കൊടുവള്ളിയിൽ സലീം മടവൂരും പാലക്കാട് എൻ.എം.ആർ. റസാഖും എൽ.ഡി.എഫ് സ്വതന്ത്രർ

കൊടുവള്ളിയിൽ സലീം മടവൂരും പാലക്കാട് എൻ.എം.ആർ. റസാഖും എൽ.ഡി.എഫ് സ്വതന്ത്രർ

M
MadhyamamSource Link
കോഴിക്കോട്: പാലക്കാട്, കൊടുവള്ളി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽ.ഡി.എഫ്. കൊടുവള്ളി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്വതന്ത്രനായി സലീം മടവൂർ മത്സരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ആര്‍.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു സലീം മടവൂര്‍. പാർട്ടിയുടെ പ്രത്യേക അനുമതിയോടെയാണ് സ്വതന്ത്രനായി രംഗത്തിറങ്ങുന്നത്. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസാണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി. ഡോ. എം.കെ മുനീറാണ് 2021ൽ കൊടുവള്ളിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. കനത്ത പോരാട്ടം നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഹോട്ടൽ വ്യവസായി എൻ.എം.ആർ. റസാഖാണ് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്നത്. പാലക്കാട് സ്വതന്ത്രനാകാൻ നിരവധി വ്യവസായ പ്രമുഖരുമായി സി.പി.എം ചർച്ച നടത്തിയിരുന്നു. ഒടുവിൽ ഹോട്ടൽ വ്യവസായി റസാഖുമായി ധാരണയിലെത്തുകയായിരുന്നു. 2010ൽ എൻ.എം.ആർ ബിരിയാണി ഹോട്ടൽ ആരംഭിച്ചു. ഇതോടെ ബിരിയാണി രുചികളുടെ ചരിത്രത്തിൽ പാലക്കാടിന്റെ സ്വന്തം ബ്രാൻഡായ എൻ.എം.ആർ റാവുത്തർ ബിരിയാണി ശ്രദ്ധേയമായി. ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. സാമൂഹിക സേവനത്തിലും സജീവമായ അദ്ദേഹം ‘പ്ര‍ൗഡ്‌’ എന്ന ജീവകാരുണ്യ സംഘടനയുടെ ക്യാബിനറ്റ് മെമ്പറും കോസ്മോപൊളിറ്റൻ ക്ലബ്‌ മാനേജിങ് കമ്മറ്റി അംഗവുമാണ്. ഭാര്യ: സിജ. മക്കൾ: ഫസ്റിൻ, ഫർഹാൻ അബ്ബാസ്, ദിയ ഫാത്തിമ. സഹോദരങ്ങൾ: നഫീർ മുഹമ്മെദ്, ഹാരിസ്, ഷഫീഖ്. പാലക്കാട് പി. സരിന്റെ പേരും ഉയർന്നുകേട്ടിരുന്നു. ഷാഫി പറമ്പിൽ ലോക്സഭാംഗമായതിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടെത്തിയ സരിനെയാണ് എൽ.ഡി.എഫ് മത്സരിപ്പിച്ചത്. യു.ഡി.എഫിനായി രമേഷ് പിഷാരടിയും എൻ.ഡി.എക്കായി ശോഭാ സുരേന്ദ്രനുമാണ് മത്സരിക്കുന്നത്. കോവളം മണ്ഡലത്തിൽ ഭഗത് റൂഫസ് ഇടതു സ്വതന്ത്രനായി ജനവിധി തേടുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു. കോട്ടക്കൽ, കൊണ്ടോട്ടി, തിരൂർ സീറ്റുകളിലാണ് സി.പി.എം സ്വതന്ത്രരെ പ്രഖ്യാപിക്കാനുള്ളത്. ജനാധിപത്യ കേരള കോൺഗ്രസിന് നൽകിയതും എന്നാൽ കേരള കോൺഗ്രസ് എം അവകാശവാദം ഉന്നയിച്ചതുമായ തിരുവനന്തപുരം സെൻട്രലിൽ ഇതുവരെ എൽ.ഡി.എഫ് സ്ഥാനാർഥിയായിട്ടില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊടുവള്ളിയിൽ സലീം മടവൂരും പാലക്കാട് എൻ.എം.ആർ. റസാഖും എൽ.ഡി.… | Boolokam