റിയാദ്: രാജ്യത്തിെൻറ സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിെൻറ ഭാഗമായി, കൊലപാതക കുറ്റത്തിനും മയക്കുമരുന്ന് കടത്തിനും ശിക്ഷിക്കപ്പെട്ട രണ്ട് വിദേശ പൗരന്മാരുടെ വധശിക്ഷ ഞായറാഴ്ച നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അസീർ മേഖലയിൽ (സൗദി തെക്കൻ പ്രവിശ്യ) കൊലപാതക കുറ്റത്തിന് യമനി പൗരൻ സാലിഹ് അബ്ദുറബ്ബ് ഹനാഷ് അൽ അവ്‌ലഖി, മക്ക മേഖലയിൽ മയക്കുമരുന്ന് കടത്തിന് ശിക്ഷിക്കപ്പെട്ട നൈജീരിയൻ സ്വദേശി ഇദ്രിസ് ജാനിയു ഖവാദ്രിക്ക് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. സ്വന്തം നാട്ടുകാരനായ വലീദ് അബ്ദുല്ല മുഹ്‌സിൻ അഹമ്മദിനെ അതിക്രൂരമായി വടികൊണ്ട് അടിച്ചും ശ്വാസം മുട്ടിച്ചും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിയും കൊലപ്പെടുത്തിയെന്നതാണ് യമനി പൗരന് എതിരെയുളള കുറ്റം. പ്രതിയെ സുരക്ഷ സേന അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ കുറ്റം തെളിയുകയും ചെയ്തിരുന്നു. ഇരയെ വഞ്ചനാപരമായ രീതിയിൽ ചതിയിലൂടെ കൊലപ്പെടുത്തിയതിനാൽ, ഈ കുറ്റത്തിെൻറ ഗൗരവം കണക്കിലെടുത്ത് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതിനെ തുടർന്ന് രാജകീയ ഉത്തരവിലൂടെ ശിക്ഷ നടപ്പാക്കി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകുമെന്നും മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു. രാജ്യത്തേക്ക് മാരക ലഹരിമരുന്നായ കൊക്കെയ്ൻ കടത്തിയതിനാണ് നൈജീരിയൻ സ്വദേശി പിടിയിലാവുന്നത്. പ്രത്യേക കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു.രാജകീയ ഉത്തരവിനെ തുടർന്ന് ഞായറാഴ്ച ശിക്ഷ നടപ്പാക്കി. ലഹരിമരുന്ന് എന്ന വിപത്തിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുമെന്നും, ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കൊലപാതകം, മയക്കുമരുന്ന് കടത്ത്; വ്യത്യസ്ത കേസുകളിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി
M
MadhyamamSource Link
about 1 month ago