ദോഹ: ഇറാൻ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ, ഖത്തറിലെ ഇറാൻ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി. എംബസിയിലെ മിലിട്ടറി അറ്റാഷെ, സെക്യൂരിറ്റി അറ്റാഷെ എന്നിവരും മറ്റ് ജീവനക്കാരും 24 മണിക്കൂറിനകം രാജ്യം വിട്ടുപോകണം. ഇറാൻ എംബസി ഉദ്യോഗസ്ഥരെ അഭികാമ്യമില്ലാത്ത വ്യക്തികളായും (പേഴ്സണ നോൺ ഗ്രാറ്റ) ഖത്തർ പ്രഖ്യാപിച്ചു. വിദേശ നയതന്ത്രജ്ഞർ ഉദ്യോഗസ്ഥർ തുടങ്ങിയവർ തങ്ങളുടെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന നടപടിയാണ് പേഴ്സണ നോൺ ഗ്രാറ്റ. വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ ഡയറക്ടർ ഇബ്രാഹിം യൂസിഫ് ഫഖ്‌റുവും ഇറാൻ അംബാസഡർ അലി സലേഹബാദിയും ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് എംബസി ഉദ്യോഗസ്ഥരെ പുറത്താക്കിയുള്ള തീരുമാനം വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചത്. ഇറാൻ ആക്രമണങ്ങൾ ആവർത്തിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും എതിരായ ലംഘനമാണ്. ഇറാൻ ശത്രുതാപരമായ സമീപനം തുടരുന്നാൽ, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ദേശീയ താൽപര്യങ്ങളും ഉറപ്പാക്കുന്നതിനായി കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി, പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം ഖത്തറിനുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

ഖത്തറിലെ ഇറാൻ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി
M
MadhyamamSource Link
about 2 months ago