കർണാടകയിൽ വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പർ, ബിൽ നിയമസഭ പാസാക്കി; പകർപ്പ് കീറിയെറിഞ്ഞ് ബി.ജെ.പി പ്രതിഷേധം

കർണാടകയിൽ വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പർ, ബിൽ നിയമസഭ പാസാക്കി; പകർപ്പ് കീറിയെറിഞ്ഞ് ബി.ജെ.പി പ്രതിഷേധം

M
MadhyamamSource Link
കർണാടക: കർണാടകയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാനുള്ള കർണാടക ഗ്രാമ സ്വരാജ്, പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ 2026 നിയമസഭ പാസാക്കി. ബി.ജെ.പിയുടെ കടുത്ത പ്രതിഷേധങ്ങൾക്കിടയിലാണ് തിങ്കളാഴ്ച ഈ നിർണായക ബിൽ സഭയിൽ പാസായത്. വോട്ടിങ് യന്ത്രങ്ങളുടെ സുതാര്യതയിൽ രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ടുവെന്ന് ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഇ.വി.എമ്മുകൾ ഒരു ബ്ലാക്ക് ബോക്സ് പോലെയാണെന്നും എന്നാൽ ബാലറ്റ് പേപ്പറിൽ ക്രമക്കേടുകൾ കണ്ടെത്താൻ എളുപ്പമാണെന്നും അദ്ദേഹം വാദിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ഇപ്പോഴും ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ചു. ഇത് സംസ്ഥാനത്തെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവികൾക്ക് പരിഹാരം കാണാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബില്ലിനെ എതിർത്ത ആർ. അശോക സഭയിൽ വെച്ച് ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞു. ഇത് ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി എം.എൽ.എമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് മുതിർന്ന ബിജെപി നേതാവ് സുനിൽ കുമാർ ആരോപിച്ചു. സാങ്കേതികവിദ്യയിൽ മുന്നിട്ടുനിൽക്കുന്ന കർണാടകക്ക് ഈ മാറ്റം അനുയോജ്യമല്ലെന്ന വാദത്തെ കോൺഗ്രസ് എം.എൽ.എ റിസ്‌വാൻ അർഷാദ് എതിർത്തു. ലോകത്തെ പല വികസിത രാജ്യങ്ങളും ഇപ്പോഴും ബാലറ്റ് പേപ്പറാണ് തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കർണാടകയിൽ വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പർ, ബിൽ… | Boolokam