ഗുരു വിചാരധാര വിഷു ദിനാഘോഷം സംഘടിപ്പിച്ചു

ഗുരു വിചാരധാര വിഷു ദിനാഘോഷം സംഘടിപ്പിച്ചു

അജ്‌മാൻ: ഗുരു വിചാരധാരയുടെ ആഭിമുഖ്യത്തിൽ അജ്‌മാനിലെ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വിഷു ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി. പ്രമുഖ വ്യവസായിയും സംഘടന രക്ഷാധികാരിയുമായ എൻ. മുരളീധര പണിക്കർ ആഘോഷം ഉദ്ഘാടനം ചെയ്തു. വിഷു കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും ഓർമകളെ പുതുക്കുന്ന ദിനമാണെന്നും മനുഷ്യസ്നേഹവും സഹോദര്യവും ഉയർത്തിപ്പിടിക്കുന്ന പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ ഭരണകർത്താക്കൾ പ്രവാസികൾക്ക് നൽകുന്ന കരുണയും കരുതലും സ്നേഹവും അഭിനന്ദനാർഹമാണെന്നും, ലോക സമാധാനത്തിനായി എല്ലാവരും പ്രാർഥിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്‍റ്​ പി.ജി. രാജേന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഒ.പി. വിശ്വംഭരൻ, ഷാജി ശ്രീധരൻ, ശ്യാംപ്രഭു, ഡയസ് ഇടിക്കുള, അജിത് കണ്ടല്ലൂർ, വിജയകുമാർ ഓലകെട്ടി, ആകാശ് പണിക്കർ, വന്ദന മോഹൻ, അതുല്യ വിജയകുമാർ, വിഭു രഘുവരൻ, സഞ്ജു രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ദിവ്യാമണി സ്വാഗതവും പ്രഭാകരൻ പയ്യന്നൂർ നന്ദിയും രേഖപ്പെടുത്തി. യോഗത്തിൽ യു.എ.ഇ രാജ്യത്തോടുള്ള പ്രവാസികളുടെ ഹൃദയപൂർവ്വമായ കൃതജ്ഞത രേഖപ്പെടുത്തി പ്രത്യേക പ്രതിജ്ഞയും എടുത്തു. പി.ജി. രാജേന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ വിഷുക്കണി ഒരുക്കി പാരമ്പര്യ രീതിയിൽ കൈനീട്ടവും മധുരവും വിതരണം ചെയ്ത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ശ്രീകൃഷ്ണ വേഷം ധരിച്ച കുട്ടികളുടെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ നിറം പകർന്നു. തുടർന്ന് തിരുവാതിര, കുച്ചുപ്പുടി, ഭാരതനാട്യം, വിവിധ നൃത്താവിഷ്കാരങ്ങൾ, ഭജന, ഗാനമേള എന്നിവ ഉൾപ്പെടെ കലാപരിപാടികൾ അരങ്ങേറി. വിഭവ സമൃദ്ധമായ വിഷു സദ്യയും ആഘോഷത്തിന്‍റെ പ്രധാന ആകർഷണമായി. ഗായത്രി രംഗൻ, മഞ്ജു വിനോദ്, അർജുൻ, വിജയകുമാർ ഇരിങ്ങാലക്കുട, മണി മിത്തൽ, പ്രതീപ് കാഞ്ഞങ്ങാട്, രാഗിണി മുരളീധരൻ, ലളിത വിശ്വംഭരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗുരു വിചാരധാര വിഷു ദിനാഘോഷം സംഘടിപ്പിച്ചു — Madhyamam | Boo… | Boolokam