ന്യൂഡൽഹി: ഇസ്‌ലാമാബാദിലെ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് യുദ്ധം ഇറാനിലെ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചതായി പ്രശസ്ത ചലച്ചിത്ര സംവിധായകൻ മജീദ് മജീദി. തെഹ്‌റാനിൽ റെഡ് ക്രസന്റിനോടൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അദ്ദേഹം മാധ‍്യമങ്ങളോട് സംസാരിക്കുമ്പോഴാണ് നിലപാട് വ‍്യക്തമാക്കിയത്. ഒരു മാസത്തിലേറെയായി ഇറാനിലെ നഗരങ്ങളിൽ തുടരുന്ന ബോംബാക്രമണങ്ങൾ വീടുകളെയും ആശുപത്രികളെയും വിദ്യാലയങ്ങളെയുമാണ് ബാധിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരി 28ന് മിനാബിലുണ്ടായ ആക്രമണത്തിൽ നൂറിലധികം വിദ്യാർഥികളും അധ്യാപകരും കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തിൽ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തെ വിവിധ ഭരണകൂടങ്ങൾ ഇറാനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുമ്പോഴും ആഗോള പൊതുസമൂഹം ഇറാനിലെ ജനങ്ങൾക്കൊപ്പമാണെന്ന് മജീദി പറഞ്ഞു. യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലും യുദ്ധവിരുദ്ധ പ്രകടനങ്ങൾ നടക്കുന്നത് ഇതിന്റെ തെളിവാണ്. യുദ്ധത്തിൽ കൊല്ലപ്പെട്ട കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം ‘ഏഞ്ചൽസ് ഓഫ് മിനാബ്’ എന്ന പേരിൽ ഡൽഹിയിലെ ഇറാൻ എംബസിയിൽ സംഘടിപ്പിച്ചിരുന്നു. ഒന്നര ലക്ഷത്തോളം വീടുകൾ ബോംബാക്രമണത്തിൽ തകർക്കപ്പെട്ടിട്ടും അന്താരാഷ്ട്ര സംഘടനകൾ പുലർത്തുന്ന നിശബ്ദത നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കടുത്ത പ്രതിസന്ധികൾക്കിടയിലും ഇറാനിയൻ ജനതയുടെ അതിജീവന കരുത്ത് തകരില്ലെന്ന് മജീദി വ്യക്തമാക്കി. നയതന്ത്രത്തിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്നും മരുന്നുകൾ ഉൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾ ഇറാനിലേക്ക് എത്തിക്കാൻ ലോകരാജ്യങ്ങൾ മുൻകൈ എടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. താൻ ഇറാനിൽ തന്നെ തുടരുമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാമറ മാറ്റിവെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സംവിധായകൻ മജീദ് മജീദി
M
MadhyamamSource Link
23 days ago