കൊച്ചി: നഗരത്തിൽ പോളിങ് സാമഗ്രികളുടെ വിതരണം നടക്കുന്ന എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂൾ, മഹാരാജാസ് കോളജ്, എസ്.ആർ.വി ഹൈസ്കൂൾ എന്നിവയുടെ പരിസര റോഡുകളിലൂടെ ബുധനാഴ്ച രാവിലെ ആറു മുതൽ ഉച്ചക്ക് ഒന്നു വരെ ബസ് ഉൾപ്പെടെ എല്ലാ വാഹനങ്ങളുടെയും പ്രവേശനവും പാർക്കിങ്ങും കർശനമായി നിരോധിച്ചു. വാഹനങ്ങൾ താഴെ പറയും പ്രകാരം വഴി തിരിച്ചുവിടും. സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് വരുന്ന വാഹനങ്ങൾ കളത്തിപ്പറമ്പ് റോഡ് വഴി തിരിഞ്ഞ് വളഞ്ഞമ്പലം ഭാഗത്തേക്ക് പോകേണ്ടതും ഗവ. ഹോസ്പിറ്റൽ ജങ്ഷനിൽനിന്ന് വരുന്ന വാഹനങ്ങൾ ഡി.സി.സി ജങ്ഷനിലെത്തി നേരെ ജോസ് ജങ്ഷൻ, പള്ളിമുക്ക് വഴി വളഞ്ഞമ്പലം ഭാഗത്തേക്ക് പോകേണ്ടതുമാണ്. ജോസ് ജങ്ഷൻ ഭാഗത്തുനിന്ന് വളഞ്ഞമ്പലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പളളിമുക്കിൽനിന്ന് എസ്.എ റോഡ് വഴി തിരിഞ്ഞ് പോകണം. ചിറ്റൂർ റോഡിലൂടെ പോകുന്ന ബസുകൾ ഗവ. ഗേൾസ് ഹൈസ്കൂൾ ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ജോസ് ജങ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് പള്ളിമുക്ക് ജങ്ഷനിലെത്തി അവിടെനിന്ന് ഇടത്തേക്ക് തിരിഞ്ഞ് വളഞ്ഞമ്പലം വഴി പോകണം.
