കാലടി: 21ന് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് കർശന നിർദേശങ്ങളുമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല. ഗവർണറുടെ പ്രസംഗം അവസാനിച്ചാൽ നിയന്ത്രിത കൈയടിയിലൂടെ ആദരവ് പ്രകടിപ്പിക്കണമെന്നതടക്കമാണ് നിർദേശങ്ങൾ. രാവിലെ 10.30ന് നടക്കുന്ന ശങ്കരജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ എത്തുന്നത്. എല്ലാ ജീവനക്കാരും അധ്യാപകരും പങ്കെടുക്കണമെന്ന് വൈസ് ചാൻസലർ സിസ തോമസിന്റെ നിർദേശ പ്രകാരം രജിസ്ട്രാർക്ക് വേണ്ടി അസി. രജിസ്ട്രാർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ഗവർണർ ഹാളിൽ എത്തുന്നതിനുമുമ്പ് എല്ലാവരും മൊബൈൽ ഫോൺ സൈലന്റ് മോഡിലാക്കണം. ഗവർണർ വേദിയിലേക്ക് എത്തുമ്പോൾ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണം. പ്രസംഗത്തിലുടനീളം നിശബ്ദത പാലിക്കണം, അനാവശ്യ ചലനങ്ങൾ, ആംഗ്യങ്ങൾ, സംസാരങ്ങൾ, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒഴിവാക്കണം. പരിപാടി അവസാനിക്കുന്നതുവരെ ആരും ഹാൾ വിട്ടു പോകരുതെന്നും സർക്കുലറിൽ പറയുന്നു.

ഗവർണറുടെ പ്രസംഗം; നിർദേശങ്ങളുമായി കാലടി സർവകലാശാല
M
MadhyamamSource Link
21 days ago