ബംഗളൂരു: ഏപ്രിൽ ഒമ്പതിന് ബഗൽകോട്ട്, ദാവൻഗരെ സൗത്ത് മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ കോൺഗ്രസ് നിർണായക വിജയം നേടുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ശക്തി, ഗൃഹലക്ഷ്മി, ഗൃഹജ്യോതി, യുവനിധി, അന്നഭാഗ്യ തുടങ്ങി കോണ്‍ഗ്രസ് പാർട്ടിയുടെ ഗ്യാരണ്ടി പദ്ധതികൾക്ക് ജനങ്ങളില്‍നിന്നും അനുകൂലമായ പ്രതികരണം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ദാവൻഗരെ സൗത്ത്, ബഗൽകോട്ട് മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിരുന്ന കോൺഗ്രസ് എം.എൽ.എമാരായ ഷാമണൂർ ശിവശങ്കരപ്പ, എച്ച് .വൈ. മേട്ടി എന്നിവരുടെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. ശിവശങ്കരപ്പയുടെ ചെറുമകൻ സമർത് ഷാമനൂര്‍ ദാവൻഗരെ സൗത്തിലും ഉമേഷ് മേട്ടി ബഗൽകോട്ടിലും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. ബി.ജെ.പി സ്ഥാനാർഥികളായ ടി. ദാസകരിയപ്പ, വീരഭദ്രയ്യ ചരന്തിമഠ് എന്നിവരാണ് എതിരാളികള്‍. മേഖലയില്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടു പോയി ഗ്യാരണ്ടി പദ്ധതികളെക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്തുന്നുവെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പിയെ പിന്തുണച്ചവര്‍പോലും ഇപ്പോൾ കോൺഗ്രസിനെ പിന്തുണക്കുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ മികച്ച വിജയം കൊയ്യാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. രണ്ടു ദിവസത്തേക്ക് കേരളത്തിലേക്ക് പോകുമെന്നും തിരിച്ചെത്തിയ ഉടന്‍ ദാവൻഗരെയില്‍ പ്രചാരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എൽ.പി.ജി ക്ഷാമത്തിന് കാരണം ബി.ജെ.പിയാണെന്നും പ്രതിസന്ധി മൂലം ഓട്ടോ ഡ്രൈവർമാരും ഗതാഗത മേഖലയിലുള്ളവരും ബുദ്ധിമുട്ടുകൾ നേരിടുന്നു. കേന്ദ്ര സർക്കാർ പ്രശ്നനം പരിഹരിക്കണമെന്നും അതിനാവശ്യമായ നയങ്ങൾ രൂപവത്കരിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കർണാടക ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കും- ഉപമുഖ്യമന്ത്രി
M
MadhyamamSource Link
about 1 month ago