കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടത് ആധിപത്യം പുലർത്തുന്ന കോഴിക്കോട്ട് ഇത്തവണ അദ്ഭുതങ്ങൾക്ക് സാധ്യത തുറന്നിട്ടിരിക്കുകയാണ്. ഉറച്ച ഇടത് കോട്ടകളിൽ അട്ടിമറി പ്രതീക്ഷിക്കേണ്ടതുണ്ട്. ജില്ലയിലെ 13 മണ്ഡലങ്ങളിൽ 2021ലും 2016ലും 11 സീറ്റുകൾ എൽ.ഡി.എഫ് നേടിയതാണ്. ഇത്തവണ ആറ് -എട്ട് സീറ്റുകളിൽ അട്ടിമറിയെന്നാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. അതേസമയം കോട്ടകൾ ഇളകില്ലെന്ന് എൽ.ഡി.എഫ് തറപ്പിച്ച് പറയുന്നു. വടകര, നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി, കൊടുവള്ളി എന്നിവയാണ് യു.ഡി.എഫ് ഉറപ്പിച്ച സീറ്റുകൾ. എൽ.ഡി.എഫാവട്ടെ ബാലുശ്ശേരി, തിരുവമ്പാടി, എലത്തൂർ, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഉറച്ച പ്രതീക്ഷ പങ്കിടുന്നു. എല്ലായിടത്തും തീപാറും പോരാട്ടമാണ്. എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ മത്സരിക്കുന്ന പേരാമ്പ്രയിൽ അട്ടിമറിയെന്ന പ്രചാരണം എൽ.ഡി.എഫ് തീർത്തും തള്ളുന്നില്ല. കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളിൽ ബി.ജെ.പി പിടിക്കുന്ന വോട്ട് ഇരുകൂട്ടർക്കും നിർണായകമാവും. ജില്ലയിൽ കോൺഗ്രസിന് 25 വർഷമായി എം.എൽ.എ ഇല്ല. ആ ചരിത്രം ഇത്തവണ ആവർത്തിക്കില്ല. തദ്ദേശത്തിൽ യു.ഡി.എഫ് ജില്ലയിൽ അട്ടിമറിനേട്ടം ഉണ്ടാക്കിയിരുന്നു. അതിന്റെ ഊർജം പ്രചാരണത്തിൽ പ്രകടം. അതേസമയം, അടിത്തട്ടിലെ ചിട്ടയായ പ്രവർത്തനത്തിൽ എൽ.ഡി.എഫാണ് മുന്നിൽ. പേരാമ്പ്രയും ബേപ്പൂരുമാണ് സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലങ്ങൾ. മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുന്ന പി. വി. അൻവർ അവസാന ലാപിൽ അസാധാരണ മത്സരം കാഴ്ചവെക്കുന്നുണ്ട്. പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയക്കെതിരായ വർഗീയ പരാമർശങ്ങൾ എൽ.ഡി.എഫിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയണം. അതേസമയം, കൊടുവള്ളിയിൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷം എന്ന പ്രതീക്ഷ അവസാനഘട്ടത്തിൽ മങ്ങിയിട്ടുണ്ട്. ക്ഷേമപെൻഷനുകളും അടിസ്ഥാന സൗകര്യവികസനവും വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. കോഴിക്കോട്ടെ സീറ്റുകളാണ് യു.ഡി.എഫ് സ്വപ്നം കാണുന്ന അക്കത്തിലേക്കുള്ള ഊന്നുവടി.

കോഴിക്കോട്ട് അദ്ഭുതങ്ങൾക്ക് സാധ്യത; സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലങ്ങളായി പേരാമ്പ്രയും ബേപ്പൂരും
M
MadhyamamSource Link
about 1 month ago