ബംഗളൂരു: ക്രിപ്റ്റോകറൻസി തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ വിവിധയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരിശോധന. ബിറ്റ്കോയിൻ കേസിലെ മുഖ്യപ്രതിയായ ശ്രീകൃഷ്ണ രമേശ് എന്ന ശ്രീകിയുടെയും കർണാടകയിലെ കോൺഗ്രസ് എം.എൽ.എയായ എൻ.എ. ഹാരിസിന്റെ മക്കളായ മുഹമ്മദ് ഹാരിസ് നാലാപ്പാട്, ഒമർ ഫറൂഖ് നാലാപ്പാട് എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിലുമാണ് പരിശോധന. എൻ.എ. ഹാരിസിന്റെ വീട് ഉൾപ്പെടെ 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. നിയമവിരുദ്ധമായ ക്രിപ്‌റ്റോ ഇടപാടുകളിലൂടെ ലഭിക്കുന്ന വരുമാനം വെളുപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റെയ്ഡ്. ശ്രീകിയുമായി ഹാരിസിന്റെ മക്കൾക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഇരുവർക്കും ഈ ഇടപാടുകളുടെ ആദായം ലഭിച്ചെന്നുമാണ് ഇ.ഡിയുടെ വാദം. നേരത്തേ, ശ്രീകിയും കൂട്ടാളികളും ബിറ്റ്കോയിനുകൾ മോഷ്ടിച്ചതായി ആരോപണം ഉയർന്നിരുന്നു. ദേശീയ, അന്തർദേശീയ വെബ്‌സൈറ്റുകൾ ഉൾപ്പെട്ട 2017ലെ ഹാക്കിങ് സംഭവത്തിൽ കർണാടക പൊലീസിന്റെ എഫ്.ഐ.ആറുകളിലും കുറ്റപത്രങ്ങളിൽ നിന്നുമാണ് കേസ് വന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃത വരുമാനത്തിന്റെ ഗുണഭോക്താക്കളാണ് മുഹമ്മദ് ഹാരിസും ഒമർ ഫാറൂക്കും എന്നാണ് ഇ.ഡിയുടെ സംശയം. മുൻ കേന്ദ്രമന്ത്രി കെ. റഹ്മാൻ ഖാന്റെ ചെറുമകനായ മുഹമ്മദ് ഹക്കീബ് ഖാന്റെ ബംഗളൂരുവിലെ വസതിയിലും ഇ.ഡി. റെയ്ഡ് നടത്തി. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴി സംശയാസ്പദമായ പണമിടപാടുകൾ നടന്നതായാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഹക്കീബ് ഖാനും ശ്രീകിയും തമ്മിലുള്ള ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. കേസ് നേരത്തെ സെൻട്രൽ ക്രൈം ബ്രാഞ്ചും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും അന്വേഷിച്ചിരുന്നു. അതേസമയം, ഇ.ഡിയുടെ റെയ്ഡിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ആദായനികുതി വകുപ്പ്, ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ബി.ജെ.പി രാഷ്ട്രീയ ഉപകരണങ്ങളായി ഉപയോഗിക്കുന്നുവെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഇ.ഡിയെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള പാവയെന്ന് വിശേഷിപ്പിച്ച പ്രിയങ്ക് ഖാർഗെ പരിശോധനകൾക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നും ഇ.ഡി കുറ്റപത്രം സമർപ്പിച്ചതിനുശേഷം മാത്രമേ വ്യക്തത വരൂ എന്നും പ്രതികരിച്ചു.

കർണാടക കോൺഗ്രസ് എം.എൽ.എ എൻ.എ. ഹാരിസിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; 12 ഇടങ്ങളിൽ പരിശോധന
M
MadhyamamSource Link
20 days ago