ് അറിയിച്ചതോടെ ടി.എൻ. പ്രതാപനടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ പൊലീസുമായി ബലപ്രയോഗം, പിന്നാലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ടി.എൻ. പ്രതാപൻ തയാറാക്കിയ നാടകം എന്നായിരുന്നു വിഷയത്തിൽ ദേവന്റെ പ്രതികരണം. ഇന്ന് നിശ്ചയിച്ചത് പ്രകാരമുള്ള പരിപാടി രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ്. നാലാമത്തെ കുടുംബയോഗം വാടാനപ്പള്ളിയിലാണ്. യോഗം ആരംഭിക്കുന്നതിന് കാലതാമസമുള്ളതിനാൽ കൂടെ വന്ന പാർട്ടി അംഗത്തിന്റെ സുഹൃത്തിന്റെ വീടുണ്ടെന്നും അവിടെനിന്ന് ചായകുടിക്കാമെന്നും പറഞ്ഞാണ് ഇങ്ങോട്ട് വന്നത്. വീട്ടിലേക്ക് പോയി ചായ കുടിക്കുന്ന സമയത്താണ് വീടിന്റെ താഴെനിന്ന് ബഹളം കേട്ടത്. പോയി നോക്കുമ്പോൾ ടി.എൻ. പ്രതാപനും കുറേ പേരും ചേർന്ന് താഴെ നിന്ന് ബഹളം വെക്കുന്നതാണ് കണ്ടത്. കിറ്റുമായി ബി.ജെ.പിക്ക് ബന്ധമില്ല. ഈ വിവാദങ്ങളൊക്കെ അവർ നേരത്തേ പ്ലാൻ ചെയ്തതായിരിക്കും. 10 മിനിറ്റിനുള്ളിലാണ് പ്രതാപനും ആളുകളും ഇവിടെ വന്ന് പ്രതിഷേധിച്ചത്. ആ സാധനങ്ങൾ എങ്ങനെ വന്നുവെന്നത് സൂപ്പർ മാർക്കറ്റിന്റെ ഉടമയാണ് പറയേണ്ടത്. സി.സി.ടി.വി പരിശോധിച്ചാലും ഞങ്ങൾക്ക് ഭയവുമില്ലെന്നും ദേവൻ പറഞ്ഞു

കേസെടുപ്പിക്കാൻ പറ്റുമെങ്കിൽ എടുപ്പിക്ക്; കിറ്റ് വിവാദത്തിൽ വെല്ലുവിളിച്ച് സുരേഷ് ഗോപി
M
MadhyamamSource Link
about 1 month ago