കർണാടകയിൽ ഓട്ടോ എൽ.പി.ജി വിതരണം ശക്തിപ്പെടുത്തും

കർണാടകയിൽ ഓട്ടോ എൽ.പി.ജി വിതരണം ശക്തിപ്പെടുത്തും

M
MadhyamamSource Link
ബംഗളൂരു: കർണാടകയിൽ ഓട്ടോ എൽ.പി.ജി വിതരണം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്( ഐ.ഒ.സി.എൽ)അറിയിച്ചു. ഓട്ടോ എൽ.പി.ജി ഡിസ്പെൻസിങ് സ്റ്റേഷനുകളുടെ കുറവ്, വിതരണക്കുറവ് എന്നിവ സ്വകാര്യ ഓട്ടോ എൽ.പി.ജി ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടുന്നതിന് കാരണമാകുന്നു. ഇവ വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നു. എൽ.പി.ജി. ക്ഷാമം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഓട്ടോറിക്ഷ സര്‍വിസുകള്‍ മുടങ്ങാന്‍ കാരണമാകുന്നു. അതിനാല്‍ പ്രവര്‍ത്തനക്ഷമമായ സ്റ്റേഷനുകളില്‍ ഇന്ധനം നിറക്കുന്നതിനായി ഡ്രൈവര്‍മാര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥ വരുന്നു. സംസ്ഥാനത്ത് ഓയിൽ മാർക്കറ്റിങ് കമ്പനികൾ സംയുക്തമായി 72 ഓട്ടോ എൽ.പി.ജി സ്റ്റേഷനുകള്‍ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിൽ 55 എണ്ണം ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ കീഴിലാണ്. 300-ലധികം ഔട്ട്‌ലെറ്റുകൾ സ്വകാര്യ കമ്പനികൾ പ്രവർത്തിപ്പിച്ചിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇവയില്‍ 80 ശതമാനവും പ്രവർത്തനരഹിതമാണ്. കേന്ദ്ര സർക്കാറിന്‍റെ പിന്തുണയോടെ കർണാടകയിൽ ഐ.ഒ.സി.എൽ വിതരണം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ പ്രതിദിനം ഏകദേശം 43.5 മെട്രിക് ടണ്ണായിരുന്ന ശരാശരി പ്രതിദിന വിതരണം മാർച്ചിൽ 59.53 മെട്രിക് ടണ്ണായി വര്‍ധിച്ചെന്നും ഏപ്രിൽ നാലു മുതൽ ഇത് 68.53 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഐ.ഒ.സി.എൽ ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഔട്ട്‌ലെറ്റുകൾ ബംഗളൂരുവിൽ ലിറ്ററിന് 89.52 രൂപക്ക് ഓട്ടോ എൽ.പി.ജി വിൽക്കുന്നുണ്ടെന്നും സ്വകാര്യ വിപണനക്കാർ ലിറ്ററിന് 99 മുതൽ 105 രൂപ വരെ വിലക്കാണ് വില്‍ക്കുന്നതെന്നും കമ്പനി പറഞ്ഞു. വിലയിലെ മാറ്റം ഉപഭോക്താക്കള്‍ പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്ന ഓട്ടോ എൽ.പി.ജി സ്റ്റേഷനുകളിലേക്ക് അടുപ്പിക്കുകയും ഇവിടെ തിരക്ക് വര്‍ധിക്കാന്‍ കാരണവുമായി. ഓട്ടോറിക്ഷകളില്‍ ഭൂരിഭാഗവും ഓട്ടോ എൽ.പി.ജിയിലും പെട്രോളിലും പ്രവർത്തിക്കുന്നവയാണെന്നും ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുമെന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കർണാടകയിൽ ഓട്ടോ എൽ.പി.ജി വിതരണം ശക്തിപ്പെടുത്തും — Madhyama… | Boolokam