കോവളം തീരമണ്ഡലത്തിൽ ആരുടെ വിജയക്കൊടി പാറും?

കോവളം തീരമണ്ഡലത്തിൽ ആരുടെ വിജയക്കൊടി പാറും?

M
MadhyamamSource Link
തിരുവനന്തപുരം: ഇടത് തരംഗകാലത്തും തലസ്ഥാനത്തെ ഏക യു.ഡി.എഫ് തുരുത്തായി നിലകൊണ്ട തീരമണ്ഡലമായ കോവളത്ത് ഇത്തവണയും ആവേശപ്പോരാട്ടം. 2016ലും 2021ലും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴും എം. വിൻസെന്‍റിലൂടെ കോൺഗ്രസിനൊപ്പം നിന്ന പാരമ്പര്യമാണ് ലോക വിനോദസഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ട മണ്ഡലത്തിന്. എന്നാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എം.വി ശ്രേയാംസ് കുമാർ നേതൃത്വം നൽകുന്ന രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) വിട്ട് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനത ദളിൽ (ഐ.എസ്.ജെ.ഡി) ചേർന്ന ഭഗത് റൂഫസിനെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറക്കിയതോടെ മത്സരത്തിന് അപ്രതീക്ഷിത വീറും വാശിയും കൈവന്നു. ആര്‍.ജെ.ഡിയും ഐ.എസ്.ജെ.ഡിയും ഒരുപോലെ കോവളം സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സീറ്റ് സി.പി.എം ഏറ്റെടുത്ത് ആർ.ജെ.ഡി വിട്ട് ഐ.എസ്.ജെ.ഡിയിൽ ചേർന്ന ഭഗത് റൂഫസിനെ സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഭഗത് റൂഫസിനൊപ്പം സീറ്റ് തേടി ആർ.ജെ.ഡി വിട്ട് ഐ.എസ്.ജെ.ഡിയിൽ ചേർന്ന ടി.എൻ സുരേഷാണ് അപ്രതീക്ഷിത നീക്കത്തിൽ ബി.ജെ.പി സ്ഥാനാർഥിയായത്. കോവളം സീറ്റ് സി.പി.എം ഏറ്റെടുത്ത് സ്വതന്ത്രനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് സുരേഷ് ഐ.എസ്.ജെ.ഡി ബന്ധം വിട്ട് ബി.ജെ.പി ക്യാമ്പിലെത്തി സ്ഥാനാർഥിയായത്. 2016ൽ മണ്ഡലത്തിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിയായിരുന്നു സുരേഷ്. മണ്ഡലത്തിൽ പരിചയ സമ്പന്നരും മുൻ എം.എൽ.എമാരുമായിരുന്ന ജമീല പ്രകാശത്തെ 2016ലും മുൻ മന്ത്രി കൂടിയായ നീലലോഹിതദാസനെ 2021ലും തോൽപ്പിച്ചാണ് വിൻസെന്‍റ് മണ്ഡലത്തെ യു.ഡി.എഫിനൊപ്പം നിർത്തിയത്. 2021ൽ തിരുവനന്തപുരം ജില്ലയിൽ യു.ഡി.എഫിനൊപ്പം നിന്ന ഏക മണ്ഡലവും കോവളം ആയിരുന്നു. നേരത്തെ കൂടുതൽ തവണ എൽ.ഡി.എഫിന് ഒപ്പം നിന്ന പാരമ്പര്യമാണ് മണ്ഡലത്തിനെങ്കിലും എൽ.ഡി.എഫ് തരംഗകാലത്ത് തുടർച്ചയായി രണ്ട് തവണ യു.ഡി.എഫിനൊപ്പമാണെന്നത് അവർക്ക് മുൻതൂക്കം നൽകുന്നു. തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം, ഹാർബർ, വെങ്ങാനൂർ, പോർട്ട് വാർഡുകളും ബാലരാമപുരം, കല്ലിയൂർ, വെങ്ങാനൂർ, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ, പൂവാർ പഞ്ചായത്തുകളും ചേർന്നതാണ് കോവളം നിയോജക മണ്ഡലം. 2021 നിയമസഭ തെരഞ്ഞെടുപ്പ് എം. വിൻസെൻറ് -(കോൺഗ്രസ്) 74,868 നീലലോഹിതദാസൻ -(ജനതാദൾ എസ്) 63,306 വിഷ്ണുപുരം ചന്ദ്രശേഖരൻ -(ബി.ജെ.പി) 18664 2024 ലോക്സഭ -തെരഞ്ഞെടുപ്പ് യു.ഡി.എഫ് 64,042 എൽ.ഡി.എഫ് 39,137 എൻ.ഡി.എ 47,376 എം. വിൻസെന്‍റ് സിറ്റിങ് എം.എൽ.എ, സ്കൂൾ പഠനകാലത്ത് കെ.എസ്.യുവിലൂടെ തുടക്കം. കെ.എസ്.യു താലൂക്ക്, ജില്ലാ ഭാരവാഹിയായി. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി പദവികളും വഹിച്ചു. നേമം േബ്ലാക്ക് പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിൽ, കേരള സർവകലാശാല സെനറ്റ് അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2016ൽ സിറ്റിങ് എം.എൽ.എയായിരുന്ന ജമീലാ പ്രകാശത്തെ തോൽപ്പിച്ച് ആദ്യമായി നിയമസഭയിലെത്തി. 2021ൽ മുൻ മന്ത്രി നീലലോഹിതദാസനെ തോൽപ്പിച്ച് രണ്ടാം ജയം. ഭഗത് റൂഫസ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ അംഗമാണ്. ആർ.ജെ.ഡി ജില്ലാ സെക്രട്ടറി, യുവജന വിഭാഗം സംസ്ഥാന വൈസ്പ്രസിഡന്‍റ് പദവികൾ വഹിച്ച ഭഗത് റൂഫസ് സമീപകാലത്താണ് ആർ.ജെ.ഡി വിട്ട് ഐ.എസ്.ജെ.ഡിയിൽ ചേർന്നത്. ടി.എൻ സുരേഷ് ആർ.ജെ.ഡി വിട്ടെത്തിയാണ് ടി.എൻ സുരേഷ് ബി.ജെ.പി സ്ഥാനാർഥിയാകുന്നത്. ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറിയായിരുന്നു. ആർ.ജെ.ഡിക്ക് പിന്നാലെ ഐ.എസ്.ജെ.ഡിയിലും പിന്നാലെ ബി.ജെ.പിയിലുമെത്തി. എസ്.എന്‍.ഡി.പി യോഗം കോവളം യൂണിയന്‍ പ്രസിഡന്റ് കൂടിയായ സുരേഷ് 2016ൽ കോവളത്ത് ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി 30,987 വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ദേശീയ ഗുസ്തി ചാമ്പ്യനായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോവളം തീരമണ്ഡലത്തിൽ ആരുടെ വിജയക്കൊടി പാറും? — Madhyamam | B… | Boolokam