കേരളത്തിലെ ദലിതരെയും ദലിത് സംഘടനകളെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യവുമായി കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ ഐക്യ സന്ദേശയാത്രയെക്കുറിച്ച് അൽപംകൂടി എഴുതുന്നു. കൂടാതെ, ഗുരുവായൂർ ക്ഷേത്രത്തിലെ അയിത്താചരണത്തിനെതിരെ ദലിത് ഐക്യസമിതി നടത്തിയ മാനവ ഏകതായാത്രയെക്കുറിച്ചും വിവരിക്കുന്നു. ദലിത് ഐക്യസന്ദേശയാത്ര തൃശൂരിലെത്തിയപ്പോൾ ജാഥാംഗമായ എം. പവിത്രൻ വടക്കൻ ജില്ലകളിൽ മൈക്ക് സാങ്ഷൻ എടുക്കുന്നതിനായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ജാഥയുടെ മുന്നൊരുക്കമെന്ന നിലയിൽ ഇളംദേശം ജോസ് ആയിരുന്നു കാസർകോട് അടക്കം തെക്കൻ ജില്ലകളിൽ മൈക്ക് സാങ്ഷൻ എടുത്തത്. വൈക്കം തലയോലപ്പറമ്പിലുള്ള വീട്ടിലെത്തിയതിനുശേഷം അടുത്തദിവസമായിരുന്നു പവിത്രന്റെ തിരുവനന്തപുരം യാത്ര. അവിടെനിന്നും തീവണ്ടിയിലുള്ള മടക്കയാത്ര പവിത്രന് ഒരു ദുരന്തമായി മാറി. കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും തീരാ ദുഃഖവും. കോട്ടയത്ത് റെയിൽവേ സ്റ്റേഷനിൽ െട്രയിനിൽനിന്നിറങ്ങാൻ ശ്രമിക്കവേ കാൽവഴുതി ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട പവിത്രൻ അത്ഭുതകരമായി രക്ഷപ്പെട്ടുവെങ്കിലും ഇടതുകൈ നഷ്ടപ്പെട്ടു. ജാഥ കൊടുങ്ങല്ലൂരിൽ എത്തുമ്പോൾ ഞെട്ടലോടെ കേൾക്കേണ്ടിവന്ന ഒരു വാർത്ത. എറണാകുളത്തുനിന്നും, മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന ഭഗത്താണ് വിവരമറിയിച്ചത്. എറണാകുളത്ത് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ പവിത്രന്റെ കുടുംബാംഗങ്ങളോടൊപ്പം ഭഗത്തുമുണ്ടായിരുന്നു. മാനസികമായ വൈഷമ്യങ്ങൾ ഇടക്ക് നേരിടുന്ന ഒരാൾ എന്നനിലയിൽ സംഘടനാ പ്രവർത്തനങ്ങളുടെ സങ്കീർണതകളിലേക്കും പ്രതിസന്ധികളിലേക്കും ഒന്നും പവിത്രനെ അടുപ്പിക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നുവെങ്കിലും വിലക്കു കൽപിക്കുകയോ അകറ്റിനിർത്തുകയോ ചെയ്തിരുന്നില്ല. സാമൂഹികപ്രവർത്തനം ജീവിതത്തിന്റെ ഭാഗമായി കണ്ട അപൂർവം ചില ദലിത് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു പവിത്രൻ. ഓഫിസ് സൂപ്രണ്ട് ആയിരുന്നു അപ്പോൾ പവിത്രൻ. ദലിത് ഐക്യശ്രമത്തിന് കുഞ്ഞേട്ടനും രവിയുമുണ്ടാകും. പവിത്രനും വിജയനുകൂടിയുണ്ടെങ്കിൽ നമുക്ക് തുടങ്ങാം എന്നുപറഞ്ഞപ്പോൾ മുന്നിട്ടിറങ്ങിയ ആൾ. സന്ദേശയാത്രയിൽ പങ്കെടുക്കുക എന്നത് പവിത്രന്റെ ഒരാഗ്രഹമായിരുന്നു. അതിനായി നീണ്ടൊരു ലീവെടുത്തു. വീട്ടിൽനിന്നിറങ്ങുമ്പോൾ എന്നോട് ചോദിച്ചു ‘‘3000 രൂപയുണ്ട്, അതുപോരേ?’’ ‘‘ധാരാളമാണ്’’ -ഞാൻ പറഞ്ഞു. ഇത്രയും പണം കൈയിൽ െവച്ചുകൊണ്ട് മുമ്പൊരിക്കലും ജാഥയിൽ പോയിട്ടില്ല. ജാഥ കടന്നുപോരുന്ന വഴിയിൽ ആർ.ടി ഓഫിസിലെ ദലിത് ഉദ്യോഗസ്ഥരെയെല്ലാം കാണുകയെന്നത് പവിത്രന്റെ ഒരു പദ്ധതിയായിരുന്നു. എറണാകുളത്ത് ദലിത് ഐക്യസമ്മേളനം നടക്കുമ്പോഴും ഇത്തരമൊരു പ്രവർത്തനത്തിന് പവിത്രൻ മുൻ കൈയെടുത്തു. ദലിത് ഉദ്യോഗസ്ഥരുടെ മനോഭാവമറിയാനാണെന്ന് ഇടക്ക് പറയും. നിസഹകരിക്കുകയും അൽപത്തം കാട്ടുകയും ചെയ്തവരുമായി ഉടക്കി. ചിലർക്കുമുന്നിൽ പൊട്ടിത്തെറിച്ചു, സമുദായ കൂറില്ലാത്തവർ എന്ന് അവരെ കുറ്റപ്പെടുത്തി. കാസർകോടുനിന്ന് സന്ദേശയാത്ര ഉദ്ഘാടനം ചെയ്തതിന് പിന്നാലെ, ആരെയും പിടിച്ചുനിർത്തുന്ന തന്റെ സ്വതഃസിദ്ധമായ സ്വരത്തിലും ശൈലിയിലും കാര്യമാത്ര പ്രസക്തമായി അനൗൺസ്മെന്റ് നടത്തിക്കൊണ്ട് ജാഥയെ മുന്നോട്ടുകൊണ്ടുപോയ ആൾ. തന്റെ അനൗൺസ്മെന്റിനിടയിൽ വയനാട്ടിലെ ‘കനവ്’ പുറത്തിറക്കിയ ൈട്രബൽ പശ്ചാത്തലമുള്ള ‘വയനാട് വയനാട്’ എന്ന് തുടങ്ങിയ ഗാനത്തിന്റെയും മറ്റ് ഗാനങ്ങളുടെയും ഹരത്തിലായിരുന്നു പവിത്രൻ. കുഞ്ഞേട്ടനും രവിയും പിരിവിന് പോകുമ്പോൾ നോട്ടീസും ബുള്ളറ്റിനും വിതരണം നടത്തി വിശദീകരണ യോഗങ്ങളിൽ എന്റെ സമീപത്തുനിന്നു. പേരാവൂരിൽ കേളപ്പന്റെ വീട്ടിൽനിന്ന് ജാഥ പുറപ്പെടുന്നൊരു പ്രഭാതത്തിൽ, മുറ്റത്ത് കൂട്ടിയിട്ടിരുന്ന തേങ്ങയിൽ രണ്ടുമൂന്നെണ്ണം വാനിലേക്ക് പെറുക്കിയിട്ടപ്പോൾ ഞാൻ നീരസം കാണിച്ചുകൊണ്ട് ‘അങ്ങനെയെങ്കിൽ തിന്നെണ്ടന്ന’ മട്ടിൽ തിരിച്ചിട്ട കൈകൾ. അട്ടപ്പാടിയിൽനിന്ന് തിരിക്കുമ്പോൾ വനാന്തരത്തിലെ കാട്ടുചോലയിൽ ആഘോഷപൂർവം കുളിച്ച് തോർത്തിയ കൈകൾ. മണ്ണാർക്കാടുനിന്ന് തൃശൂരിലേക്ക് വരുമ്പോൾ റോഡിനരികിലെ ശ്രദ്ധേയമായ സ്ഥലങ്ങളിൽ, വൻ വൃക്ഷങ്ങളുടെ മതിലുകളിൽ പോസ്റ്ററുകൾ ഒട്ടിച്ച് വിലസിയ കൈകൾ. പിന്നീട് പവിത്രൻ കൈക്കുഞ്ഞുമായി ജീവിതത്തെ നേരിടുമ്പോൾ ബുദ്ധിമുട്ടുന്നത് കാണേണ്ടിവന്നു. പരസഹായമില്ലാതെ ജീവിക്കാനാവാത്ത അവസ്ഥയിലേക്കുള്ള ഒരു യൗവനത്തിന്റെ പ്രവേശനം. സമൂഹത്തിനുവേണ്ടിയുള്ള സഞ്ചാരത്തിലായിരുന്നു ദുരന്തമെന്നത്, സന്ദേശയാത്ര ഇല്ലായിരുന്നുവെങ്കിൽ എന്ന് തോന്നിപ്പിച്ചു. ഗുരുവായൂർ യാത്രയും ദലിത് പിന്നാക്ക മുന്നണിയും മനുസ്മൃതി കത്തിച്ചും പുത്രകാമേഷ്ടിയാഗം മുടക്കാനെത്തിയും അധഃസ്ഥിത നവോത്ഥാന മുന്നണി നടത്തിയ പ്രത്യയശാസ്ത്ര ഇടപെടലുകളുടെ തുടർച്ചയിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നിലനിൽക്കുന്ന അയിത്താചരണത്തിനെതിരെ ദലിത് ഐക്യസമിതി 2000 ഒക്ടോബർ 25, 26, 27, 28 തീയതികളിൽ മാനവ ഏകതായാത്ര നടത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിലെ അയിത്താചരണത്തിനെതിരെ, ദൈവസന്നിധിയിൽ മനുഷ്യസമത്വം നിഷേധിക്കുന്ന ‘അഹിന്ദുക്കൾക്ക്’ പ്രവേശനമില്ല തീണ്ടൽപ്പലക എടുത്തുമാറ്റാൻ മാനവ ഏകതായാത്ര; അഥവാ മുഴുവൻ മനുഷ്യർക്കും ക്ഷേത്രപ്രവേശനം... ഇതായിരുന്നു യാത്രയുടെ സന്ദേശം. ദൈവത്തെ തേടിയുള്ള ഒരു യാത്രയായിരുന്നില്ല ഇത്. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ മതത്തിന്റെയും പിന്നിൽ ഓരോ ദൈവങ്ങൾ പ്രവർത്തിക്കുമ്പോൾ മനുഷ്യർ നേരിടുന്ന ദുരന്തങ്ങൾ തിരിച്ചറിയാത്തവരായിരുന്നു യാത്രയിൽ പങ്കെടുത്തത്. അവരിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. വിശ്വാസികളും അവിശ്വാസികളും ഉണ്ടായിരുന്നു. എന്നാൽ തന്റെ വിശ്വാസം മാത്രമാണ് ശരിയെന്ന് കരുതുന്ന ആരുമുണ്ടായിരുന്നില്ല. മതാതീതമായി മനുഷ്യസമത്വം കൽപിക്കുന്ന ഒരു ദൈവശാസ്ത്ര സമീപനത്തിൽനിന്നായിരുന്നു ഈ യാത്ര. മാനവികതയുടെയും സഹിഷ്ണുതയുടെയും ദലിത് മൂല്യാവിഷ്കാരമായിരുന്നു ഈ സമീപനം. അയിത്തം നിരോധിക്കപ്പെട്ടിട്ട് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും കേരളംപോലൊരു സമൂഹത്തിൽ കോൺഗ്രസിന്റെ ദേശീയ നേതാക്കളിൽ ഒരാളായ വയലാർ രവിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുവായൂർ ക്ഷേത്രത്തിൽ ആചരണം നടന്നുവെന്നത് നവോത്ഥാനാനന്തര കേരളത്തിലെ ഏറ്റവും ലജ്ജാകരമായ അനുഭവങ്ങളിലൊന്നായിരുന്നു. മാറാല തുടച്ചുമാറ്റുന്ന ലാഘവത്തോടെ, ഒരു പ്രഖ്യാപനത്തിലൂടെ ഇല്ലാതാകുന്നതായിരുന്നില്ല അയിത്തം. അതിന്റെ അതിരുകളില്ലാത്ത പ്രകടനാത്മകതയാണ് ഇല്ലാതാക്കപ്പെട്ടത്. ഒതുക്കത്തിലുള്ള പ്രായോഗിക തലങ്ങൾക്ക് കോട്ടം തട്ടിയില്ല. കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കുമെല്ലാം പടർന്നുനിൽക്കുന്ന വേരുകളുണ്ടായിരുന്നു അതിന്. പെരുവഴികളും ക്ഷേത്രങ്ങളും പൊതുയിടങ്ങളും മാത്രമേ തുറക്കപ്പെട്ടിട്ടുള്ളൂ. കുടുംബങ്ങൾപോലെതന്നെ ഓരോ വ്യക്തിയുടെയും ഹൃദയവാതിൽ അയിത്തംകൊണ്ട് അടഞ്ഞതായിരുന്നു. സ്വജാതികൾക്കുമാത്രം തുറക്കപ്പെടുകയും വിലക്കു ലംഘിക്കുന്നവരെ ബഹിഷ്കരിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ ഇവിടെ ആവർത്തിക്കപ്പെടുന്നു. അര നൂറ്റാണ്ട് കൊണ്ടല്ല, ഒന്നോ രണ്ടോ നൂറ്റാണ്ടുകൊണ്ടും തുടച്ചു വൃത്തിയാക്കാൻ കഴിയുന്ന അഴുക്കുകൾ ആയിരുന്നില്ല ഇത്. (ഇതര സംസ്കാരങ്ങളിൽനിന്ന് ഭിന്നമായി വിശ്വമാനവികതയുടെയും സാഹോദര്യത്തിന്റെയുമെല്ലാം ആർഷ സംസ്കൃതിയിൽ അർഥം തേടുമ്പോഴും അതിന്റെ ഔന്നത്യത്തെക്കുറിച്ച് വാചാലനാകുമ്പോഴും ഏകാത്മകതയുടെയും അദ്വൈതത്തിന്റെയും താത്ത്വികഭാവനയും ജാതിബന്ധങ്ങളുടെ പ്രാകൃതാവസ്ഥയുമായി ജീവിക്കുന്നവരാണ് കേരളീയർ. താത്ത്വികഭാവന ഇവർക്ക് എക്കാലവും അലങ്കാരം മാത്രമായിരുന്നു.) അയിത്തം ഭരണഘടനാപരമായി വിലക്കപ്പെട്ടുവെങ്കിലും പ്രത്യേക അവകാശ ങ്ങളുടെയും ആനുകൂല്യങ്ങളുടെയും തലത്തിൽ വൈദിക വിധിപ്രകാരം എന്നും കേരളത്തിൽ നിലനിൽക്കുന്ന ഒരു വസ്തുതയാണ്. ഗുരുവായൂർ സംഭവം വ്യക്തമാക്കിയത് സമ്പത്തും അധികാരങ്ങളും പദവികളും അയിത്താചരണത്തിന് തടസ്സമല്ല. വയലാർ രവിയുടെ മക്കളെന്നല്ല, രാഷ്ട്രപതി കെ.ആർ. നാരായണന്റെ മക്കൾതന്നെ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയാലും ഇതേ അനുഭവംതന്നെ ആവർത്തിക്കപ്പെടുമായിരുന്നു. ബ്രാഹ്മണരുടെ വിശേഷാധികാരങ്ങളും അവകാശങ്ങളും അംഗീകരിക്കുന്ന ഗുരുവായൂർ ക്ഷേത്ര നിയമങ്ങൾ പാലിക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളത് എന്നാണ് ഗുരുവായൂർ തന്ത്രി ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാട് പറഞ്ഞത്. അതിനർഥം ഗുരുവായൂരിൽ അയിത്താചരണം നടന്നുവെങ്കിൽ അതിന്റെ ഉത്തരവാദിത്തം തന്ത്രിക്കുമാത്രമല്ലായിരുന്നുവെന്നാണ്. 1978ൽ കേരള ഗവൺമെന്റ് ഉണ്ടാക്കിയ ഗുരുവായൂർ ദേവസ്വം ആക്ട് അയിത്തം നിലനിർത്തുന്നതിന് സഹായകമായ ഒന്നായിരുന്നു. ആക്ടിലെ 35ാം വകുപ്പ് (1) ഉം (2) ഉം ബ്രാഹ്മണ പുരോഹിതവർഗത്തിന് അയിത്തം ആചരിക്കുന്നതിനുള്ള അധികാരം നൽകുന്നതാണ്. ക്ഷേത്രപ്രവേശന സ്വാതന്ത്ര്യമല്ലാതെ മറ്റൊരാധികാരവും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഐക്യകേരളം അയിത്തജാതികൾക്ക് നൽകിയിരുന്നില്ല എന്നത് ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. ഇതിനർഥം ജാതിവെറിയുടെ പ്രജനന കേന്ദ്രങ്ങളാണ് ഇന്നും കേരളത്തിലെ ക്ഷേത്രങ്ങൾ എന്നാണ്. ഗുരുവായൂർ ദേവസ്വം ആക്ടിന്റെ അടിസ്ഥാനത്തിലാണ് നാനാജാതി മതസ്ഥർക്ക് ഭരണഘടനാപരമായി അംഗത്വം നൽകാവുന്ന എസ്.എൻ.ഡി.പി യോഗത്തിലെ അംഗങ്ങളായ വയലാർ രവിക്കും കുടുംബത്തിനുമെതിരെ അയിത്താചരണം നടന്നത്. യോഗത്തെ അപമാനിക്കുന്നതിനും ഈഴവരെ ഹിന്ദുത്വവത്കരിക്കുന്നതിനുമുള്ള സവർണ താൽപര്യങ്ങളായിരുന്നു ഇതിന്റെ പിന്നിലുള്ളത്. രവിയുടെ ഗുരുവായൂർ ഭക്തിയും ഹിന്ദു പ്രഖ്യാപനങ്ങൾക്കും എസ്.എൻ.ഡി.പി യോഗത്തിന്റെ പത്രികക്കുമൊന്നും അദ്ദേഹത്തെയും കുടുംബത്തെയും അയിത്താചരണത്തിൽനിന്ന് രക്ഷിക്കാനായില്ല. ഒരിക്കൽ ദലിതനായ കേന്ദ്രമന്ത്രി ജഗജീവൻ റാം ഉദ്ഘാടനം ചെയ്തൊരു ബ്രാഹ്മണ മുഖ്യമന്ത്രിയുടെ പ്രതിമ ഗംഗാജലത്തിൽ ശുദ്ധീകരിച്ച യു.പിയിലെ ജാതിഹിന്ദുക്കളെ പ്രതിരോധിക്കാൻ കഴിയാതിരുന്നതുപോലെ, വയലാർ രവിക്ക് മേഴ്സിയിൽ ജനിച്ച കുട്ടികൾക്ക് ഗുരുവായൂർ ക്ഷേത്രം അയിത്തം കൽപിച്ചപ്പോൾ ഒരീഴവന് ക്രിസ്ത്യാനി സ്ത്രീയിൽ ജനിച്ച കുട്ടികൾ ഏത് ജാതിയിൽ പെടുമെന്ന ചോദ്യമാണ് ജാതി കേരളം ഉന്നയിച്ചത്. ഇത്തരമൊരു ചോദ്യത്തിന് മുന്നിൽ നിസ്സംഗമായി നിൽക്കുമ്പോൾ ആൺ/പെൺ ജാതികളല്ലാതെ മറ്റു ജാതികളൊന്നും യാഥാർഥ്യമല്ലെന്ന നവോത്ഥാനകാല മനുഷ്യസങ്കൽപമാണ് തകിടം മറിക്കപ്പെടുന്നത്. വയലാർ രവിയെപ്പോലെ സ്വയം അപഹാസ്യനാകാൻ ഗുരുവായൂർ ക്ഷേത്രംപോലുള്ള ജീർണസങ്കേതങ്ങൾ തേടിയെത്തുന്നവരിലൂടെയല്ല കാലം മുന്നോട്ടുപോകുന്നത് എന്നതൊരു വസ്തുതയാണ്. അതിനുള്ളിൽ സ്വന്തം വാതിലുകൾ അടച്ചുപൂട്ടിയിരിക്കുന്നവർ ചരിത്രത്തിന്റെ അവശേഷിപ്പുകളാണ്, മാപ്പുസാക്ഷികളാണ്. എന്നാൽ, പൊതു രാഷ്ട്രീയമണ്ഡലം ഇത്തരം സന്ദർഭത്തിൽ നടത്തുന്ന നിസ്സംഗത ജാത്യാചാരങ്ങളോടുള്ള സമ്മതമാണ്. വയലാർ രവിയെപ്പോലുള്ള രാഷ്ട്രീയ നേതാവിനെതിരെ അയിത്തം ആവിഷ്കരിക്കപ്പെടുന്നത് കേരളത്തിലെന്നല്ല ഇന്ത്യക്കുതന്നെ അപമാനകരമാണ്. എന്നാൽ, അത് വിളിച്ചു പറയുവാനല്ലാതെ അതിനെതിരെ ചലിക്കുവാൻ രവിയെപ്പോലുള്ളവർക്ക് കഴിയുന്നില്ല; അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും. രാജ്യം ഭരിക്കുന്നവരുടെ മനോഭാവമാണിത്. ഒരിക്കൽ സാമൂഹിക ദുരാചാരങ്ങൾക്കെതിരെ പോരാട്ടം നടത്തിയവരുടെ പിന്മുറക്കാർ അതിന്റെ അവശേഷിപ്പുകളുടെ പങ്കുപറ്റുന്നവരും സംരക്ഷകരുമായി മാറിയിരിക്കുന്നുവെന്നാണ് ഇതിനർഥം. ഹിന്ദു ഐക്യവേദിയുടെയും ബി.ജെ.പിയുടെയും ചില നേതാക്കൾ ഹിന്ദു വിശ്വാസികളായ ആർക്കും ക്ഷേത്രകവാടം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനെന്ന കോൺഗ്രസ് നേതൃത്വം വിശേഷിപ്പിക്കുന്ന കെ. കരുണാകരന്റെ സാന്നിധ്യത്തിലായിരുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ വയലാർ രവിക്കും കുടുംബത്തിനുമെതിരെ അയിത്താചരണം നടന്നതെന്ന കാര്യം വിസ്മരിച്ചുകൂടാ. കരുണാകരനും കുടുംബത്തിനും വയലാർ രവിയുടെ കുടുംബത്തിനും രണ്ടുതരം ക്ഷേത്രനീതി. അയിത്തത്തിനെതിരെ നടന്ന ഗുരുവായൂർ സത്യഗ്രഹത്തിന് നേതൃത്വം കൊടുത്ത കെ. കേളപ്പന്റെയും എ.കെ. ഗോപാലന്റെയുമെല്ലാം പിന്മുറക്കാരായ ഇ.കെ. നായനാരും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാറും ഈ കാര്യത്തിൽ സ്വീകരിച്ച അർഥഗർഭമായ അലംഭാവവും ശ്രദ്ധേയമായിരുന്നു. ജാതീയതയുടെ ആന്തരിക പ്രവർത്തനങ്ങളാണിവ. മനുഷ്യാവകാശ ലംഘനം നടത്തിയ ഗുരുവായൂർ തന്ത്രിയെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് എസ്.എൻ.ഡി.പി യോഗം മാത്രമാണ് രംഗത്തുവന്നത്. വയലാർ രവി ഈഴവനായതുകൊണ്ടും എസ്.എൻ.ഡി.പി യോഗത്തിന്റെ വിവാഹപത്രിക ഗുരുവായൂർ ക്ഷേത്രാധികാരികൾ തിരസ്കരിച്ചതുകൊണ്ടും ഉണ്ടായ ആത്മഹിതമായിരുന്നു അതിനു കാരണം. ഏറെ പുകഴ്ത്തപ്പെടുന്ന കേരള മാതൃകയുടെ ജാത്യാധിഷ്ഠിതവും മനുഷ്യവിദ്വേഷപരവുമായ ഭീകരമുഖമാണ് ഗുരുവായൂർ സംഭവത്തിൽ അനാവരണം ചെയ്യപ്പെട്ടത്. ഒരു മനുഷ്യന്റെ മൂല്യം ഇന്നും കേരളത്തിൽ നിർണയിക്കുന്നത് അന്തിമവും യഥാർഥവുമായ അളവുകോൽ അവന്റെ ജന്മവും ജാതിയുമാണെന്ന വസ്തുതയാണ് ഇവിടെ വെളിപ്പെടുന്നത്. ബ്രാഹ്മണർമാരും ഇന്ത്യയിലെ മനുഷ്യരുടെ അസ്ഥിയിലും മജ്ജയിലും കുത്തിനിറച്ചിരിക്കുന്ന േശ്രണീകൃതമായ അസമത്വസംവിധാനത്തിന്റെ പ്രതിഫലനമാണിത്. ഈ സംവിധാനത്തിൽ ഒരു വിഭാഗത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളിൽ മറ്റ് വിഭാഗങ്ങൾക്ക് താൽപര്യമില്ല. തങ്ങൾക്കു താഴെ ചവിട്ടിനിൽക്കാൻ ഇടമുള്ളിടത്തോളം മുകളിൽനിന്ന് കിട്ടുന്ന ചവിട്ടുകൾ ആസ്വാദ്യകരമായിത്തീരുന്നൊരു ദൂഷിതവൃത്തമാണിത്. അതുകൊണ്ടാണ് ഗുരുവായൂർ സംഭവത്തിന് ഈഴവരല്ലാതെ മറ്റാരും പ്രതികരിക്കാൻ തയാറാകാതിരുന്നത്. ദലിതരുടെ എതിർപ്പിന്റെ പ്രസക്തി ഇവിടെയാണ്. ജാതിവ്യവസ്ഥയുടെ സാമൂഹികവിരുദ്ധ സ്വഭാവത്തെ ദലിതർക്ക് എതിർക്കേണ്ടതുണ്ട്. ജാതി/മത ചിന്തകളെ സ്വയം വെടിഞ്ഞും അതിനതീതമായ മാനസിക സങ്കൽപങ്ങളിൽ ഊന്നിയും മാത്രമേ ദലിതർക്ക് മുന്നോട്ടുപോകാനാകൂ. വംശാതീതമായ മനുഷ്യസങ്കൽപത്തിലേക്ക് നീളുന്നൊരു പ്രക്രിയയാണിത്. അയിത്തത്തിനെതിരെ നടന്ന വൈക്കം സത്യഗ്രഹത്തിന്റെ ഓർമകൾ പുതുക്കി ഒക്ടോബർ 21ന് വൈക്കം ബോട്ടുജെട്ടി മൈതാനത്ത് സന്ദേശസത്യഗ്രഹവും പൊതുസമ്മേളനവും നടന്നു. മിശ്രഭോജനത്തിലൂടെയും മിശ്രവിവാഹത്തിലൂടെയും ജാതിഘടനയുടെ അടിത്തറ ഇളക്കാൻ ശ്രമിച്ച, പുലയനയ്യപ്പനെന്ന് ഈഴവരിൽ നിന്ദിക്കപ്പെട്ട, സഹോദരനയ്യപ്പന്റെ ജന്മനാടായ ചെറായിയിൽ, അദ്ദേഹത്തിന്റെ സ്മാരകത്തിൽനിന്നാണ് ഗുരുവായൂരിലേക്ക് യാത്ര ആരംഭിച്ചത്. ജാതിവിരുദ്ധ പോരാട്ടമുഖത്ത് കൊച്ചിയിൽ പ്രത്യക്ഷപ്പെട്ട പണ്ഡിറ്റ് കറുപ്പന്റെയും കെ.പി. വള്ളോന്റെയുമെല്ലാം ഓർമകളെ സ്പർശിച്ചുകൊണ്ട്. കാൽനടയാത്ര അമ്പതു പേരെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും നാൽപതോളം പേരെ എത്തിയിരുന്നുള്ളൂ. കടന്നുപോകുന്ന വഴികളിൽ ചിലർ യാത്രയുടെ ഭാഗമാകുകയും പിരിഞ്ഞുപോകുകയും ചെയ്തു. കൊടുങ്ങല്ലൂരിലും തളിക്കുളത്തും ഏങ്ങണ്ടിയൂരിലും യാത്രയുടെ സമാപനവും വിശ്രമവും. 28ന് ഉച്ചക്ക് ചാവക്കാട് എത്തുമ്പോൾ സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറോളം പേർ അവിടെ എത്തിച്ചേർന്നു. ഐക്യസമിതി ഏങ്ങണ്ടിയൂർ പഞ്ചായത്ത് കമ്മിറ്റി അവിടെ എത്തിയവർക്കെല്ലാം ഭക്ഷണം ഒരുക്കിയിരുന്നു. പി.വി. സജീവ്കുമാറിന്റെയും ചന്ദ്രൻ പി. തൃപ്പണത്തിന്റെയും നേതൃത്വത്തിലാണ് കൊടുങ്ങല്ലൂർ മുതലുള്ള യാത്രയുടെ ഒരുക്കങ്ങൾ നടന്നത്. കെ.കെ. രവി, കുഞ്ഞുപഴന്താറ്റിൽ, എം. പവിത്രൻ, എൻ.കെ. വിജയൻ, അഡ്വ. ടി.ഡി. എൽദോ, വി.ഡി. ജോസ്, കെ.എം. കുഞ്ഞുമോൻ, എം.കെ. രാജപ്പൻ, പി.ആർ. സുരേഷ് കുമാർ എന്നിവരായിരുന്നു യാത്രയുടെ മുൻനിരയിൽ. ഗാന്ധിത്തൊപ്പിയണിഞ്ഞ് എടയ്ക്കാട്ടുവയലിൽനിന്നെത്തിയ വി. രാമനും ഷാൾ അണിഞ്ഞ് കാട്ടിക്കുന്നിൽനിന്നെത്തിയ വി.കെ. പത്മനാഭനും ബാനറുമായി മുന്നിൽ നടന്നു. അവർക്കെല്ലാമിടയിൽ ഞാനും. യാത്രയിലുടനീളം ‘അയിത്താചരണത്തിനുള്ള ബ്രാഹ്മണാധികാരം നിരോധിക്കുമോ’ എന്ന ലഘുലേഖ വിതരണം നടത്തി. ക്ഷേത്രാങ്കണത്തിലെത്തിയ യാത്രയെ എതിരേറ്റത് അവിടെ കേന്ദ്രീകരിച്ചിരുന്ന ജാതി ഹിന്ദുക്കളുടെ ആേക്രാശങ്ങളായിരുന്നു. ഒരുതരം അക്രമാസക്തി. സംഘട്ടനത്തിന്റെ സാധ്യത നിലനിൽക്കെതന്നെ പൊലീസ് കുറ്റകരമായ അനാസ്ഥ കാണിച്ചു. സംഘർഷാത്മകമായ ഈ സാഹചര്യത്തെ ഐക്യസമിതി നേതൃത്വത്തിന്റെ പക്വതയാർന്ന സമീപനത്തിന് ഒഴിവാക്കാനായി. ആശയപരമായ ഏറ്റുമുട്ടലുകൾക്കെ പ്രസക്തിയുള്ളൂ. ക്ഷേത്രപരിസരത്തുനടന്ന യാത്രയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്തത് പവിത്രനായിരുന്നു. ഒറ്റകൈയുമായി പവിത്രനെത്തിയ ആദ്യത്തെ വേദി. അതൊരു തിരിച്ചുവരവായിരുന്നു. യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഞാൻ വിശദീകരിച്ചു. സമാനനിലപാടുകളുള്ള എസ്.എൻ.ഡി.പി ഉൾപ്പെടെയുള്ള സംഘടനകളുമായി സഹകരിച്ച് അയിത്താചരണത്തിനെതിരായ സമരം മുന്നോട്ടുകൊണ്ടുപോകുമെന്നത് ഈ യോഗങ്ങളിലെ പ്രഖ്യാപനമായിരുന്നു. 2000 ഒക്ടോബർ 29 ന് എറണാകുളത്ത് എസ്.എൻ.ഡി.പി വിളിച്ചുചേർത്ത ദലിത്-പിന്നാക്ക സമുദായ സംഘടനാ ഭാരവാഹികളുടെ യോഗത്തിൽ ദലിത് ഐക്യസമിതിയും ക്ഷണിക്കപ്പെട്ടിരുന്നു. ഒരു പിന്നാക്ക സംഘടനയിൽനിന്നുള്ള ആദ്യത്തെ അനുഭവം. 50ലേറെ സംഘടനകളിൽനിന്ന് 200ഓളം സംഘടനാ ഭാരവാഹികൾ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. ഡോ. എം.എ. കുട്ടപ്പൻ അധ്യക്ഷത വഹിച്ച യോഗം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഉദ്ഘാടനം ചെയ്തത്. കേരള ദലിത് ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് പി. രാമഭദ്രൻ, പട്ടികജാതി/വർഗ സംയുക്ത സമിതി പ്രസിഡന്റ് അഡ്വ. കെ.വി. കുമാരൻ, ദലിത് ഐക്യസമിതി കൺവീനറായ ഞാൻ, മുൻ എസ്.സി/എസ്.ടി വകുപ്പു മന്ത്രി ദാമോദരൻ കാളാശ്ശേരി, കേരള പുലയർ മഹാസഭാ വർക്കിങ് പ്രസിഡന്റ് കെ.ടി. ദാമോദരൻ, അഖിലേന്ത്യാ എസ്.സി/എസ്.ടി ഫെഡറേഷൻ സംസ്ഥാന ഘടകം പ്രസിഡന്റ് കെ. രാമൻകുട്ടി, സാംബവർ സൊസൈറ്റി രക്ഷാധികാരി സി. കുട്ടി എന്നിവരെല്ലാം യോഗത്തിൽ ആശംസയർപ്പിച്ചു. ദലിത്-പിന്നാക്ക ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാഷ്ട്രീയക്കാരുടെ കീഴിൽനിന്ന് ദലിത് പിന്നാക്ക വിഭാഗങ്ങളെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്. ശശിധരൻ, പി. ഗോപാലൻ, എ.കെ. ശങ്കുണ്ണി, ജെ. രഘു, കെ.കെ. അയ്യപ്പൻകുട്ടി, രമേശ് നന്മണ്ട, രാജപ്പൻ കല്ലറ, ഐ.കെ. രവീന്ദ്രനാഥ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ദലിത്-പിന്നാക്ക സമുദായങ്ങൾക്ക് അർഹമായ പ്രാതിനിധ്യം എല്ലാ ദേവസ്വം ബോർഡ് ഭരണസമിതികളിലും വേണമെന്നും ഗുരുവായൂർ പുണ്യാഹപ്രശ്നത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ഗുരുവായൂർ സംഭവം ഒരു റിട്ട. ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഒഴിവുവരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ദലിത് പ്രതിനിധിയെ നിയമിക്കണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. വിവിധ സംഘടനാ നേതാക്കളെ ഉൾപ്പെടുത്തി ഈ സമ്മേളനത്തിൽ െവച്ച് ദലിത്-പിന്നാക്ക മുന്നണി രൂപവത്കരിച്ചു. 11 അംഗങ്ങളുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ചെയർമാൻ വെള്ളാപ്പള്ളി നടേശനായിരുന്നു. ജനറൽ കൺവീനർ പി. രാമഭദ്രനും. അഡ്വ. സി.കെ. വിദ്യാസാഗർ (എസ്.എൻ.ഡി.പി), കെ. രാമൻകുട്ടി, കെ.ടി. ദാമോദരൻ, കെ.ടി. ശങ്കരൻ (കേരള പുലയൻ മഹാസഭ), സി. കുട്ടി, കെ. അംബുജാക്ഷൻ (കെ.ഡി.പി), പി.കെ. അശോകൻ (കേരള ചവളൂർ സൊസൈറ്റി), നെടുമുടി ഗംഗാധരൻ (കേരള ചേരമർ സംഘം) എന്നിവർ നിർവാഹകസമിതി അംഗങ്ങളായിരുന്നു. ഈ സമിതിയിൽ ഞാനുമുണ്ടായിരുന്നു. യോഗത്തിൽ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ നവംബർ 29ന് തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫിസിലേക്ക് മാർച്ച് പ്രഖ്യാപിച്ചു. അതിന്റെ മുന്നോടിയായി നവംബർ 16നകം ദലിത് പിന്നാക്ക മുന്നണിയുടെ ജില്ല ഘടകങ്ങൾ ഉണ്ടാക്കാനും തീരുമാനിച്ചു. വെള്ളാപ്പള്ളിയും വിദ്യാസാഗറും ഈഴവരെ പ്രതിനിധാനം ചെയ്തപ്പോൾ ദലിത് സമൂഹത്തെ പ്രതിനിധാനം ചെയ്യാൻ സംഘടനാ നേതാക്കളുടെ ഒരു നിരതന്നെ എത്തിയിരുന്നുവെന്നത് ഈ യോഗത്തിന്റെ പ്രത്യേകതയായിരുന്നു. പരസ്പരം ക്ഷണിക്കാത്തവർ, ക്ഷണിച്ചാൽ എത്താത്തവർ, എത്തിയാൽ കലഹിച്ചു പിരിയുന്നവർ -അവരെല്ലാം വെള്ളാപ്പള്ളിയുടെ വിളികേട്ട് അവിടെ ഓടിയെത്തി. ജാതിഘടനക്കുള്ളിലെ മനുഷ്യബന്ധങ്ങളുടെ അവസ്ഥയാണിത്. മുകളിൽനിന്നുള്ള വിളികേൾക്കാനാണ് ഓരോരുത്തരും കാതോർത്തിരിക്കുന്നത്. ആ കൂട്ടത്തിൽ ചില ദലിത് ൈക്രസ്തവ നേതാക്കളും ഉണ്ടായിരുന്നുവെന്നത് ദുഃഖകരമായിരുന്നു. കാരണം, ദലിത് പിന്നാക്ക മുന്നണിയിൽ അവർക്ക് പ്രാതിനിധ്യം നൽകിയില്ല. വെള്ളാപ്പള്ളിയെ പോലുള്ളവരുടെ ഹൈന്ദവ മനസ്സിന് സ്വീകാര്യരായിരുന്നില്ല അവർ. ഹിന്ദു പട്ടികജാതി സംഘടനാ നേതാക്കളും അവരുടെ സാന്നിധ്യം ഇഷ്ടപ്പെട്ടിരുന്നില്ല. സംഘടന രൂപവത്കരണ ചർച്ച നടക്കുമ്പോൾ ലീഡർ കറുപ്പന്റെ ഇഴഞ്ഞുനീങ്ങുന്ന സംഭാഷണത്തിനിടയിൽ മറ്റുചിലർ ഇടപെട്ടത് പവിത്രനെ അസ്വസ്ഥനാക്കി. ‘ഉള്ളാടനായതുകൊണ്ടാണോ’ എന്ന പവിത്രന്റെ ചോദ്യം സദസ്സിനെ നിശ്ശബ്ദമാക്കി. ജാതികൾക്കിടയിൽ ഒരു പ്രശ്നമുണ്ടായാൽ ശബ്ദമില്ലാത്തവരുടെ പക്ഷം പിടിക്കുകയെന്നത് പവിത്രന്റെ മനോഭാവമായിരുന്നു. ഇടകൊച്ചിക്കാരനായ പട്ടികജാതി നേതാവ് അഡ്വ. സത്യവാൻ ദലിത് പിന്നാക്ക മുന്നണിയുടെ പേര് മാറ്റണമെന്ന അഭിപ്രായക്കാരനായിരുന്നു. പിന്നാക്കം സ്വീകാര്യമായിരുന്നുവെങ്കിലും ദലിത് അദ്ദേഹത്തിന് സ്വീകാര്യമായില്ല. കേരളത്തിലെ പട്ടികജാതി സംഘടനകളുടെ പൊതുസ്ഥിതിയായിരുന്നു ഇത്. ഇത്തരക്കാർ മുന്നണിയുമായി അകലുന്നതാണ് പിന്നീട് കണ്ടത്. (തുടരും)

