Posted On date_range 26 March 2026 10:50 AM IST Updated On date_range 26 March 2026 10:50 AM IST കൊല്ലം പഴയ കൊല്ലമെല്ലന്ന് എല്ലാവരും text_fields bookmark_border കൊല്ലം: തുറമുഖ നഗരമായ കൊല്ലം എത്തേണ്ടിടത്ത് എത്തിയില്ലന്ന് യു.ഡി.എഫ് സ്ഥാനാർഥി, 1800 കോടിയുടെ വികസനം എത്തിയെന്നും ഇനി ഒരു 50 വർഷത്തെ കരുതലാണ് വേണ്ടതെന്നും ഇടത് സ്ഥാനാർഥി, ദീർഘവീക്ഷണമില്ലായ്മയാണ് നഗരത്തിന്റെ പ്രശ്നമെന്ന് ബി.ജെ.പി സ്ഥാനാർഥി. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘വോട്ടും വാക്കും’ സംവാദ പരിപാടിയാണ് കൊല്ലം നിയമസഭ മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാർഥികളുടെ തർക്കവിതർക്കങ്ങളുടെയും അവകാശവാദങ്ങളുടെയും കൂടിചേരലായത്. പഴയ പ്രൗഢിയില്ലന്നും പ്രൗഢി വർദ്ധിച്ചുവെന്നും പറഞ്ഞ് കൊല്ലം പഴയ കൊല്ലമല്ലന്ന് എല്ലാ സ്ഥാനാർഥികളും പക്ഷെ സമ്മതിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണ നഗരത്തിലെ ജനങ്ങളുടെ കുടുംബാംഗം എന്ന നിലയിൽ കൂടെ നിൽക്കാൻ ഒരു എം.എൽ.എ കഴിഞ്ഞ പത്തുവർഷമായി ഇല്ലായിരുന്നു. നഗരത്തിന്റെ അവസ്ഥയാകട്ടെ പഴയകാല പ്രൗഢി നഷ്ടമായ നിലയിലും. ചിന്നക്കടയിലെ മേൽപാലം നഗരത്തിന്റെ മുഴുവൻ ഐശ്വര്യവും ഗാംഭീര്യവും നഷ്ടമാക്കി. താൻ എം.എൽ.എയായാൽ കോർപറേഷനൊപ്പം കൈകോർത്ത് അത് പൊളിക്കും. തേവള്ളിപാലം അറ്റം കൂട്ടിമുട്ടാതെ നിൽക്കുന്നു. സർക്കാരിന്റെ പിടിപ്പുകേടിനുള്ള അലങ്കാരമായി കെ.എസ്.ആർ.ടി.സി സ്റ്റേഷനും നിലകൊള്ളുന്നു. കൊല്ലത്തിന് കിട്ടേണ്ട ഇ.എസ്.ഐ മെഡിക്കൽ കോളജ് സംസ്ഥാന സർക്കാരിന്റെ അലംഭാവം മൂലം നഷ്ടമായി. കശുവണ്ടി വ്യവസായം തകർന്നടിഞ്ഞു. പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തി യുവസമൂഹത്തെ നിരാശയുടെ പടുകുഴിയിൽ തള്ളി. പുതുതലമുറയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ യു.ഡി.എഫ് ഭരിക്കുന്ന പുതുയുഗ കേരളത്തോടൊപ്പം നവീന കൊല്ലവും താൻ വാഗ്ദാനം ചെയ്യുകയാണന്നും ഇപ്പോഴുള്ളതുപോലെ കൊല്ലംകാർക്കൊപ്പം എപ്പോഴും ഉണ്ടാവുമെന്നും അവർ പഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി എസ്. ജയമോഹൻ വികസനവും കരുതലും സമാധാനപരമായ ജീവിതവുമാണ് താൻ ഉറപ്പ് നൽകുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 1800 കോടിയുടെ വികസന പദ്ധതികൾ കൊല്ലത്ത് നടപ്പാക്കി. ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റിയും ശ്രീനാരായണ സാംസ്കാരിക കേന്ദ്രവും ഒ.എൻ.വി പാർക്കും അതിൽ ചിലതാണ്. കൊല്ലത്തേക്ക് വാട്ടർ മെട്രോ തയ്യാറായി വരുന്നു. കശുവണ്ടി മേഖലയിൽ അടഞ്ഞുകിടന്ന ഫാക്ടറികൾ തുറക്കാൻ കഴിഞ്ഞു. ഇ.എസ്.ഐ മെഡിക്കൽകോളജ് ലഭ്യമാകുന്നതിന് സ്ഥലപരിമിതിയാണ് പ്രശ്നം. അല്ലാതെ സംസ്ഥാന സർക്കാർ അട്ടിമറിച്ചു എന്ന് പറയുന്നത് തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ എം.പി ഉയർത്തികൊണ്ടുവന്ന പ്രഹസന നാടകം മാത്രമാണ്. കൊട്ടിയത്ത് ഇ.എസ്.ഐ മെഡിക്കൽ കോളജിനും കശുവണ്ടി തൊഴിലാളികളുടെ കുടുംബത്തിലെ കുട്ടികൾക്ക് പഠിക്കാൻ ഇ.എസ്.ഐ നേഴ്സിംങ് കോളജും ആരംഭിക്കുന്നതിന് ആറ് ഏക്കർ സ്ഥലം ലഭ്യമാക്കും. ചിന്നക്കട പാലത്തിന്റെ കാര്യത്തിൽ വ്യവസായികളും ജനപ്രതിനിധികളുമടക്കം എല്ലാവരുമായി ചർച്ചചെയ്ത് തീരുമാനമെടുക്കും. എൻ.ഡി.എ സ്ഥാനാർഥി ഡോ. പ്രതാപ് കുമാർ ദീർഘ വീക്ഷണത്തോടുകൂടിയുള്ള നഗര വികസന പദ്ധതികളാണ് കൊല്ലത്തിന് ആവശ്യം. നരേന്ദ്രമോദി സർക്കാരിന്റെ പല പദ്ധതികളും കേരളത്തിൽ എത്തപെടുന്നത് ബ്ലോക്ക് ചെയ്യപ്പെട്ടു. 28 കൊല്ലമായി വികസന മുരടിപ്പിലാണ് കൊല്ലം. വിദ്യാഭ്യാസ-ആരോഗ്യ- വ്യവസായ രംഗമെല്ലാം കൊല്ലം പതിനാല് ജില്ലകളിൽ പിന്നിൽ നിന്ന് രണ്ടാം സ്ഥാനത്താണ്. ചടങ്ങിൽ പ്രസ് ക്ലബ് സെക്രട്ടറി സനൽ ഡി.പ്രേം അധ്യക്ഷനായി. ട്രഷറർ കണ്ണൻ നായർ സ്വാഗതവും കെ.യു.ഡബ്ലിയു.ജെ സംസ്ഥാന സമിതി അംഗം ജോൺസൺ വേങ്ങത്തടം നന്ദിയും പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Everyone says that Kollam is not the old Kollam.
