കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചത് ലൈംഗികാരോപണത്തെ തുടർന്നാണെന്ന് വ്യക്തമായി. ഫൗണ്ടേഷൻ ചെയർമാൻ വി. വേണു ഇതുസംബന്ധിച്ച പരാതി ലഭിച്ചതായും നടപടികൾ സ്വീകരിച്ചതായും സ്ഥിരീകരിച്ചു. 2026 ജനുവരി 14നായിരുന്നു ബോസ് കൃഷ്ണമാചാരി സ്ഥാനമൊഴിഞ്ഞത്. അന്ന് 'കുടുംബപരമായ കാരണങ്ങൾ' എന്നാണ് രാജിക്ക് വിശദീകരണം നൽകിയിരുന്നതെങ്കിലു, ആഭ്യന്തര അന്വേഷണത്തെ തുടർന്നാണ് ഈ നീക്കമെന്ന് ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. ബിനാലെ ഫൗണ്ടേഷനിൽ ബോസ് കൃഷ്ണമാചാരിയുടെ കീഴിൽ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതി നൽകിയത്. 2025 ഡിസംബർ 28ന് നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് പരാതി. ജോലിയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ഫോർട്ട് കൊച്ചിയിലെ അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തിയെന്നും അവിടെവെച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായ രീതിയിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ജനുവരിയിൽ ലഭിച്ച ഈ പരാതി ഫൗണ്ടേഷന്റെ ഇന്റേണൽ കമ്മിറ്റി ചർച്ച ചെയ്യുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ വിവാദങ്ങളാണ് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നിലെ പ്രധാന കാരണമെന്ന് ചെയർമാൻ വി. വേണു വ്യക്തമാക്കി. കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരിൽ ഒരാളായ ബോസ് കൃഷ്ണമാചാരി, 2012ലെ ആദ്യ ബിനാലെ മുതൽ അതിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ്. ബിനാലെയുടെ മറ്റൊരു സ്ഥാപകനായിരുന്ന റിയാസ് കോമുവിനും സമാനമായ ലൈംഗികാരോപണങ്ങളെത്തുടർന്ന് 2018ൽ ഫൗണ്ടേഷനിൽ നിന്ന് രാജിവെക്കേണ്ടി വന്നിരുന്നു. റിയാസ് കോമുവും ബോസ് കൃഷ്ണമാചാരിയും ചേർന്നാണ് കേരളത്തിലെ കലാലോകത്ത് വലിയ വിപ്ലവം സൃഷ്ടിച്ച കൊച്ചി ബിനാലെക്ക് തുടക്കമിട്ടത്. എന്നാൽ സ്ഥാപകരായ രണ്ടുപേർക്കും ലൈംഗികാരോപണങ്ങളെത്തുടർന്ന് പടിയിറങ്ങേണ്ടി വന്നു എന്നത് ബിനാലെയുടെ പ്രതിച്ഛായക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

കൊച്ചി ബിനാലെ: ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗികാരോപണത്തെ തുടർന്നെന്ന് ഫൗണ്ടേഷൻ ചെയർമാൻ
M
MadhyamamSource Link
about 2 months ago