ദോഹ: ഖുർആൻ പാരായണം മനോഹരമാക്കുന്നതിനും തജ് വീദ് നിയമങ്ങൾ പഠിപ്പിക്കുന്നതിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 സ്റ്റഡി സർക്കിളുകൾ ഔഖാഫ് മന്ത്രാലയം ആരംഭിച്ചു. മന്ത്രാലയത്തിന്റെ കീഴിലുള്ള ദഅ്വ ആൻഡ് റിലീജിയസ് ഗൈഡൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഖുർആൻ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപകമാക്കുന്നതിനുമായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. അധ്യാപകരുടെ മേൽനോട്ടത്തിൽ ശാസ്ത്രീയമായ രീതിയിൽ ഖുർആൻ പാരായണവും തജ്വീദും പഠിക്കുകയാണ് ലക്ഷ്യം. അബൽ ഹീറാനിലെ ഇബ്നു അതിയ്യ സെന്റർ, റൗദത്ത് അൽ ഹമാമയിലെ അൽ സിബ്തൈൻ സെന്റർ, ഉസൈദ് ബിൻ ഹുദൈർ സെന്റർ, അൽ തുമാമയിലെ അബു ജാഫർ സെന്റർ, സൗത്ത് ദുഹൈലിലെ ഇമാം ഖല്ലാദ് സെന്റർ, സഅദ് ബിൻ സൈദ് സെന്റർ, ഉബാദ ബിൻ അൽ സാമിത് സെന്റർ, മുഹമ്മദ് നാസർ അൽ ജാഫലി അൽ നുഐമി സെന്റർ, അൽ ഗാനിം അൽ ജദീദിലെ സുഫ് യാൻ അൽ തൗരി സെന്റർ, അൽ വജ്ബയിലെ ഷഹീൻ ബിൻ ഗാനിം അൽ ഗാനിം സെന്റർ, അൽ വക്റയിലെ ഷുഹൈബ് അൽ റൂമി സെന്റർ, അബ്ദുല്ല ബിൻ ഖബാബ് സെന്റർ, അൽ തുമൈദിലെ അംറ് ബിൻ അൽ ആസ് സെന്റർ, റൗദത്ത് അൽ ജഹാനിയയിലെ മറിയം ബിൻത് അബ്ദുല്ല അൽ അതിയ്യ സെന്റർ തുടങ്ങിയ കേന്ദ്രങ്ങളിലാണ് പുതിയ സ്റ്റഡി സർക്കിളുകൾ ആരംഭിച്ചിട്ടുള്ളത്. ഞായർ മുതൽ ബുധൻ വരെ ആഴ്ചയിൽ നാല് ദിവസമാണ് ക്ലാസുകൾ നടക്കുക. മഅരിബിനും ഇശാഅ് നമസ്കാരത്തിനും ഇടയിലുള്ള സമയത്താണ് ഖുർആൻ പഠനത്തിനായുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്. താൽപര്യമുള്ളവർക്ക് ക്ലാസ് നടക്കുന്ന സമയങ്ങളിൽ അതത് കേന്ദ്രങ്ങളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 16577 എന്ന നമ്പറിൽ ബന്ധപ്പെടാം. ഖുർആൻ പഠിതാക്കളുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് രാജ്യത്തുടനീളം കൂടുതൽ സെന്ററുകൾ ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഖുർആൻ പഠനത്തിനായി സ്റ്റഡി സെന്ററുകൾ ആരംഭിച്ചു
M
MadhyamamSource Link
about 1 month ago