തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. 12 ജില്ലകളിൽ ഞായറാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി വരെയും ഉയർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയാണ് പ്രവചിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും ഉയരാൻ (സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് ഇല്ലാത്തത്. ചിലയിടങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ അറിയിച്ചു.
