ന്യൂഡൽഹി: ഗുരുഗ്രാമിൽ നാല് വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ കേസിൽ ഹരിയാന പൊലീസിന്‍റെയും ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്‍റെയും നടപടികളിലുണ്ടായ വീഴ്ചയിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കുട്ടികളോടുള്ള സമീപനത്തിൽ പോലീസും കോടതിയും പാലിക്കേണ്ട സംയമനം ഈ കേസിൽ പ്രകടമായില്ലെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. `മെട്രോപൊളിറ്റൻ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്താണ് ഇത് സംഭവിച്ചത്. ആക്രമണത്തിനിരായായ ഒരു കുട്ടിയോടാണ് നിങ്ങൾ ഇടപഴകുന്നത് എന്ന ബോധമില്ലേ?' ചീഫ് ജസ്റ്റിസ് ചോദിച്ചു. കേസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന ഇരയുടെ മാതാപിതാക്കളോടുള്ള പൊലീസിന്‍റെ ചോദ്യം ഞെട്ടിക്കുന്നതാണെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടത് പൊലീസിന്റെ കടമയാണെന്നും കോടതി ഓർമിപ്പിച്ചു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ പ്രതിയെ അടുത്തുതന്നെ ഇരുത്തിയത് നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഇരയുടെ മാതാപിതാക്കൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. കേസ് പിൻവലിക്കാൻ അന്വേഷണ ഉദ്യോഗസ്ഥ മാതാപിതാക്കളെ സമ്മർദത്തിലാക്കിയിരുന്നുവെന്നും മുമ്പ് കൈക്കൂലി കേസിൽ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥയാണ് ഇവരെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കുട്ടിയെ പല ദിവസങ്ങളിലായി പൊലീസ് സ്റ്റേഷൻ, സി.ഡബ്ല്യു.സി ഓഫീസ്, മജിസ്‌ട്രേറ്റ് കോടതി, ആശുപത്രി എന്നിവിടങ്ങളിലേക്ക് തുടർച്ചയായി കൊണ്ടുപോവുകയും വീട്ടിലെത്തി മൊഴിയെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ പൊലീസ് പ്രകോപിതരാവുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം ഗുരുഗ്രാം പൊലീസ് കമീഷണറും അന്വേഷണ ഉദ്യോഗസ്ഥനും ബുധനാഴ്ച കേസിന്‍റെ എല്ലാ രേഖകളുമായി കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റിൽ നിന്ന് വിശദീകരണം തേടാൻ ഗുരുഗ്രാം സെഷൻസ് കോടതിയോടും നിർദേശിച്ചു. ഇത് മുദ്രവെച്ച കവറിൽ നൽകുകയും വേണം. അതേ സമയം ഹരിയാന പൊലീസ് സേനയിൽ എത്ര വനിതാ പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് വ്യക്തമാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കൂടാതെ അന്വേഷണം സി.ബി.ഐയ്ക്കോ എസ്.ഐ.ടിക്കോ കൈമാറണമെന്നും അറിയിച്ചു. മാർച്ച് 25ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ പൊലീസിന്റെ വിശദീകരണം പരിശോധിച്ച ശേഷം അന്വേഷണം സ്വതന്ത്ര ഏജൻസിക്ക് കൈമാറുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും.

ഗുരുഗ്രാമിൽ നാലുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ഹരിയാന പൊലീസിനും മജിസ്‌ട്രേറ്റിനും സുപ്രീം കോടതിയുടെ രൂക്ഷവിമർശനം
M
MadhyamamSource Link
about 2 months ago