റിയാദ്: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ ഖത്തർ സായുധ സേനാംഗങ്ങൾ വീരമൃത്യു വരിച്ച സംഭവത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് സൗദി ഭരണനേതൃത്വം അനുശോചനം അറിയിച്ചു. സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീറിന് പ്രത്യേകം അനുശോചന സന്ദേശങ്ങൾ അയച്ചു. ഖത്തർ പ്രാദേശിക സമുദ്രാതിർത്തിയിൽ പതിവ് ഡ്യൂട്ടിക്കിടെ സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ തകർന്നു വീണാണ് അപകടമുണ്ടായത്. ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ ഖത്തർ സായുധ സേനയിലെ നിരവധി അംഗങ്ങൾക്ക് ജീവൻ നഷ്ടമായ വാർത്ത ഏറെ ദുഃഖത്തോടെയാണ് അറിഞ്ഞതെന്ന് സൗദി നേതാക്കൾ വ്യക്തമാക്കി. രാജാവിെൻറ അനുശോചനം: ‘സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ തകർന്നു വീണ വാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. താങ്കൾക്കും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരേതർക്ക് സർവശക്തനായ അല്ലാഹു കാരുണ്യവും പാപമോചനവും നൽകി അനുഗ്രഹിക്കട്ടെ. നിങ്ങളെ എല്ലാവിധ വിപത്തുകളിൽ നിന്നും ദൈവം കാത്തുരക്ഷിക്കട്ടെ.’ കിരീടാവകാശിയുടെ അനുശോചനം: ‘ഖത്തർ സൈനികരുടെ വിയോഗ വാർത്ത അറിഞ്ഞതിൽ അതീവ ദുഃഖമുണ്ട്. അമീറിനെയും മരിച്ചവരുടെ കുടുംബങ്ങളെയും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു. പരേതരുടെ ആത്മാക്കൾക്ക് സ്വർഗം ലഭിക്കാനായി പ്രാർത്ഥിക്കുന്നു.’ സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം, ദുരന്തമുഖത്ത് ഖത്തറിനൊപ്പം നിലകൊള്ളുന്നതായും സൗദി ഭരണകൂടം സന്ദേശത്തിൽ അടിവരയിട്ടു. അനുശോചിച്ച് ലോക നേതാക്കൾ ദോഹ: ഹെലികോപ്ടർ തകർന്നു വീണ് ഖത്തർ സായുധ സേനാ അംഗങ്ങൾ വീരമൃത്യു വരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചത്. സാങ്കേതിക തകരാറിനെത്തുടർന്ന് ഖത്തറിന്റെ സമുദ്രാതിർത്തിയിൽ വെച്ചാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജാറഹ് ജാബർ അൽ അഹമ്മദ് അൽ സബാഹ്, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ് യാൻ, തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദലാത്തി എന്നിവരാണ് ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് അനുശോചനം അറിയിച്ചത്. ഹെലിക്കോപ്ടർ അപകടത്തിൽ ഏഴ് സൈനികർ മരിച്ച സംഭവത്തിൽ ഖത്തർ, തുർക്കി രാജ്യങ്ങൾക്ക് ബഹ്റൈൻ അനുശോചനം അറിയിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് അനുശോചനം രേഖപ്പെടുത്തിയത്. സൈനികരെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഹെലിക്കോപ്ടറാണ് ഖത്തർ തീരത്ത് തകർന്നുവീണത്. അപകടത്തിൽ ഖത്തർ സായുധ സേനയിലെ അംഗങ്ങളും ഖത്തർ -തുർക്കിയ സംയുക്ത സേനയിലെ ഉദ്യോഗസ്ഥരുമാണ് വീരമൃത്യു വരിച്ചത്.

ഖത്തർ സൈനികരുടെ വീരമൃത്യു: അനുശോചിച്ച് സൗദി ഭരണനേതൃത്വം
M
MadhyamamSource Link
about 2 months ago