മസ്കത്ത്: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും മസ്‌കത്തിൽവെച്ച് കൂടിക്കാഴ്ച നടത്തി. മസ്‌കത്തിലെ അൽ ബറക്ക പാലസിൽ നടന്ന ചർച്ചയിൽ മേഖലയിലെ സുരക്ഷ, സ്ഥിരത, ഊർജ വിതരണം, അന്താരാഷ്ട്ര സമുദ്ര ഗതാഗതം തുടങ്ങി സുപ്രധാന വിഷയങ്ങൾ ഇരു നേതാക്കളും വിലയിരുത്തി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും സംയുക്തമായ ശ്രമങ്ങൾ ആവശ്യമാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. തർക്കങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര ചർച്ചകൾക്കും സംഭാഷണങ്ങൾക്കും മുൻഗണന നൽകണം. അത് മേഖലയുടെയും ലോകത്തിന്റെയും സുരക്ഷക്ക് അത്യന്താപേക്ഷിതമാണെന്നും നേതാക്കൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും നേതാക്കൾ പങ്കുവെച്ചു. ഉന്നതതല ചർച്ചയിൽ അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖി തുടങ്ങിയവർ പങ്കെടുത്തു. ഒമാൻ ഭാഗത്തുത്തുനിന്ന് പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി ശിഹാബ് ബിൻ താരിഖ് അൽ സഈദ്, സാമ്പത്തികകാര്യ ഉപപ്രധാനമന്ത്രി ദി യസിൻ ബിൻ ഹൈതം അൽ സഈദ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഇരു നേതാക്കളും പ്രത്യേക കൂടിക്കാഴ്ചയും നടത്തി.

ഖത്തർ അമീർ മസ്കത്തിൽ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി
M
MadhyamamSource Link
23 days ago